2014, ഏപ്രിൽ 22, ചൊവ്വാഴ്ച


                                                               






                   ഒരു ഞെട്ടലോടെ ഞാൻ  കൈകൾ പിൻവലിച്ചു ..!, കാതുകളിൽ തിരമാലകളുടെ നേർത്ത ശബ്ദം ..!, പതുക്കെ .., പതുക്കെ .., യാഥാർത്ഥ്യം എന്നിലേക്ക് തിരിച്ചിറങ്ങി .., എങ്കിലും അതുമായി സമരസപ്പെടുവാൻ മനസ്സ്  മടിക്കുന്നത് പോലെ ..!, 

                     കാരണം ആ സ്വപ്നം അത്രമേൽ മനസ്സിനെ സ്വാധീനിച്ചിരുന്നു  ..!

                 മിഴികൾ തുറന്ന് അല്പസമയം അതിൽ അങ്ങിനെ ലയിച്ചു കിടന്നു ..!, ലാസ്യ മനോഹരമായ ആ അനുഭൂതിയിൽ നിന്നും മുക്തി നേടി പുറത്തുവരാൻ  സമയം പിന്നേയും  ഏറെയിടുത്തു  ..!

                    എന്നാൽ ആ മനോഹാരിതയ്ക്ക് മുന്നിൽ ഒരു രോദനമായി സീതയുടെ കരച്ചിൽ ..!, അതെന്റെ സിരകളെ വീണ്ടും ചൂടു പിടിപ്പിച്ചു .., സടകുടഞ്ഞു എഴുന്നേറ്റ ഞാൻ ആ വീപ്പയിൽ ഇരുന്നുകൊണ്ട് തന്നെ ചുറ്റുപാടും ഒന്ന്  കണ്ണോടിച്ചു ..!

                     തിരകൾ ഏതുമില്ലാതെ ..,കടൽ വളരെ ശാന്തമാണ് ....!

                     അങ്ങിനെ പരന്നു കിടക്കുന്ന ആ സാഗരം എന്നെ ...;എന്റെ നിളയെ ഓർമ്മിപ്പിച്ചു .., നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നു .., അത് വീപ്പയേയും .., എന്നേയും വഹിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു ..!

                   തലക്കുമുകളിൽ ചില ശബ്ദങ്ങൾ കേട്ടാണ് ഞാൻ എത്തിനോക്കിയത് .., കടൽ കാക്കകൾ ചിലച്ചു കൊണ്ട് ആകാശത്ത്‌ വട്ടമിട്ട് പറന്നു കൊണ്ടിരിക്കുന്നു ..!, ആ കാഴ്ച്ച എന്നിൽ ആഹളാദവും .., ആശ്വാസവും നിറച്ചു .., കാരണം ഇവിടെ എവിടെയോ ഒരു തീരമുണ്ട് .., അതാണ്‌ ഈ പക്ഷികളുടെ സാന്നിദ്ധ്യം ...!

                   തീരത്തോട് അടുക്കുമ്പോഴാണ് .., കൂട്ടമായുള്ള കടൽ കാക്കകളുടെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത് എന്ന് എനിക്കറിയാമായിരുന്നു ..!, ഈ അനന്തമായി പരന്നു കിടക്കുന്ന സമുദ്രത്തിൽ നിന്ന് ഇനിയൊരു രക്ഷ ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല ...!

                        സ്ഥലമറിയാതെ ..., ദിക്കറിയാതെ ...., ഭക്ഷണവും .., ശുദ്ധജലവും ഇല്ലാതെ .., ഈ വീപ്പക്കുള്ളിൽ ഒടുങ്ങുവാനായിരിക്കും ...;,എന്റെ വിധി എന്നാണ് ഞാൻ നിനച്ചിരുന്നത്‌ .., എന്നാൽ പൂർവ്വീകരുടെ അനുഗ്രഹം എന്നെ ആ വിപത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു ..!

                   കണ്ണുകൾക്ക് മീതെ കൈകൾ വെച്ച് .., ഞാൻ ചുറ്റുപാടും ഗഹനമായി നിരീക്ഷിച്ചു ..!, എന്റെ ഊഹം തെറ്റിയല്ല .., അങ്ങകലെ പൊട്ടുപോലെ എന്തോ ഒന്ന് ..!

                അതെ .., അതൊരു കരതന്നെയായിരിക്കണം .., ഞാൻ ഊർജ്ജസ്വലനായി .., തലേന്ന് രാത്രി പെയ്ത മഴയിൽ കുറച്ചു വെള്ളം .., ആ വീപ്പയുടെ ചില ഭാഗങ്ങളിൽ തങ്ങിനിന്നിരുന്നു .., ഞാനത് ശ്രദ്ധാപൂർവ്വം കൈക്കുമ്പിളിൽ കോരിയെടുത്തു കുടിച്ചു ..!, ആ തെളിനീർ ഒരു ഊർജ്ജസ്രോതസ്സായി എന്റെ ശരീരം മുഴുവനും വ്യാപിച്ചു ..!

                    കൈവന്ന ശക്തിയിൽ .., പങ്കായം പോലെയുള്ള ആ വസ്തുവെടുത്തു .., ഞാനാ ബിന്ദു ലക്ഷ്യമാക്കി ആഞ്ഞു  തുഴഞ്ഞു .., കാറ്റ് കടലിൽ  നിന്ന് കരയിലേക്ക് വീശിക്കൊണ്ടിരിക്കുന്നു  ..., ഇപ്പോൾ വേലിയേറ്റം ആണെന്ന് തോന്നുന്നു  ..!

                   ആ കൊച്ചു വീപ്പ എന്നെയും വഹിച്ചു കൊണ്ട് .., തിരമാലകളെ കീറിമുറിച്ച് കരയെ ലക്ഷ്യമാക്കി  പാഞ്ഞു കൊണ്ടിരുന്നു .., കരയടുക്കും തോറും തിരകൾക്ക് ചെറുതായി ശക്തി കൂടുന്നുണ്ട്  അത് പലപ്പോഴും ആ കൊച്ചു വീപ്പയെ അമ്മാനമാടുന്നു ..!

                 അങ്ങകലെ നിന്ന് ഒരു പൊട്ടു പോലെ കണ്ട  ആ തീരം ..; ഇപ്പോൾ എന്റെ കണ്ണുകൾക്ക് വിരുന്നായി  ..; ഒരു പച്ചപ്പു നിറഞ്ഞ ദ്വീപായി രൂപ പരിണാമം പ്രാപിച്ചിരിക്കുന്നു ..!, എത്രയും പെട്ടെന്ന് അങ്ങോട്ട്‌  എത്തിച്ചേരുവാനുള്ള ആവേശത്താൽ .., ഞാൻ കൈമെയ് മറന്ന് തുഴയുകയാണ് .., പലപ്പോഴും കൈകൾ കുഴഞ്ഞു പോകുന്നു വെങ്കിലും .., അല്പം പോലും വിശ്രമിക്കാതെ ഞാൻ  ആ അശ്രാന്ത പരിശ്രമം തുടർന്നു കൊണ്ടേയിരുന്നു ..!

                 അതികഠിനമായ വിശപ്പും .., ദാഹവും എന്നെ അവശനാക്കിത്തീർത്തു .., സൂര്യൻ മറയുവാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു .., രാവിലെ തുടങ്ങിയ എന്റെ പ്രയത്നം ..; അപ്പോഴും അനുസ്യുതം  തുടർന്നുകൊണ്ടേയിരുന്നു ..!, സൂര്യസ്തമയത്തിനു ശേഷം ..; ചിലപ്പോൾ ഒരു പക്ഷേ...,വേലിയിറക്കമായിരിക്കും ..., അങ്ങിനെ സംഭവിച്ചാൽ ...? അതൊരു പക്ഷേ ...തിരമാലകൾ  എന്നേയും .., ഈ വീപ്പയേയും .., ഈ കടലിന്റെ ദിശ അറിയാനാകാത്ത മറ്റേതെങ്കിലും  ദിക്കിലേക്ക്  വലിച്ചു കൊണ്ട് പോകും എന്ന് എനിക്കുറപ്പായിരുന്നു ...!

                   സകല ഈശ്വരൻമാരേയും മനസ്സിലോർത്ത് ഞാൻ ആഞ്ഞു തുഴഞ്ഞു കൊണ്ടിരുന്നു  ...!

2014, ഏപ്രിൽ 16, ബുധനാഴ്‌ച

                                                         



        സൂര്യൻ ചക്രവാളസീമയിൽ മറഞ്ഞു കഴിഞ്ഞിരിക്കുന്നു .., അസ്തമയ സൂര്യൻ അവശേഷിപ്പിച്ചു പോയ പ്രഭയിൽ വാനമാകെ സ്വർണ്ണവർണ്ണം അണിഞ്ഞു നിൽക്കുന്നു ..., കൈയ്യും .., മെയ്യും കുഴഞ്ഞിട്ടും .., വീണ്ടും ശക്തിയായി തുഴയാൻ ആക്കമിട്ട ഞാൻ ..; ആ ആച്ചലിൽ വീപ്പയോടൊപ്പം തലകീഴായി മറയുകയും ..; കടലിലേക്ക് വീണുപോവുകയും ചെയ്തു ...!

                  പരാക്രമത്തോടെ വെള്ളത്തിൽ നിന്നും മുകളിലേക്ക് കുതിച്ചുയരുവാൻ ശ്രമിച്ച ഞാൻ അതിനുള്ള പരിശ്രമത്തിൽ പെട്ടെന്ന് അത്ഭുതപരതന്ത്രനായിപ്പോയി ..., കാരണം എന്റെ പാദങ്ങൾ ഭൂമിയിൽ സ്പർശിച്ചിരിക്കുന്നു .., ഏകദേശം എന്റെ നെഞ്ചൊപ്പം വെള്ളം മാത്രമേ  അവിടെ ഉണ്ടായിരുന്നുള്ളൂ ..!

                    തീരത്തിന്റെ ഇത്രയും അടുത്ത് ഞാനെത്തിയോ ..? എന്ന അത്ഭുതത്തോടെ ഞാൻ കരയിലേക്ക് നോക്കി ..!അത് അകലെ ഇരുട്ടിന്റെ കരിമ്പടം പുതച്ച ഭീമാകാരമായ ഒരു കോട്ട പോലെ  പരന്നു കിടക്കുന്നു .., ഇവിടെനിന്നും ഏകദേശം ഒന്നര മൈലുകൾ ദൂരം അവിടേക്ക് വരുമെന്ന് ഞാൻ കണക്കു കൂട്ടി ...!

                 ശരീരം ആകെ തളർന്നിരിക്കുന്നുവെങ്കിലും അത് വകവെക്കാതെ ..; കര അടുത്തു കണ്ട ആവേശത്തിൽ ഞാൻ ആ വീപ്പയും വലിച്ച് ആഞ്ഞു നടന്നു ..!, എത്രയും പെട്ടെന്ന് തന്നെ ജീവന്റെ ആ തുരുത്തിൽ എത്തിച്ചേരുവാനുള്ള ആസക്തിയിൽ ..; പലപ്പോഴും ഞാൻ ഓടാൻ ശ്രമിച്ചുവെങ്കിലും .., പാദങ്ങളെ നിലത്തുറപ്പിക്കുവാൻ സാധിക്കാത്ത രീതിയിൽ കുഴിഞ്ഞു പോകുന്ന മണൽത്തരികളും .., വെള്ളവും എന്നെ ആ ഉദ്യമത്തിൽ നിന്നും പിൻതിരിപ്പിച്ചു കൊണ്ടേയിരുന്നു ..,! എങ്കിലും അത് നടത്തത്തോട് കൂടിയുള്ള ഒരു ഓട്ടം തന്നെ ആയിരുന്നു ...!

                 തീരത്തോട് അടുക്കും തോറും വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നതിനാൽ എന്റെ നടത്തത്തിന് അല്ല ഓട്ടത്തിന് വേഗം കൂടിക്കൊണ്ടിരുന്നു ..!

               അവസാനം വിറയ്ക്കുന്ന കാലടികളോടെ ഞാനാ തീരഭൂമിയിലേക്ക് കുഴഞ്ഞു വീണു .. കമിഴ്ന്നു കിടന്നു കൊണ്ട് ഞാനാ മണൽത്തരികളെ ചുംബിച്ചു ..!, ആനന്ദാശ്രുക്കൾ എന്റെ കണ്ണുകളിൽ നിന്നും ധാരയായി പ്രവഹിച്ചു ...!

                  ഒരു പിടി മണൽ നെഞ്ചോടു ചേർത്ത് പിടിച്ച് .., ഈശ്വരൻമാരേയും .., പിതാക്കാൻമാരേയും .., സ്മരിച്ചുകൊണ്ട് ഞാൻ പിറുപിറുത്തു ...!

               '' നിങ്ങൾക്ക് .., നന്ദി .., ഇനിയൊരിക്കലും ഒരു തീരം തൊടുമെന്ന് .., ഞാൻ കരുതിയതല്ലാ ..!, ഈ സാഗരത്തിന്റെ അടിത്തട്ടിൽ അവസാനിക്കും എന്ന് കരുതിയിരുന്ന എന്റെ ജീവിതത്തെ ..; നിങ്ങളുടെ എല്ലാം അനുഗ്രഹത്തോടെ ..; ഇതാ .., ഈ .., ജീവന്റെ തീരത്ത്‌ എത്തി ചേർത്തിരിക്കുന്നു ..!, എന്റെ പ്രാണ പ്രിയയെ വീണ്ടെടുക്കുവാനുള്ള ഈ യാത്രയിൽ ..; ഇനിയും നിങ്ങളുടെ അനുഗ്രഹങ്ങൾ എനിക്ക് കരുത്തായിരിക്കട്ടെ ..!

                   കൈകൾ നിലത്തു കുത്തി ഞാൻ പതുക്കെ എഴുന്നേറ്റിരുന്നു ..!,ചന്ദ്ര പ്രഭ തീരത്ത്‌ നല്ലൊരു പ്രകാശവലയം തീർത്തിട്ടുണ്ടായിരുന്നു ...!, ഞാൻ ചുറ്റിലും ഒരു വിഹഗവീക്ഷണം നടത്തി  .., കടൽ തീരത്തോട് ചേർന്ന് ..; എങ്ങും നിരനിരയായി വളർന്നു നിൽക്കുന്ന മരങ്ങൾ .., ഒരു വശത്ത്‌  കടലിലേക്ക് ചാഞ്ഞു കിടക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങൾ ..!

                  ഞാൻ പ്രതീക്ഷയോടെ വീണ്ടും ചുറ്റിനും നോക്കി .., ഏതെങ്കിലും മുക്കുവ കുടിലുകളോ.., പ്രകാശമോ  കാണുന്നുണ്ടോയെന്ന് ...? , പക്ഷേ .., എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു .., ആ തരത്തിലുള്ള യാതൊന്നും  തന്നെ എനിക്കവിടെയെങ്ങും കാണുവാൻ കഴിഞ്ഞില്ല ..!

                  ഏതായാലും ഈ രാത്രിയിൽ ..; യാതൊരു പരിചയവും ഇല്ലാത്ത ഈ സ്ഥലത്ത്  ചുറ്റിത്തിരിയുന്നത് കൂടുതൽ അപകടമാണെന്ന് എനിക്കറിയാമായിരുന്നു ..!, ലോകത്തിന്റെ ഏത്  മൂലയിലാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നതെന്നോ ...? ഏതു തരത്തിലുള്ള ആളുകളാണ് ഇവിടെ ഉള്ളതെന്നോ  ..,?, അതല്ലാ ഇത് ആൾവാസമില്ലാത്ത ഏതെങ്കിലും ദ്വീപാണോ ..? കാട്ടുമൃഗങ്ങൾ  ഉണ്ടോ ..?, നരഭോജികൾ ഉണ്ടോ ..?എന്നൊന്നും അറിയാതെ ദ്വീപിനുള്ളിലേക്ക് കടക്കുന്നത്‌  ആപത്തിലേക്ക് തലവെച്ചുകൊടുക്കുന്നതിനു തുല്യമാണ് ..!, ആയതിനാൽ ഈ രാത്രി തീരത്തു തന്നെ ചിലവഴിക്കുന്നതായിരിക്കും ഉചിതം  എന്നെനിക്ക് തോന്നി ...!

                       എന്നെ വഹിച്ചുകൊണ്ടുവന്ന ആ വീപ്പയെ .., തീരത്തെ മണൽപ്പരപ്പിലേക്ക് കയറ്റിവെച്ച്  ..; കാല്പാദം കവിഞ്ഞു കിടക്കുന്ന വെള്ളത്തിലൂടെ ..; ഞാൻ അടുത്തുകണ്ട പാറക്കെട്ടിനെ  ലക്ഷ്യമാക്കി നടന്നു ...!

              കരയിലും വെള്ളത്തിലുമായി ചിതറിക്കിടക്കുന്ന ധാരാളം പാറക്കൂട്ടങ്ങൾ .., അല്പം വിസ്ത്രിതി  തോന്നിക്കുന്ന അതിലൊന്നിന്റെ മുകളിലേക്ക് ഞാൻ കയറി .., ഏകദേശം ഇരുപത്തിയഞ്ച്  .., മുപ്പത് അടിയിൽ പരന്നു കിടക്കുന്ന ഒന്നു് ...!.., ചുറ്റിലും കടൽ വെള്ളം .., കുറച്ചു സുരക്ഷിതമെന്ന്  തോന്നിയ ആ സ്ഥലത്ത് ഞാൻ നീണ്ടു നിവർന്നു കിടന്നു ..!

             വിശപ്പും .., ദാഹവുംമൂലം ക്ഷീണിതനായിരുന്ന ഞാൻ അതിവേഗം തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു ....!

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

                                               



                                                                            22

                 
                      കടൽപ്പക്ഷികളുടെ കലപില ശബ്ദമായിരുന്നു എന്നെ ഉണർത്തിയത് ..!, പതുക്കെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ .., വിശാലമായ സാഗരം ..., ഒരു നീല പളുങ്കു പാത്രം കണക്കെ ശാന്തമായി പരന്നു കിടക്കുന്നു ...!,ഉദയസൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് .., അതങ്ങനെ സ്ഫടികം പോലെ വെട്ടിത്തിളങ്ങുന്നു ..!

                      ഒരു വശത്ത്‌ കടലിലേക്ക് തള്ളി നിൽക്കുന്ന പാറക്കൂട്ടങ്ങൾ ....., അവയെ മടിയിൽ ഒളിപ്പിച്ച് കിടക്കുന്ന മലനിരകൾ ...!ഞാൻ പതുക്കെ ആ പാറക്കെട്ടിൽ നിന്നും ഇറങ്ങി തീരത്തെ ലക്ഷ്യമാക്കി നടന്നു ...!, പേരറിയാത്ത ..; വിവിധതരം മത്സ്യങ്ങൾ കടൽ വെള്ളത്തിൽ നിന്നും മുകളിലേക്ക് കുതിച്ചുയരുന്നത് എനിക്ക് കാണാമായിരുന്നു ...!

                         എവിടെയാണ് എത്തിചെർന്നിരിക്കുന്നത് എന്നറിയാതെ ഞാൻ കുഴഞ്ഞു ..!, ഞാൻ ചുറ്റിലും ഒരു വിഹഗ വീക്ഷണം നടത്തി ...എങ്ങും പച്ചപ്പ്‌ നിറഞ്ഞിരിക്കുന്ന മനോഹരമായൊരു ദ്വീപ് ..., പക്ഷേ .., ഒരു മനുഷ്യജീവിയെപ്പോലും  അവിടെ എങ്ങും തന്നെ കാണുവാൻ ഉണ്ടായിരുന്നില്ല ..!

                    വിശപ്പും .., ദാഹവും .., അതിരു കടന്നിരിക്കുന്നു ..?, എവിടെ നിന്നാണ് അല്പം ഭക്ഷണവും .., ദാഹശമനത്തിന് വെള്ളവും ലഭിക്കുക ..?,അപ്പോഴാണ്‌ ഞാനാ മനം കുളിർപ്പിക്കുന്ന കാഴ്ച്ച കണ്ടത് ..!

                        തീരത്തോട് ചേർന്ന് നിരനിരയായി വളർന്നു നിൽക്കുന്ന വൃക്ഷക്കൂട്ടങ്ങൾക്കിടയിലായി ധാരാളം തെങ്ങുകളും .., പേരമരങ്ങളും .., പിന്നെ ഞാൻ ആദ്യമായി കാണുന്ന ഫല വൃക്ഷങ്ങളും ..., ഇവയെല്ലാം തന്നെ കൈയെത്തിച്ചു പറിക്കാവുന്ന ഉയരത്തിലാണ് സ്ഥിതിചെയ്തിരുന്നത് ...!

                            അരയിൽ ..; തുകൽ ഉറയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കഠാര പുറത്തെടുത്തു .., ഏകദേശം എട്ടിഞ്ച് നീളത്തോടുകൂടിയുള്ള അതിന്റെ പിടി ഭാഗം മനോഹരമായ കൊത്തുപണികളോട് കൂടി കടഞ്ഞെടുത്തതായിരുന്നു ...!, രാജ്യത്തെ തസ്ക്കരശല്യം പൂർണ്ണമായും അമർച്ച ചെയ്തതിന് .., തിരുമനസ്സിന്റെ അപൂർവ്വ ശേഖരത്തിൽ നിന്നും ഉള്ള വളരെ വിലമതിക്കാനാകാത്ത ഒരു സമ്മാനമായിരുന്നൂവത് ....!

                          ചാഞ്ഞു നിൽക്കുന്ന ആ തെങ്ങിൽ നിന്നും രണ്ടു മൂന്നു ഇളനീരുകളും .., പേരമരങ്ങളിൽ നിന്ന് കുറച്ച് പേരക്കകളും .., പറിച്ചെടുത്തു കഴിച്ചപ്പോൾ .....; എന്റെ ശരീരമാകെ ഒരു പുത്തനുണർവ്വ് പ്രകടമായി ..., കഴിഞ്ഞ കുറച്ചു  ദിനങ്ങൾ ആയിരിക്കുന്നു .., എന്റെ ശരീരത്തിലേക്ക് ഖരരൂപത്തിലുള്ള ആഹാര സാധനങ്ങൾ എന്തെങ്കിലും തന്നെ ചെന്നിട്ട് ..!

                       തളർന്നു കഴിഞ്ഞിരുന്ന ശരീര കോശങ്ങൾക്ക് ..., ഒരു പുതു ശക്തിയാണ് ആ ആഹാര വസ്തുക്കൾ പ്രധാനം ചെയ്തത് ...!, വിശപ്പും .., ദാഹവും .., തീർന്ന് ക്ഷീണം പമ്പകടന്നപ്പോൾ..; ഞാനാ ദ്വീപിന്റെ ഉള്ളറയിലേക്ക് കടന്നു ചെല്ലുവാൻ തീരുമാനിച്ചു ....!

                ;ഇത് ഏതാണ് സ്ഥലം ..?, എവിടെയാണ് ഞാൻ എത്തിപ്പെട്ടിരിക്കുന്നത് ...?.., എന്ന എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുവാൻ .., എനിക്ക് ഒരു മനുഷ്യജീവിയേയെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു ..അതേ  സമയം തന്നെ മറ്റൊരു ഭയവും എന്നെ ഗ്രസിച്ചിരുന്നു ...., നരഭോജികളായ  കാട്ടുജാതിക്കാർ താമസിക്കുന്ന ചില ദ്വീപുകളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ടായിരുന്നു.., അങ്ങിനെ വല്ല ദ്വീപിലുമാണോ .., ഞാൻ എത്തിപ്പെട്ടിരിക്കുന്നത് ..; എന്നൊരു സംശയവും എന്റെ മനസ്സിൽ അങ്കുരിച്ചു ....!

                        എന്തായാലും തന്നെ ഭയന്ന് .., വെറുതെ സമയം പാഴാക്കിക്കളയുന്നതിൽ യാതൊരു തരത്തിലുള്ള അർത്ഥവുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു ..!, എന്റെ പരമമായ ലക്ഷ്യം സീതയെ കണ്ടുപിടിക്കുക എന്നതാണ് ...., അതിനുവേണ്ടി ഏതു പ്രതിബന്ധങ്ങളേയും ...ഭീക്ഷിണികളേയും .., തടസ്സങ്ങളേയും  നേരിടാൻ ഞാൻ സജ്ജമാണ് .., സജ്ജമായെ തീരൂ ...!

                    എന്തുവന്നാലും ദ്വീപിന്റെ ഉള്ളിലേക്ക് കടക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു ..!, ഒരു കൈയ്യിൽ കഠാരയും .., മറുകൈയ്യിൽ നീട്ടമേറിയ ഒരു മരവടിയും ആയി ഞാൻ ദ്വീപിനുള്ളിലെക്ക് കടന്നു  ..!, ഏതു നിമിഷവും പ്രയോഗിക്കുവാൻ പാകത്തിൽ ഇത് രണ്ടും എന്റെ കൈയ്യിൽ സുസജ്ജമായിരുന്നു  ....!

                      ഒരു സൈനീകനു ഏറ്റവും അവശ്യം വേണ്ട ഘടകങ്ങൾ ആയ ആറാം ഇന്ദ്രീയവും .., സൂക്ഷ്മമായ  കണ്ണുകളും കാതുകളും  ഒരേ സമയം എന്നിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു .. ശ്രദ്ധാപൂർവ്വം നീങ്ങുമ്പോൾ ..; ചെറിയ .., ചെറിയ ശബ്ദങ്ങൾ പോലും എന്നെ ജാഗരൂഗനാക്കിത്തീർത്തു ..!

                             അകത്തേക്ക് കടക്കും തോറും അതൊരു സമതല പ്രദേശം കണക്കെ തോന്നിച്ചു..!, ഏകദേശം ഒരു അഞ്ചു നാഴികയോളം നടന്നു ഞാനൊരു കിഴുക്കാം തൂക്കായ മലയടിവാരത്തിൽ എത്തിച്ചേർന്നു ...!, ഇതിനിടയിൽ ഒരു മനുഷ്യജീവിയെപ്പോലും എനിക്ക് അവിടെയെങ്ങും കാണുവാൻ കഴിഞ്ഞില്ല  ..., ജനവാസമുള്ളതിന്റെതായ യാതൊരു വിധ ലക്ഷണങ്ങളും അവിടെയെങ്ങും ഇല്ലായിരുന്നു  ...!

                      എന്തിന് ഒരു മൃഗത്തെപ്പോലും എനിക്കെങ്ങും കാണുവാൻ കഴിഞ്ഞില്ല .., ആകെക്കൂടി നീലനിറത്തിലുള്ള  കുറെ ചെറിയ പക്ഷികൾ .., അവയാണെങ്കിൽ ചിലച്ചുകൊണ്ട് .., കൂട്ടത്തോടെ മരങ്ങൾക്കിടയിലൂടെ തലങ്ങും .., വിലങ്ങും പറന്നുകൊണ്ടിരിക്കുന്നു ..; ഒരിടത്തും തന്നെ അവ അടങ്ങിയിരിക്കുന്നതെയില്ല ..!

                   പതിയെ പതിയെ .., എന്നെ ചുഴിഞ്ഞു നിന്നിരുന്ന ഭയം അകന്നു മാറിത്തുടങ്ങി .., കഠാര ഞാൻ എന്റെ അരയിൽ  ബന്ധിച്ചിരുന്ന തുകൽ പട്ടയിൽ നിക്ഷേപിച്ചു .., എങ്കിലും ഏതു സമയത്തും എടുത്തു പ്രയോഗിക്കുവാൻ  പാകത്തിനായിരുന്നൂവത് ..!

2014, ഏപ്രിൽ 9, ബുധനാഴ്‌ച

                                                               


                                                                          23

                     നേരം ഏറെ ചെല്ലുംതോറും .., , മനസ്സിനുള്ളിൽ  നിരാശ മൂടുവാൻ ആരംഭിച്ചു കഴിഞ്ഞു .., ആരും തന്നെ സഹായിക്കാനില്ലാതെ ..; ആൾത്താമസമില്ലാത്ത ഈ ദ്വീപിൽ നിന്നും എങ്ങിനെ രക്ഷപ്പെടാൻ കഴിയും .., എന്നതായിരുന്നൂ എന്റെ ചിന്ത ...!

                 സഞ്ചാര യോഗ്യമല്ലാത്ത സമുദ്രപാതയായിരിക്കും ഇതിനു ചുറ്റും ഉണ്ടായിരിക്കുക .., !, ലോകത്തിന്റെ ഏത് ഭാഗത്താണ് എത്തിപ്പെട്ടിരിക്കുന്നത് .., എന്ന് പോലും എനിക്ക്  തിരിച്ചറിയുവാൻ സാധിക്കുന്നില്ല ..!, കൈവശമുണ്ടായിരുന്ന വടക്കുനോക്കി യന്ത്രവും ഭൂപടവും എല്ലാം തന്നെ കപ്പലിനോടൊപ്പം .., കടലിന്റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടിരിക്കുന്നു ...!

                ആൾത്താമാസമില്ലാത്ത ദ്വീപായതുകൊണ്ടും .., സഞ്ചാരയോഗ്യമല്ലാത്ത സമുദ്രപാതയായതിനാലും .., കപ്പലുകൾ ഒന്നുംതന്നെ ഈ ഭാഗത്തേക്ക് വരുവാനുള്ള സാധ്യതയില്ല ...!

                    കപ്പലില്ലാതെ തനിക്കെങ്ങനെ .., ഈ ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും...? എങ്ങിനെ സീതയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുവാൻ കഴിയും ..? ചുറ്റും ജലത്താൽ ചുറ്റപ്പെട്ട .., ലോകത്തിൽ നിന്നും ഒറ്റപ്പെട്ട .., ഏതോ ഒരു ദ്വീപിലാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നത് ...!

                 ഹതാശയനായിപ്പോയ ഒരു നിർഭാഗ്യവാനെപ്പൊലെ .., ഞാൻ അവിടെയുള്ള ഒരു വൃക്ഷചുവട്ടിൽ ചാരിയിരുന്നു .., നിരാശകൊണ്ട് ഞാൻ എന്റെ മുഖം കൈവള്ളയിലിട്ടു അമർത്തി തിരുമ്മിക്കൊണ്ടിരുന്നു ...!

                      എന്നാൽ ഏതാനും നിമിഷത്തേക്ക് മാത്രമേ ആ നിരാശാബോധം എന്നിൽ നിഴലിച്ചുള്ളൂ .., അടുത്ത നിമിഷത്തിൽ തന്നെ എന്നിലെ പടനായകൻ  സടകുടഞ്ഞ്‌ എഴുന്നേറ്റു ..!

                  ശൂന്യതയിൽ നിന്നും അവസരങ്ങൾ സൃഷ്ട്ടിക്കാൻ കഴിവുള്ളവർ ആയിരിക്കണം പടനായകർ  ..! പ്രതിസന്ധിഘട്ടങ്ങളിൽ ..; തളരാതെ പിടിച്ചു നിൽക്കുവാനുള്ള കരളൊറപ്പാണ് അവർക്കു  വേണ്ടത് ...!, ഒരു രാജ്യത്തെ കാവൽഭടൻമാരുടെ തലവനാണ് അയാൾ  .., രാജ്യത്തിന്റെ വിശ്വാസത്തെ  ..., സംരക്ഷിക്കേണ്ടവൻ  .., കാത്തുസൂക്ഷിക്കെണ്ടവൻ ..!,

                           തളർന്നു പോകുന്ന മനസ്സാന്നിദ്ധ്യമല്ല അവിടെ വേണ്ടത് ...!,എതിരിടാനുള്ള ചങ്കൊറപ്പാണ് മുന്നിൽ നിൽക്കേണ്ടത് ...!

            എതിർസാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുക ....!കഴുത്തൊപ്പം നിൽക്കുമ്പോഴും .., മനസ്സാന്നിദ്ധ്യം കൈവിടാതിരിക്കുക ..!                       

 എതിർപ്പുകളെ അവഗണിച്ച് വിജയംവരേയും പോരാടുവാനുള്ള മനസ്സ് ആണ് അവനു വേണ്ടത് ..!

                 അങ്ങിനെയുള്ള ഞാൻ .., എല്ലാം അവസാനിച്ചു എന്ന മട്ടിൽ ഇങ്ങനെ ചടഞ്ഞിരിക്കുകയോ ....? എങ്കിൽ പിന്നെ ഞാൻ ഇത്രയും നാൾ അനുഷ്ഠിക്കുന്ന  ...''പടനായകനെന്ന '' ഈ പദവിക്ക് എന്താണ് ഒരർത്ഥം ...?

                     കടിഞ്ഞാണ്‍ പൊട്ടിച്ച കുതിരയെപ്പോലെ ഞാൻ ചാടിയെഴുന്നേറ്റു ...!, അതേ നിമിഷത്തിൽ തന്നെ ഉയർന്ന ഒരു കഠോര ഗർജ്ജനം എന്നെ ഞെട്ടിച്ചു കളഞ്ഞു ..!

                        ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞ പോലെ ..,അത്രയും കിടിലമായൊരു കാഴ്ച്ച ആയിരുന്നൂവത് ....! എന്റെ നീക്കങ്ങളെ സശ്രദ്ധം  വീക്ഷിച്ചു  കൊണ്ട് .., മുന്നോട്ട് ചാടിവീഴാൻ തയ്യാറെടുത്തു  നിൽക്കുന്ന ഒരു കൂറ്റൻ പുള്ളിപ്പുലി ..! അതിന്റെ കണ്ണുകൾ സ്ഫടികം  പോലെ തിളങ്ങുന്നു ...!    

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

                                                             


 പിൻകാലുകൾ മടക്കി .., നിലത്തമർന്ന് ..., മുരണ്ടുകൊണ്ട്‌ .., ഏതു നിമിഷവും എന്റെ മേൽ ചാടിവീഴാൻ അത് തയ്യാറെടുത്ത് നിൽക്കുകയാണ് ...!, അതിന്റെ കൂർത്ത് നീണ്ട ദ്രംഷട്ടങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്നു ..!

                 ഞങ്ങളുടെ ദ്രിഷ്ട്ടികൾ പരസ്പരം കൊമ്പുകോർത്തു .., ഇരയുടെ മേൽ ചാടിവീഴാൻ തയ്യാറെടുക്കുന്ന ക്രൂരമായ വന്യഭാവം എനിക്കാ   കണ്ണുകളിൽ ദർശിക്കാൻ കഴിഞ്ഞു  ...!

                 എന്റെ ചെറിയൊരു ചലനം മാത്രം മതി അതെന്റെ മേൽ ചാടിവീഴാൻ എന്നെനിക്ക് ഉറപ്പായിരുന്നു ...!, ആദ്യത്തെ ഞെട്ടലിൽ നിന്നും മോചിതനായ ഞാൻ പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു ..!, തിരിഞ്ഞോടാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ് ..., വേഗത്തിൽ എനിക്കൊരിക്കലും അതിനെ തോൽപ്പിക്കാനാകില്ല ...!

                  ഇവിടെ അതിനെ ഭയപ്പെടുത്തി ഓടിക്കുകയെ നിവ്രത്തിയുള്ളൂ ...!, പക്ഷേ ..., അത് ഭയക്കുന്നില്ലെങ്കിൽ ...? ക്രൂരമായ ഒരു തീക്ഷ്ണതയോടെ അത് നിന്ന് മുരണ്ടു കൊണ്ടിരിക്കുകയാണ് ..!

                  അതിന്റെ ആക്രമണഭാവം എന്നെയും ഭ്രാന്തു പിടിപ്പിച്ചു ..!, ഒരു തരം മാനസീക വിഭ്രാന്തി  എന്നിൽ വന്നു നിറഞ്ഞു തുടങ്ങി ..!, ചാടി വീഴാൻ തയ്യാറെടുത്തു നിൽക്കുന്ന ..; ആ പുള്ളിപ്പുലിയെ അരിഞ്ഞു വീഴ്ത്തുവാനുള്ള ആവേശം എനിക്കുണ്ടായി ...!

                   ആ ക്രൂരമ്രഗത്തിന്റെ കണ്ണുകളിൽ നിന്നും ഇമ വെട്ടാതെ നിന്നുകൊണ്ട് തന്നെ ..; എന്റെ വലതു കൈ പതുക്കെ അരപ്പട്ടയിൽ ഉറപ്പിച്ചിരിക്കുന്ന കഠാരയിലേക്ക് നീണ്ടു ...!

                 അതിന്റെ പിടിയിൽ എന്റെ കൈത്തലം അമർന്ന അതേ .., നിമിഷത്തിൽ തന്നെ ...; വന്യമായൊരു മുരൾച്ചയോടെ .., ആ പുള്ളിപ്പുലി എന്റെ നേർക്ക് ഉയർന്നു ചാടി ..., ആ നിമിഷാർദ്ധത്തിൽ തന്നെ ..; ഒരു ആക്രോശത്തോടെ ഞാനും  അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങി ..!

               വടക്കൻ മലബാറിന്റെ തനതു കളരി ശൈലിയിൽ ..., അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളിപ്പുലിയുടെ അതേ ലംബദിശയിൽ ..; അതിനു നേർ കീഴെ ..; മലർന്നു പൊങ്ങിക്കൊണ്ട് ..; ഒരു ശീൽക്കാരത്തോടെ എന്റെ വലതു കാല്പ്പാദം .., ആ പുള്ളിപ്പുലിയുടെ അടിവയറ്റിൽ ആഞ്ഞു പതിച്ചു ..!

                   ലക്ഷ്യം തെറ്റിയ അത് ഒരു മോങ്ങലോടെ താഴേക്കു മലർന്നു വീണു ..!, അന്തരീക്ഷത്തിൽ ഒരു ആവർത്തി മലക്കം മറിഞ്ഞു ...; ശരീരഭാരം ശരിയായ രീതിയിൽ ക്രമീകരിച്ച്...., ഊരിപ്പിടിച്ച കഠാരയുമായി നിലത്തമർന്ന എനിക്ക് നേരെ .., ;പിന്നീട് ഒരു ആക്രമണത്തിനു മുതിരാതെ ..; ഭയപ്പാടോടെ എന്നെ ഒന്ന് നോക്കി അത് എങ്ങോട്ടോ ഓടിപ്പോയി..!

                 വലിയൊരു ഭീതി എന്റെ ഉള്ളിൽ നിറയ്ക്കുന്നതിനു .., ഈ സംഭവം കാരണമായി .....!

                           ഈ ദ്വീപിൽ ക്രൂരമൃഗങ്ങൾ .., ഒന്നും തന്നെ ഇല്ല എന്ന എന്റെ  വിശ്വാസത്തിന് ഏറ്റ ..., ഏറ്റവും വലിയ ഒരു പ്രഹരമായിരുന്നു അത് ...!

                    സമയം ഏതാണ്ട് മദ്ധ്യാഹനമായിരിക്കുന്നു  .., ഇനിയും വൈകിയാൽ  ..; ഞാനിവിടെ അകപ്പെട്ടു പോകും  എന്ന് എനിക്ക് ഉറപ്പായിരുന്നു .., ആയതിനാൽ എത്രയും വേഗം തീരത്തേക്ക് മടങ്ങുകയാണ് ഉചിതം  ..!, കാരണം അവിടെ ക്രൂര മൃഗങ്ങളുടെ ആക്രമണത്തെ ഒരു പരിധി വരെ ഭയക്കാതെ കഴിക്കാം  ..!

                    ഈ ഒരു സംഭവത്തിനുശേഷം..., ചുറ്റുപാടുകളിലുള്ള ..., എന്റെ ജാഗ്രത പതിൻമടങ്ങ്‌ വർദ്ധിച്ചു ...!

2014, ഏപ്രിൽ 2, ബുധനാഴ്‌ച

                                                             


                                                                            24


                                      അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി ...!, ദിക്കറിയാതെ .., സ്ഥലമറിയാതെ .., ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഞാൻ കിടന്നു ...! ഏഴു രാവും പകലും കഴിഞ്ഞിരിക്കുന്നു ഞാൻ ഈ ദ്വീപിൽ അകപ്പെട്ടിട്ട് ..!

                               ഈ ദിവസങ്ങൾക്കുള്ളിൽ ദ്വീപിന്റെ പല ഭാഗങ്ങളും ഞാൻ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു ..!, സദാ ജാഗരൂഗതയോടെ ഇരിക്കുന്ന എനിക്ക് ....., പക്ഷേ .., ആ ഒരു സംഭവത്തിനു ശേഷം ക്രൂരമൃഗങ്ങളുടെ മറ്റൊരു തരത്തിലുള്ള ആക്രമണവും നേരിടേണ്ടി വന്നിട്ടില്ല ..!

                       കടലിൽ നിന്ന് മീനുകളെ പിടിച്ചും ..., കായ്കനികൾ ഭക്ഷിച്ചും ഞാൻ ദിനരാത്രങ്ങൾ തള്ളി നീക്കി ..!, എങ്ങിനെയെങ്കിലും ഈ ദ്വീപിൽ നിന്ന് പുറത്തു കടക്കുവാൻ ഞാൻ ഉത്ക്കടമായി ആഗ്രഹിച്ചു ...,!, ഓരോ ദിനവും വൈകും തോറും സീത എന്നിൽ നിന്നും കൂടുതൽ ..., കൂടുതൽ അകലങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി ...!

                        പക്ഷേ ...., നാലുവശവും വെള്ളത്താൽ വലയം ചെയ്യപ്പെട്ട..., ആൾത്താമസമില്ലാത്ത ഈ ദ്വീപിൽ നിന്നും എനിക്കൊരു രക്ഷാമാർഗ്ഗം അപ്രാപ്യമായിരുന്നു .., എങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല ...! ഏതെങ്കിലും ഒരു കപ്പൽ .., ഒരു വഞ്ചി .., ആ വിശ്വാസം വിദൂരമല്ലെന്ന് ഞാൻ കരുതി ...!

                    ദ്വീപിന്റെ തെക്കു ഭാഗത്തായി സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന ..; കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ ഒരു പ്രദേശമായിരുന്നു ..!, അവിടെ നിന്ന് നോക്കിയാൽ സമുദ്രത്തിന്റെ വിശാലമായ ഭാഗം മുഴുവൻ തന്നേയും .., യാതൊരു വിധ തടസ്സങ്ങളും കൂടാതെ കാണാനാകും ..!, വളരെ ദൂരെ ക്കൂടി ഏതെങ്കിലും തരത്തിലുള്ള പായ്ക്കപ്പലുകളോ .., മറ്റോ സഞ്ചരിച്ചാൽതന്നെ എനിക്കവയെ ഇവിടെ നിന്നും  കാണുവാൻ സാധിക്കും ..!

                   ഏതെങ്കിലും ഒരു  രക്ഷാമാർഗ്ഗം തുറന്നു കിട്ടുമെന്നുള്ള പ്രതീക്ഷയോടെ ..;  ദിവസത്തിലെ ഭൂരിഭാഗം സമയവും.., ഞാനാ മലയുടെ മുകളിൽ തന്നെ ചിലവഴിക്കും ..., സന്ധ്യ മയങ്ങുന്നതോടെ ഞാൻ തീരത്തേക്ക് മടങ്ങും ..!

                 അവിടെ രണ്ടു വൃഷങ്ങളിൽ ആയി കാട്ടു തടികൾ കൊണ്ട്  കെട്ടിപ്പൊക്കിയ ഏറുമാടത്തിൽ ആയിരുന്നു എന്റെ ഉറക്കം ..!, ഒരു പരിധിവരെ മറ്റൊന്നിനേയും ഭയക്കാതെ .., സുഖമായുറങ്ങാൻ ..; എനിക്കാ ഏറുമാടത്തിന്റെ സുരക്ഷിത്വംമൂലം കഴിഞ്ഞിരുന്നു ...!

                   രാത്രിയിൽ ചന്ദ്രശോഭയേറ്റ് തിളങ്ങി നിൽക്കുന്ന ..; അതിരുകളില്ലാതെ പരന്നു കിടക്കുന്ന ആ നീല സാഗരത്തിന്റെ തീരത്ത്‌ ..; വിണ്ണിലെ പ്രകാശം പൊഴിച്ചു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ ......!, എവിടേയോ ....? തന്റെ വരവിനായി പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ..; എന്റെ പ്രിയതമയുടെ സവിധത്തിലേക്ക് .., എന്റെ മനസ്സ് ഒഴുകിയെത്തും..! 

                     സീതയിപ്പോൾ എവിടെയായിരിക്കും ...? എന്തായിരിക്കും അവളുടെ അവസ്ഥ ..? അനുഭവിക്കുന്ന  പീഡനങ്ങൾ താങ്ങുവാൻ കരുത്തില്ലാതെ അവൾ കരഞ്ഞു കൊണ്ടിരിക്കുകയായിരിക്കും .., തനിക്ക് വന്നു ചേർന്ന നിസ്സഹായ അവസ്ഥയിൽ .., സ്വന്തം വിധിയെ പഴിക്കുകയായിരിക്കും ...!

                 രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയിൽ .., തന്റെ പ്രിയതമന്റെ വരവിനായി അവൾ ആത്മാർത്ഥതയോടെ പ്രാർഥിക്കുന്നുണ്ടാകാം ...!

                       ഹൃദയത്തിൽ  സൂചികൊണ്ട് ആരോ  കുത്തിയത് പോലെ ഞാനൊന്ന് പിടഞ്ഞു ..!

           എത്ര സന്തോഷത്തിൽ ഉള്ളതായിരുന്നു ഞങ്ങളുടെ ജീവിതം .., എപ്പോഴും കൊക്കുരുമ്മിയിരിക്കുന്ന  ഇണക്കുരുവികൾ ...!, അതിലോന്നിനെയാണ് കാട്ടാളൻ കൂട്ടിലടച്ച് വിദൂരദേശത്തേക്ക്  കൊണ്ട് പോയിരിക്കുന്നത് ...!

                   എല്ലാ ദുരന്തങ്ങളും കൊണ്ടായിരുന്നു അവന്റെ വരവ് ...!, വിദേശികളെ ആത്മാർത്ഥമായി വിശ്വസിക്കാൻ പാടില്ലായെന്ന്  അവൻ   വീണ്ടും തെളിയിച്ചു....!


                                                                             25 


                              പോർച്ചുഗീസ്കാരേയും .., ഡച്ച്കാരേയും ..., തുരത്തുന്നതിനു വേണ്ടി ..,നാട്ടു രാജാക്കൻമാരുമായി സന്ധികൂടിയും .., അവർക്ക് കൂടുതൽ വാഗ്ദാനങ്ങൾ നൽകിയും .., കള്ളം പറഞ്ഞ്  വിശ്വസിപ്പിച്ച് എതിരാളികളെ അടിച്ചമർത്തുന്നതിനായി അവരുടെ സഹായം ഉപയോഗിച്ച്  .., മറ്റുള്ളവരെ അടിച്ചമർത്തി .., അവസാനം ...; സഹായിച്ചവരേയും .., അടിച്ചമർത്തി ,..അവർ പതുക്കെ .., പതുക്കെ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച് എടുത്തുകൊണ്ടിരുന്നു  ..!, ചെറിയ .., ചെറിയ .., നാട്ടു രാജാക്കാൻമാരെല്ലാം അവർ വിരിച്ച വലയിൽ വീണു ...!

                 ഒരു പക്ഷേ .., അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ...!, തുച്ഛമായ സൈനീകശക്തിയും .., പരിമിതമായ അധികാരങ്ങളും കൈയാളുന്ന .., നാട്ടു രാജാക്കൻമാർക്ക് .., കൂടുതൽ അധികാരങ്ങളും ശക്തിയും  വാഗ്ദാനം ചെയ്ത് വിഡ്ഢികൾ ആക്കുകയായിരുന്നു വിദേശികൾ ചെയ്തു പോന്നിരുന്നത്...!

                          പൊള്ളയായ വാഗ്ദ്ധാനങ്ങളുടെ .., പ്രായോഗിഗതയേക്കുറിച്ച് .., ചിന്തിക്കാനുള്ള അറിവും .., കഴിവും അവർക്ക് ഉണ്ടായിരുന്നുവെങ്കിലും ...., അധികാര ദുർമോഹത്തിന്റെ സുഖലോലുപത  അവരെ അജ്ഞരാക്കിത്തീർത്തു ...!

                        ഭിന്നിപ്പിച്ച് ശക്തി ക്ഷയിപ്പിക്കുക .., എന്ന സൂത്രവാക്യം .., വിദേശികൾ ഇവിടെ ഫലപ്രദമായി പ്രയോഗിച്ചു ..!

                          ഒരു നാട്ടു രാജ്യത്തെ ആക്രമിക്കുവാനായി ..; മറ്റൊരുവന് സഹായം നൽകുക ..., അവനെ എതിരിടുവാനായി മൂന്നാമതൊരുവന്റെ  കൂടെ ചേരുക .., ഇതായിരുന്നു അവർ അനുവർത്തിച്ചിരുന്ന കുതന്ത്രം ...!

                      എന്നാൽ മലബാറും അനുബന്ധ പ്രദേശങ്ങളും എല്ലാം സാമൂതിരിയുടെ ശക്തമായ ഭരണത്തിൻ കീഴിലായിരുന്നു  .., ആ ഒരു ചിന്ത മനസ്സിലേക്ക് കടന്നു വന്നപ്പോൾ എനിക്കൊരു ആത്മാഭിമാനം തോന്നി ..!

                      കീഴടക്കപ്പെടുന്ന നാട്ടു രാജാക്കാൻമാരെ തങ്ങളുടെ കീഴിൽ കൊണ്ടുവരിക .., അവരിൽ നിന്ന് അമിതമായ കപ്പവും .., വസ്തുവകകളും ഈടാക്കി ..; അധികാരമില്ലാത്ത ഭരണകർത്താക്കളായി മാറ്റിക്കൊണ്ട്  ഭരിക്കുവാൻ വിടുക ..!, 

                      ഇതിനെതിരെ .., പലപ്പോഴും ഒറ്റപ്പെട്ട ചില വീരനായകൻമാരുടെ സിംഹഗർജ്ജനങ്ങൾ ഉയർന്നു വന്നുവെങ്കിലും ..., വിദഗ്ദ്ധമായി അവർ അതിനെയെല്ലാം അടിച്ചമർത്തി ....!

                       കപ്പലിൽ നിന്നും ഉയരുന്ന ഉച്ചത്തിലുള്ള ഒരു ചൂളം വിളിയാണ് എന്നെ ഉണർത്തിയത് .., കാതുകൂർപ്പിച്ചപ്പോൾ ആ സത്യം എനിക്ക് ബോധ്യമായി ..., അടക്കാനാകാത്ത ആവേശത്തോടെ ഞാൻ ചാടിയെഴുന്നേറ്റു ...!

                              കിഴുക്കാം തൂക്കായ ആ പാറക്കെട്ടിനു മുകളിലേക്ക് ഞാൻ പറന്നിറങ്ങുകയായിരുന്നു ...!, സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന അതിന്റെ ഉച്ചിയിൽ നിന്ന് കൊണ്ട് ഞാനത് കണ്ടു ...!

                  അങ്ങകലെ ചക്രവാളസീമയോട് ചേർന്ന് ..., പൊട്ടു പോലൊരു പായ്ക്കപ്പൽ .., അതിൽ നിന്നും അന്തരീക്ഷത്തിലേക്ക്  ഉയർന്നുനിൽക്കുന്ന എന്തോ ഒന്ന്  .., അതിന്റെ കൊടിമരമായിരിക്കണം അതെന്ന് ഞാൻ ഊഹിച്ചു  ..!

                        ഉച്ച വെയിലേറ്റു വെട്ടിത്തിളങ്ങി നിൽക്കുന്ന കടലിന്റെ അങ്ങേത്തലക്കൽ ..; സൂര്യബിംബത്തിനു മുന്നിലായി ഒരു നിഴൽ പോലെ കാണപ്പെട്ട ആ പായ്ക്കപ്പൽ .., പണ്ടെങ്ങോ കണ്ടു മറഞ്ഞ  .., ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രത്തെ എന്നിൽ അനുസ്മരിപ്പിച്ചു  ...!

                 പതുക്കെ .., പതുക്കെ .., അതിന്റെ പൂർണ്ണ രൂപം എന്റെ ദ്രിഷ്ട്ടികൾക്ക് ഗോചരങ്ങൾ ആയിത്തീർന്നു ...!

                 പക്ഷേ .., അത് അടുത്ത് വരുംതോറും .., അകന്ന് പോവുകയാണോ എന്നെനിക്ക് സംശയം തോന്നി  ..!, എന്റെ ഊഹം ശരി തന്നെ ആയിരുന്നൂവെന്ന് ...; ആ പായ്ക്കപ്പലിന്റെ പ്രയാണത്തിൽ നിന്നും  ...അതിന്റെ ലക്ഷ്യം ഈ ദ്വീപല്ല..! എന്നെനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു ...!

                 ദ്വീപിന്റെ സമാന്തരമായുള്ള യാത്രാ പഥത്തിലൂടെ അത് മറ്റേതോ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്  ..!

                   ആശയറ്റവനെപ്പോലെ ..; ആ കിഴുക്കാംതൂക്കായ പാറകെട്ടിൽ നിന്നും ഞാൻ അലറി വിളിച്ചു കൊണ്ടിരുന്നു ...!

                     ഉയർന്നു ചാടിക്കൊണ്ടും ..., കൈകൾ ഉയർത്തി വീശിക്കൊണ്ടും .., ഉച്ചത്തിൽ ഓരിയിട്ടു കൊണ്ടും  ..; ഞാൻ അവരുടെ ശ്രദ്ധയെ എന്നിലേക്ക് ആകർഷിക്കുവാൻ ശ്രമിച്ചു ...!, എന്നാൽ എന്റെ ശബ്ദവീചികൾക്ക് എത്തിചെരാവുന്നതിലും അപ്പുറത്തായിരുന്നു ആ പായ്ക്കപ്പലിന്റെ പ്രയാണം  ...!

               അവസാന പിടിവള്ളിയും നഷ്ട്ടപ്പെടുന്നവന്റെ .., ഉൽക്കടമായ ..; ഉൽക്കണ്ടയോടെ ..., വന്യമായ കരുത്തോടെ  ..., ഞാനാ പായ്ക്കപ്പൽ നോക്കി ഉറക്കെ .., ഉറക്കെ .., അലറി വിളിച്ചു കൊണ്ടിരുന്നു ...!

             ഭ്രാന്തു പിടിച്ചപോലുള്ള ഈ പരാക്രമങ്ങൾക്കിടയിൽ .., എന്റെ പിന്നിൽ .., എനിക്ക് നേരെ  നടന്നടുക്കുന്ന ആ കൊടിയ ആപത്ത് ..; ഞാൻ തിരിച്ചറിഞ്ഞില്ല ...!   

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

                                                                 


                                                                         26



                            അതി ശക്തമായൊരു താഡനം എന്നെ ദൂരേക്ക് തെറിപ്പിച്ചു കളഞ്ഞു .., അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ നിന്നും മുക്തനാകാൻ കഴിയാതെ രണ്ടു നിമിഷത്തോളം ഞാൻ തറയിൽ തന്നെ  കിടന്നു പോയി ...!, പതുക്കെ തലയുയർത്തി നോക്കിയ എനിക്കു മുന്നിൽ ആകാശത്തോളം ഉയരത്തിൽ ഭീമാകാരനായൊരു ആൾക്കരടി ...!

                   അത്രയും വലുപ്പമുള്ള ഒന്നിനെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു ...!, ഇരയുടെ നേർക്ക് .., വായ്‌ പിളർന്നു ..; മുരണ്ടുകൊണ്ട് .., മുന്നോട്ട് വരുന്ന അതിനെ കണ്ടപ്പോൾ എന്റെ കരളുറഞ്ഞു പോയി ..!

                      ഞാൻ കടലിലേക്ക് നോക്കി .., ആ പായ്ക്കപ്പൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു .., എന്റെ അവസാന ആശ്രയമാണത് ...!ഈ ദ്വീപിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ഏക മാർഗ്ഗം..!, പക്ഷേ ..., ഈ കരടി ...!

                     ജീവിതത്തിനും മരണത്തിനും  ഇടയിൽ അകപ്പെട്ട നിർഭാഗ്യവാനേപ്പോലെ .., ഞാൻ ഹതാശയനായിത്തീർന്നു ...!, എന്താണ്  ചെയ്യേണ്ടതെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല ..!

                      ഈ ക്രൂര മൃഗത്തോട് എതിരിട്ടു നിൽക്കുന്നത് ശുദ്ധ മടയത്തരമാകും ..!, ആ പായ്ക്കപ്പൽ ഈ തീരത്ത്‌ നിന്നും അകലുന്നതിനു മുൻപായി അവരുടെ ശ്രദ്ധ എന്നിലേക്ക് ആകർഷിക്കുകയും വേണം ..!

                      അനാവശ്യമായി ഈ ജന്തുവിനോട്‌ ഏറ്റുമുട്ടി സമയം കളയുന്നതിലും പ്രധാനം ..; ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുക എന്നുള്ളതാണ് ..!, തീരത്ത്‌ ഞാൻ ഭക്ഷണം പാചകം ചെയ്യുന്നതിനും .., ചൂട് കായുന്നതിനും വേണ്ടി തയ്യാറാക്കിയിട്ടുള്ള അഗ്നികുണ്ടം ഒന്ന് ആളിക്കത്തിക്കാനായാൽ ..; ഒരു പക്ഷേ .., ആ കപ്പലിൽ ഉള്ളവരുടെ ശ്രദ്ധയെ എന്നിലേക്ക് ആകർഷിക്കുവാൻ കഴിഞ്ഞേക്കും ...!

                    എന്നാൽ..., എനിക്ക് എങ്ങിനെയാണ്  ഈ ജന്തുവിന്റെ കണ്ണ് വെട്ടിച്ച് തീരത്ത്‌ എത്തിച്ചേരാൻ കഴിയുക ..?

                      എന്റെ മുന്നിൽ രണ്ടു മാർഗ്ഗങ്ങൾ ആണ് ഉള്ളത് ...!, ഒന്ന് ഏകദേശം നൂറ്റി അമ്പത്  അടിയോളം ഉയരമുള്ള .., കുഴുക്കാം തൂക്കായ ഈ പാറക്കെട്ടിൽ നിന്നും സമുദ്രത്തിലേക്ക് എടുത്തു ചാടുക ..!, ലക്ഷ്യമൊന്നു പിഴച്ചാൽ .., പാറക്കെട്ടുകളിലേക്കായിരിക്കും എന്റെ ശരീരം കൂപ്പു കുത്തുന്നത് ..!

                       മറ്റൊരു മാർഗ്ഗം .., എങ്ങിനെയെങ്കിലും ഈ മൃഗത്തിന്റെ കണ്ണു വെട്ടിച്ച് .., കാട്ടിൽ കൂടി തീരം  ലക്ഷ്യമാക്കി ഓടുക ..!എന്നാൽ എന്നേക്കാൾ കായിക ബലമുള്ള അതിന് .., എന്റെ വേഗത്തെ അതിജീവിക്കാവുന്നതേയുള്ളൂ ..! ഒരു പക്ഷേ .., ഒരൊറ്റ കുതിപ്പിനു തന്നെ .., അതിന് എന്റെ മേൽ  ചാടി വീഴാം  .., ഇനി കബളിപ്പിച്ചാൽ തന്നെ ..; ഞാൻ തീരത്തേക്ക് ഓടി എത്തുമ്പോഴേക്കും ആ കപ്പൽ ദ്രിക്ഷ്ട്ടി പഥത്തിൽ നിന്നും മറയുവാനുമുള്ള  സാദ്ധ്യതകൾ  ഏറെയാണ് ..!

                 ഏതുനിമിഷവും എന്റെ മേൽ ചാടിവീഴാൻ തയ്യാറെടുത്തുകൊണ്ട് .., ആ ഭീമാകാരമായ കരടി  നീങ്ങുന്നതിന് അനുസ്രതമായി ഞാൻ പതുക്കെ പതുക്കെ പിന്നിലേക്ക് ചുവടുകൾ വെച്ചു..! 

                  അവസാനം ഇനി പിന്നിലേക്ക് കാല്പാദം വെക്കാൻ ഇടമില്ലാതെ ..; ആ ചെങ്കുത്തായ പാറയുടെ മുകളിൽ കാലുകൾ ഉറപ്പിച്ച് ഞാൻ നിന്നു ..!

                 പിന്നിൽ അഗാധമായ താഴ്ച്ചയിൽ സമുദ്രം അലയടിക്കുന്നു .., മുന്നിൽ ഭീമാകാരനായ  ആ മൃഗം എന്റെ നേരെ  നടന്നടുക്കുന്നു ..!, അതിന്റെ ചലനത്തിൽ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെ ..; താഴേക്കുള്ള ദൂരവും .., തൽസ്ഥിതിയുമായി ഞാനൊരു താരതമ്യ പഠനം മനസ്സിൽ നടത്തി ..!, എന്റെ ചാട്ടം അല്പമൊന്നു പിഴച്ചാൽ ..,താഴെയുള്ള പാറക്കെട്ടുകളിൽ ഇടിച്ച് .., എന്റെ ശരീരം ഛിന്ന ഭിന്ന മായിത്തീരും  ..!

                     ഇര രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നുള്ള തിരിച്ചറിവോ .., അതോ മറ്റെന്തോ .., ഒരു മുരൾച്ചയോടെ  അതെന്റെ നേർക്ക് കുതിച്ചു ചാടി ..; അതെ നിമിഷാർദ്ധത്തിൽ തന്നെ അന്തരീക്ഷത്തിലൊരു മലക്കം മറിഞ്ഞ് ..., വലത്തു വശത്തേക്ക് ശരീരത്തെ അല്പമൊന്ന് വെട്ടിച്ച് ഞാൻ താഴേക്ക്  കൂപ്പുകുത്തി ..!

                 എനിക്ക് നേരെയുള്ള ചാട്ടം പിഴച്ച ആ ജന്തു ..; ഭൂമിക്കും അന്തരീക്ഷത്തിനും നടുവിൽ ഒരു നിമിഷം തങ്ങി നിന്നതിനു  ശേഷം ..; ഒരു മോങ്ങലോടെ  എന്റെ ലംബ ദിശയിൽ താഴേക്കു പതിച്ചു ..!

                     സമുദ്രത്തിന്റെ അഗാധതയിൽ നിന്നും കുതിച്ചുയർന്ന ..; ഞാൻ കണ്ടത് .., പാറക്കെട്ടുകൾക്കിടയിൽ വീണ് ശരീരം ഛിന്ന ഭിന്നമായിക്കിടക്കുന്ന ആ ജീവിയെയാണ് ..!

                 തല തിരിച്ച് .., ആ പായ്ക്കപ്പലിനെ നോക്കിയ ശേഷം .., ഞാൻ തീരം ലക്ഷ്യമാക്കി ആഞ്ഞു നീന്തി ..!, ഏതാനും നിമിഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ .., ചുള്ളിക്കമ്പുകളും.., കരിയിലകളും വാരിയിട്ട്  ഞാനാ കനലിനെ ഒരു അഗ്നികുണ്ടമാക്കിത്തീർത്തു ...!

                  ആകാശത്തോളം ഉയരുന്ന തീ ജ്വാലകൾക്ക് മുന്നിൽ നിന്ന് ഉന്മാദം ബാധിച്ചവനേപ്പോലെ  അലറിക്കൊണ്ട്‌ .., ഞാൻ നൃത്തം ചവിട്ടി ...! 

               അലർച്ചകൾക്കും .., ഓരിയിടലുകൾക്കും ഒടുവിൽ .., ഞാൻ ആ പായ്ക്കപ്പലിനെ നോക്കി .., എന്നാൽ അത് അപ്പോഴും അങ്ങകലെ തന്നെ ആയിരുന്നു ..!, എന്റെ പ്രയത്നങ്ങൾക്കും .., പരിശ്രമങ്ങൾക്കും .., അവരുടെ ശ്രദ്ധയെ ആകർഷിക്കുവാൻ കഴിഞ്ഞില്ലെന്ന് മനസ്സിലായപ്പോൾ .., അലറിക്കൊണ്ട് നിരാശയോടെ  ..; ഞാനാ മണലിലേക്ക് കമിഴ്ന്നു വീണു ..!

              എന്റെ ജീവിതം ഈ ദ്വീപിൽ കിടന്ന് അവസാനിക്കുകയേ ഉള്ളൂ എന്ന് എനിക്കുറപ്പായി.., അതിലും കൂടുതൽ എന്നെ അലട്ടിയ ചിന്ത  .., എന്റെ പ്രിയപ്പെട്ടവളുടെ അടുത്തേക്ക് എനിക്ക് എത്തിച്ചേരാൻ സാധിക്കില്ലല്ലോ എന്നതായിരുന്നു ...!

           പൂഴിയിൽ മുഖം അമർത്തി .., ഞാൻ വാവിട്ടു കരഞ്ഞു .., അതിനിടയിലും ഞാൻ സീതേ .., സീതേ .., എന്ന് ഉറക്കെ വിളിച്ചു കൊണ്ടിരുന്നു ...!

              ആ ക്ഷീണത്തിനൊടുവിൽ .., എപ്പോളോ ഞാൻ മയങ്ങിപ്പോയി ...!