2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

                                                                    1

       


നിളയുടെ തീരത്തെ  തണുത്ത മണൽപ്പരപ്പിൽ തല ചായ്ച്ചു കിടക്കുമ്പോൾ  മനസ്സിന് അനിർവചനീയമായൊരു സുഖം തോന്നുന്നു .

അലകളില്ലാതെ മന്ദം  മന്ദം ഒഴുകുന്ന നിളയെപ്പോലെത്തന്നെ എന്റെ മനസ്സും ശാന്തമാണെന്ന് എനിക്ക് തോന്നി .

ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ  ആ മണൽപ്പരപ്പിൽ നിന്നും  ഞാനൊരു പിടി പൂഴിവാരി മുകളിലേക്ക് എറിഞ്ഞു  അത് കാറ്റേറ്റ്  എന്റെ തലക്കു മുകളിലൂടെ  ശരീരത്തെ ആവരണമാക്കി താഴേക്ക് ഉതിർന്നു വീണു .

             നിഷ്ക്കളങ്കമായ കുസൃതിയോടെ   വീണ്ടും ഞാനൊരു പിടി മണൽ വാരിയെടുത്തു , ഒരു ബാലന്റെ കുസൃതി നിറഞ്ഞ ജിജ്ഞാസ ഭാവമായിരുന്നു എനിക്കപ്പോൾ  അല്ലെങ്കിലും അത് സത്യം തന്നെയാണല്ലോ  വാർദ്ധക്യം  ജീവിതത്തിലെ രണ്ടാമത്തെ ബാല്യം തന്നെയല്ലേ ?

            മുകളിലേക്ക് വീശിയെറിയാൻ വാരിയെടുത്ത ആ മണൽത്തരികൾ  എന്റെ കൈക്കുള്ളിലൂടെ ചൂഴ്ന്ന് താഴേക്ക് ഉതിർന്നു വീണു .

    ആ തണുത്ത മണൽത്തരികൾക്ക് ഒരുപാടൊരുപാട് വീരയോദ്ധാക്കളുടെ  രക്തം ചിന്തിയ കഥകൾ പറയുവാനുണ്ടെന്ന് എനിക്ക് തോന്നി ., തോന്നൽ മാത്രമല്ല  സത്യം തന്നെ ആയിരുന്നുവത് .

     നിളയുടെ തീരത്ത് നടന്നിരുന്ന മാമാങ്കങ്ങളും  യുദ്ധങ്ങളുംമൂലം ജീവത്യാഗം ചെയ്ത അനേകായിരം പടയാളികളുടെ കഥകൾ നെടുവീർപ്പുകളോടെ ആ മണൽത്തരികൾക്കുള്ളിൽ വീർപ്പുമുട്ടി കിടന്നിരുന്നു .

     കൊല്ലിനും കൊലക്കും അധികാരമുള്ള  രാജാക്കന്മാരുടേയും  നാടുവാഴികളുടേയും , പേരിനും പ്രശസ്തിക്കും വേണ്ടി  പാവപ്പെട്ട പടയാളികളുടെ ജീവൻ ബലിയർപ്പിച്ചുകൊണ്ടുള്ള അനാവശ്യ യുദ്ധങ്ങൾ . അങ്ങിനെ വീരചരമമടഞ്ഞ  എത്രയോ യോദ്ധാക്കളുടെ ആത്മാക്കൾ. ഈ നിളയുടെ തീരത്ത്‌ വീർപ്പുമുട്ടി കഴിയുന്നുണ്ടായിരിക്കും .?

                താനും എത്രയോ പടയോട്ടങ്ങൾ ഈ  നിളയുടെ തീരത്തിലൂടെ നയിച്ചിട്ടുണ്ട്, എന്റെ മുഷ്ട്ടികൾക്കുള്ളിൽക്കിടന്ന്  ആ മണൽത്തരികൾ ഞെരിഞ്ഞമർന്നു .

                     അവിടെ തിങ്ങിനിറഞ്ഞിരിക്കുന്ന ആത്മാക്കളുടെയെല്ലാം മോക്ഷത്തിനായി  ഞാനാ മണൽത്തരികൾ വിണ്ണിലേക്ക് വീശിയെറിഞ്ഞു .

                   പറന്നു പോകാൻ വിസമ്മതിച്ച്  എന്റെ കൈവെള്ളകൾക്കുള്ളിൽ പറ്റിചേർന്നിരിക്കുന്ന  ആ മണൽത്തരികളിലേക്ക്  ഞാനെന്റെ മുഖം പൂഴ്ത്തി .

              കാതുകൾക്കുള്ളിൽ വാൾത്തലപ്പുകളുടെ കർണ്ണകഠോര സ്വരങ്ങൾ  ഇരുമ്പും  ഇരുമ്പും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന  അഗ്നി സ്ഫുലിംഗങ്ങൾ എങ്ങും ആർത്തനാദങ്ങളും  അലർച്ചകളും രോദനങ്ങളും

                    കുതിരക്കുളംബടികളും  ആനകളുടെ ഉച്ചത്തിലുള്ള ചിന്നംവിളികളും  രണഭൂമിയെ കൂടുതൽ ഭയാനകമാക്കിത്തീർത്തു , ജീവനു വേണ്ടിയുള്ള വിലാപങ്ങൾ ,മുറിവേറ്റവരുടെ ദീനരോദനങ്ങൾ   അറ്റുപോയികിടക്കുന്ന കബന്ധങ്ങൾ . പരസ്പരം ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന  സൈനീകർ  മുറിവേറ്റവരുടേയും മൃതശരീരങ്ങളുടേയും  മുകളിൽ കൂടി   കയറിയിറങ്ങുന്ന രഥചക്രങ്ങൾ .

                     എങ്ങും കൊലവെറി പൂണ്ട ആക്രോശങ്ങൾ മാത്രം  ഇവിടെ മനുഷ്യനല്ല വില .., നാടുവാഴികളുടേയും  രാജാക്കന്മാരുടേയും  സാർത്വതാല്പര്യങ്ങൾക്കാണ്  മുൻ‌തൂക്കം

              നിളയിലെ ജലത്തിന് എങ്ങും ചുവപ്പുരാശി , ഓർമ്മകളുടെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടാനെന്നവണ്ണം  ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു  നിളയിൽ നിന്നും വീശിയ തണുത്ത കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്നു പോയി . യുദ്ധത്തിന്റെ കാഠിന്യമേറിയ ഓർമ്മകളാൽ  എന്റെ ശരീരം വിറകൊള്ളുന്നത്‌ ഞാനറിഞ്ഞു .