2014, മാർച്ച് 25, ചൊവ്വാഴ്ച

                                                           




 നേരമേറെക്കഴിഞ്ഞിരിക്കണം ..., ആലസ്യത്തോടെ കണ്ണ് തുറന്ന് കടലിലേക്ക് നോക്കിയ ഞാൻ അത്ഭുതപരതന്ത്രനായിത്തീർന്നു ...! അവിശ്വസനീയതയോടെ ..; കണ്ണുകൾ തിരുമ്മിക്കൊണ്ട് ഒരു വട്ടം കൂടി ഞാൻ അങ്ങോട്ടേക്ക് നോക്കി ...!

             ''ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു ...!, പിതാക്കന്മാർ എന്നിൽ കനിഞ്ഞിരിക്കുന്നു ...''!

             ആ പായ്ക്കപ്പൽ അതിന്റെ പൂർണ്ണ രൂപത്തിൽ എനിക്കിപ്പോൾ ദൃഷ്ടിഗോചരങ്ങൾ ആണ്.., അതേ ..., അത് ഇങ്ങോട്ടേക്ക് തന്നെയാണ് വരുന്നത് ...!എന്റെ പ്രകടനങ്ങൾ അവരുടെ ശ്രദ്ധയെ  കവർന്നിരിക്കുന്നു ...!

                എന്റെ ക്ഷീണമെല്ലാം പമ്പകടന്നു .., ഒരു കാട്ടുകുതിരയുടെ കരുത്തോടെ .., ഞാൻ ആ തീരത്തിൽ അങ്ങോട്ടും .., ഇങ്ങോട്ടും ഓടി ...!, ഇതിനിടയിലും എന്തൊക്കയോ അവ്യക്തമായ ശബ്ദങ്ങൾ ആഹ്ളാദസൂചകങ്ങൾ ആയി എന്റെ കണ്ഠത്തിൽ നിന്നും ഉയരുന്നുണ്ടായിരുന്നു ..!

              ഈ ദ്വീപിൽ നിന്നും ഒരു മോചനത്തിനുള്ള രക്ഷാമാർഗ്ഗമാണ് .., ആ വരുന്നത് ..., എനിക്കിനി സീതയെ കണ്ടുപിടിക്കാം ...! ഒരു പക്ഷേ ..; ഈ പായ്ക്കപ്പൽ ലെസ്ബണ്‍ തുറമുഖത്തേക്ക് ആണെങ്കിൽ എന്റെ ദൌത്യം കൂടുതൽ എളുപ്പമുള്ളതായിത്തീരും ..!, അല്ലെങ്കിലും തനിക്കതൊരു വിഷയമല്ല .., വേറെ ഏതെങ്കിലും തുറമുഖത്ത് ഇറങ്ങി യാത്ര തുടരാവുന്നതെയുള്ളൂ..!, ഇവിടെ നിന്ന് രക്ഷപ്പെടുക എന്നതാണ് പ്രധാനം ...!

            അടുത്ത ഏതാനും നാഴികക്കുള്ളിൽ ഞാനീ തീരം വിടുകയാണ് ...!; ഞാൻ ആ ദ്വീപിനെ ഒന്ന് തിരിഞ്ഞു നോക്കി .., എങ്ങും പച്ചപ്പ്‌ നിറഞ്ഞ ഒരു തുരുത്ത് ..!, കുറച്ചു ദിവസങ്ങൾ ആണെങ്കിൽകൂടി തനിക്കൊരു അഭയ കേന്ദ്രമായിരുന്ന ഇടം .!

                  ഞാനാ തീരത്തു നിന്നും ഒരു പിടി പൂഴി വാരി എന്റെ നെഞ്ചോട്‌ ചേർത്തു ...!

                എനിക്കിപ്പോൾ വളരെ വ്യക്തമായിത്തന്നെ കാണുവാൻ കഴിയുന്നുണ്ട് ...!, വളരെ വലിയൊരു പായ്ക്കപ്പൽ തന്നെയാണത് ..! ആഹ്ളാദചിത്തനായി .., കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ..., ഞാനാ കപ്പലിലേക്ക് നോക്കി അലറി വിളിച്ചു കൊണ്ടിരുന്നു ..!

                    അത് ദ്വീപിനോട് വളരെയധികം അടുത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു .., അതിലുള്ളവരെയെല്ലാം എനിക്കപ്പോൾ വളരെ വ്യക്തമായി തന്നെ കാണാനാകുന്നുണ്ട് ....!, വെള്ളക്കാരേപ്പോലെ വസ്ത്രങ്ങൾ അണിഞ്ഞ .., ഏകദേശം എട്ടു പത്തോളം പേർ ..; ആ പായ്ക്കപ്പലിന്റെ അമരത്ത് നിന്നുകൊണ്ട് ഇങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുന്നു ...!

           അവരിലൊരാൾ ..; വളരെ നീട്ടത്തിലുള്ള ഒരു ഉപകരണത്തിൽ കൂടിയും ഇങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നു ..!, ഞാനല്ലാതെ മറ്റു വല്ലവരുടേയും സാന്നിദ്ധ്യം ..; ഇവിടെ ഉണ്ടായിരിക്കുമോ ...? എന്നതായിരിക്കും ഒരു പക്ഷേ  അവരുടെ സൂക്ഷ്മനിരീക്ഷണത്തിന് കാരണം എന്നെനിക്ക് സംശയം  തോന്നി ...!കാരണം കപ്പലുകൾ തട്ടിയെടുത്ത് കൊള്ളയടിക്കുന്നതിനു .., കടൽ കൊള്ളക്കാർ അവലംബിക്കുന്ന  ഒരു രീതി കൂടിയാണത് ...!

                  സഹായത്തിനായി അപേക്ഷിച്ച് ..; അടുത്തു വരുമ്പോൾ വളഞ്ഞു പിടിക്കുക .., അവരുടെ മുഴുവൻ ശ്രദ്ധാ കേന്ദ്രം  .., ഇപ്പോൾ ഞാനും ഈ ചുറ്റുപാടുകളും ആണെന്ന് എനിക്ക് മനസ്സിലായി  ..!

                 ആ ..; പായ്ക്കപ്പൽ ഇപ്പോൾ തീരത്തിന് ഏതാനും ദൂരെയായി നങ്കൂരമിട്ടിരിക്കുകയാണ് ..!ആഴം  കുറവായതിനാൽ അതിന് ഇങ്ങോട്ടേക്ക് അടുക്കുവാൻ കഴിയുകയില്ല ..! അടുത്ത ഏതാനും നിമിഷങ്ങൾക്കൊടുവിൽ  ഒരു ചെറിയ തോണി ആ കപ്പലിൽ നിന്നും താഴേക്ക് ഇറക്കുന്നു .., അതിൽ ആയുധദാരികളായ അഞ്ചു പേർ ഈ ദ്വീപിനെ ലക്ഷ്യമാക്കി തുഴഞ്ഞു വരുന്നു ...!

                അടക്കാനാകാത്ത ആഹ്ളാധത്തോടെ .., ആകാംക്ഷയോടെ ..., തീരത്ത്‌ മുട്ടുകുത്തി നിന്നുകൊണ്ട് ഞാനവരുടെ വരവിനായി കാത്തു ...!

                   നീട്ടിപ്പിടിച്ച തോക്കുകളുമായി അതിൽ നാലു പേർ എനിക്ക് നേരെ വരുന്നു .., അഞ്ചാമൻ തോണിയിൽ തന്നെ ഇരുന്നതേയുള്ളൂ ..!

                   എന്നെ നോക്കി അവർ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ടിരിക്കുന്നു .., എനിക്കൊന്നും മനസ്സിലാക്കുവാൻ കഴിയുന്നില്ല .., എങ്കിലും എനിക്കറിയാവുന്ന ഭാഷയിൽ ഞാൻ അവരോട് സഹായം അഭ്യർത്തിച്ചു  കൊണ്ടിരുന്നു  ..!, എങ്കിലും പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ആ  ഭാഷാ രണ്ടു കൂട്ടരേയും അജ്ഞാരാക്കിത്തീർത്തു ..!

              ഒരു ആക്രമണ ഭാവം ഞാൻ ആ മുഖങ്ങളിൽ വേർതിരിച്ചു കണ്ടു ..!, നിരാലംബനായ ഒരു മനുഷ്യനോടുള്ള ദയക്കു പകരം ..; ശത്രുവിനെ മുന്നിൽ കാണുന്നത് പോലെയുള്ള ഒരു തീക്ഷണതയായിരുന്നു ഞാൻ  അവിടെ കണ്ടത് ...!

                     ആ നാലു പേരിലൊരാൾ .., തോക്കിൻ കുഴൽ എന്റെ നെഞ്ചിൽ മുട്ടിച്ചു കൊണ്ട് ..; എന്തൊക്കയോ എന്നോട്  ആക്രോശിക്കുന്നു ..., മനസ്സിലാക്കാനാകാത്ത ഭാഷയിൽ ഞാൻ നിസ്സഹായനായിരുന്നു  ...!

                   എന്റെ നിശബ്ദത ..; അവർ ഏതു രീതിയിൽ മനസ്സിലാക്കിയിരിക്കും എന്നതിൽ ഞാൻ അജ്ഞനാണ് ..!, പക്ഷേ .. എന്റെ  ഈ പ്രാക്രത രൂപം .., എന്നേക്കുറിച്ച് ചില ധാരണകൾ ..; അവർക്ക് ലഭിക്കുവാൻ ഇടയാക്കിയിരിക്കണം ...!

                     അതിൽ രണ്ടു പേർ ചേർന്ന് എന്റെ ശരീരത്തിൽ സൂക്ഷ്മ പരിശോധന നടത്തുവാൻ തുടങ്ങികഴിഞ്ഞിരിക്കുന്നു ...., ഒരാൾ എന്റെ അരയിൽ .., തുകൽ വാറിൽ സൂക്ഷിച്ചിരിക്കുന്ന കഠാരയിൽ കൈവെച്ചതും  .., ഞാനാ കൈ ബലമായി പിടിച്ചെടുത്തതും ഒരേ നിമിഷത്തിലായിരുന്നു .., അതേ നിമിഷാർധത്തിൽതന്നെ മറ്റൊരുവന്റെ തോക്കിന്റെ പാത്തി ഒരു ശീൽക്കാരത്തോടെ  എന്റെ മുഖത്ത്  ആഞ്ഞു പതിച്ചത് മാത്രമേ എനിക്കോർമ്മയുള്ളൂ ...!

                   തലക്കു പിന്നിൽ കൈകൾകൊണ്ട് അമർത്തിപ്പിടിച്ച് .., ഒരു ആർത്തനാദത്തോടെ ഞാനാ പൂഴിയിലേക്ക്  മൂക്കുകുത്തി വീണു ...! 


അഭിപ്രായങ്ങളൊന്നുമില്ല: