2014, മാർച്ച് 25, ചൊവ്വാഴ്ച

                                                           




 നേരമേറെക്കഴിഞ്ഞിരിക്കണം ..., ആലസ്യത്തോടെ കണ്ണ് തുറന്ന് കടലിലേക്ക് നോക്കിയ ഞാൻ അത്ഭുതപരതന്ത്രനായിത്തീർന്നു ...! അവിശ്വസനീയതയോടെ ..; കണ്ണുകൾ തിരുമ്മിക്കൊണ്ട് ഒരു വട്ടം കൂടി ഞാൻ അങ്ങോട്ടേക്ക് നോക്കി ...!

             ''ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു ...!, പിതാക്കന്മാർ എന്നിൽ കനിഞ്ഞിരിക്കുന്നു ...''!

             ആ പായ്ക്കപ്പൽ അതിന്റെ പൂർണ്ണ രൂപത്തിൽ എനിക്കിപ്പോൾ ദൃഷ്ടിഗോചരങ്ങൾ ആണ്.., അതേ ..., അത് ഇങ്ങോട്ടേക്ക് തന്നെയാണ് വരുന്നത് ...!എന്റെ പ്രകടനങ്ങൾ അവരുടെ ശ്രദ്ധയെ  കവർന്നിരിക്കുന്നു ...!

                എന്റെ ക്ഷീണമെല്ലാം പമ്പകടന്നു .., ഒരു കാട്ടുകുതിരയുടെ കരുത്തോടെ .., ഞാൻ ആ തീരത്തിൽ അങ്ങോട്ടും .., ഇങ്ങോട്ടും ഓടി ...!, ഇതിനിടയിലും എന്തൊക്കയോ അവ്യക്തമായ ശബ്ദങ്ങൾ ആഹ്ളാദസൂചകങ്ങൾ ആയി എന്റെ കണ്ഠത്തിൽ നിന്നും ഉയരുന്നുണ്ടായിരുന്നു ..!

              ഈ ദ്വീപിൽ നിന്നും ഒരു മോചനത്തിനുള്ള രക്ഷാമാർഗ്ഗമാണ് .., ആ വരുന്നത് ..., എനിക്കിനി സീതയെ കണ്ടുപിടിക്കാം ...! ഒരു പക്ഷേ ..; ഈ പായ്ക്കപ്പൽ ലെസ്ബണ്‍ തുറമുഖത്തേക്ക് ആണെങ്കിൽ എന്റെ ദൌത്യം കൂടുതൽ എളുപ്പമുള്ളതായിത്തീരും ..!, അല്ലെങ്കിലും തനിക്കതൊരു വിഷയമല്ല .., വേറെ ഏതെങ്കിലും തുറമുഖത്ത് ഇറങ്ങി യാത്ര തുടരാവുന്നതെയുള്ളൂ..!, ഇവിടെ നിന്ന് രക്ഷപ്പെടുക എന്നതാണ് പ്രധാനം ...!

            അടുത്ത ഏതാനും നാഴികക്കുള്ളിൽ ഞാനീ തീരം വിടുകയാണ് ...!; ഞാൻ ആ ദ്വീപിനെ ഒന്ന് തിരിഞ്ഞു നോക്കി .., എങ്ങും പച്ചപ്പ്‌ നിറഞ്ഞ ഒരു തുരുത്ത് ..!, കുറച്ചു ദിവസങ്ങൾ ആണെങ്കിൽകൂടി തനിക്കൊരു അഭയ കേന്ദ്രമായിരുന്ന ഇടം .!

                  ഞാനാ തീരത്തു നിന്നും ഒരു പിടി പൂഴി വാരി എന്റെ നെഞ്ചോട്‌ ചേർത്തു ...!

                എനിക്കിപ്പോൾ വളരെ വ്യക്തമായിത്തന്നെ കാണുവാൻ കഴിയുന്നുണ്ട് ...!, വളരെ വലിയൊരു പായ്ക്കപ്പൽ തന്നെയാണത് ..! ആഹ്ളാദചിത്തനായി .., കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ..., ഞാനാ കപ്പലിലേക്ക് നോക്കി അലറി വിളിച്ചു കൊണ്ടിരുന്നു ..!

                    അത് ദ്വീപിനോട് വളരെയധികം അടുത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു .., അതിലുള്ളവരെയെല്ലാം എനിക്കപ്പോൾ വളരെ വ്യക്തമായി തന്നെ കാണാനാകുന്നുണ്ട് ....!, വെള്ളക്കാരേപ്പോലെ വസ്ത്രങ്ങൾ അണിഞ്ഞ .., ഏകദേശം എട്ടു പത്തോളം പേർ ..; ആ പായ്ക്കപ്പലിന്റെ അമരത്ത് നിന്നുകൊണ്ട് ഇങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുന്നു ...!

           അവരിലൊരാൾ ..; വളരെ നീട്ടത്തിലുള്ള ഒരു ഉപകരണത്തിൽ കൂടിയും ഇങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നു ..!, ഞാനല്ലാതെ മറ്റു വല്ലവരുടേയും സാന്നിദ്ധ്യം ..; ഇവിടെ ഉണ്ടായിരിക്കുമോ ...? എന്നതായിരിക്കും ഒരു പക്ഷേ  അവരുടെ സൂക്ഷ്മനിരീക്ഷണത്തിന് കാരണം എന്നെനിക്ക് സംശയം  തോന്നി ...!കാരണം കപ്പലുകൾ തട്ടിയെടുത്ത് കൊള്ളയടിക്കുന്നതിനു .., കടൽ കൊള്ളക്കാർ അവലംബിക്കുന്ന  ഒരു രീതി കൂടിയാണത് ...!

                  സഹായത്തിനായി അപേക്ഷിച്ച് ..; അടുത്തു വരുമ്പോൾ വളഞ്ഞു പിടിക്കുക .., അവരുടെ മുഴുവൻ ശ്രദ്ധാ കേന്ദ്രം  .., ഇപ്പോൾ ഞാനും ഈ ചുറ്റുപാടുകളും ആണെന്ന് എനിക്ക് മനസ്സിലായി  ..!

                 ആ ..; പായ്ക്കപ്പൽ ഇപ്പോൾ തീരത്തിന് ഏതാനും ദൂരെയായി നങ്കൂരമിട്ടിരിക്കുകയാണ് ..!ആഴം  കുറവായതിനാൽ അതിന് ഇങ്ങോട്ടേക്ക് അടുക്കുവാൻ കഴിയുകയില്ല ..! അടുത്ത ഏതാനും നിമിഷങ്ങൾക്കൊടുവിൽ  ഒരു ചെറിയ തോണി ആ കപ്പലിൽ നിന്നും താഴേക്ക് ഇറക്കുന്നു .., അതിൽ ആയുധദാരികളായ അഞ്ചു പേർ ഈ ദ്വീപിനെ ലക്ഷ്യമാക്കി തുഴഞ്ഞു വരുന്നു ...!

                അടക്കാനാകാത്ത ആഹ്ളാധത്തോടെ .., ആകാംക്ഷയോടെ ..., തീരത്ത്‌ മുട്ടുകുത്തി നിന്നുകൊണ്ട് ഞാനവരുടെ വരവിനായി കാത്തു ...!

                   നീട്ടിപ്പിടിച്ച തോക്കുകളുമായി അതിൽ നാലു പേർ എനിക്ക് നേരെ വരുന്നു .., അഞ്ചാമൻ തോണിയിൽ തന്നെ ഇരുന്നതേയുള്ളൂ ..!

                   എന്നെ നോക്കി അവർ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ടിരിക്കുന്നു .., എനിക്കൊന്നും മനസ്സിലാക്കുവാൻ കഴിയുന്നില്ല .., എങ്കിലും എനിക്കറിയാവുന്ന ഭാഷയിൽ ഞാൻ അവരോട് സഹായം അഭ്യർത്തിച്ചു  കൊണ്ടിരുന്നു  ..!, എങ്കിലും പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ആ  ഭാഷാ രണ്ടു കൂട്ടരേയും അജ്ഞാരാക്കിത്തീർത്തു ..!

              ഒരു ആക്രമണ ഭാവം ഞാൻ ആ മുഖങ്ങളിൽ വേർതിരിച്ചു കണ്ടു ..!, നിരാലംബനായ ഒരു മനുഷ്യനോടുള്ള ദയക്കു പകരം ..; ശത്രുവിനെ മുന്നിൽ കാണുന്നത് പോലെയുള്ള ഒരു തീക്ഷണതയായിരുന്നു ഞാൻ  അവിടെ കണ്ടത് ...!

                     ആ നാലു പേരിലൊരാൾ .., തോക്കിൻ കുഴൽ എന്റെ നെഞ്ചിൽ മുട്ടിച്ചു കൊണ്ട് ..; എന്തൊക്കയോ എന്നോട്  ആക്രോശിക്കുന്നു ..., മനസ്സിലാക്കാനാകാത്ത ഭാഷയിൽ ഞാൻ നിസ്സഹായനായിരുന്നു  ...!

                   എന്റെ നിശബ്ദത ..; അവർ ഏതു രീതിയിൽ മനസ്സിലാക്കിയിരിക്കും എന്നതിൽ ഞാൻ അജ്ഞനാണ് ..!, പക്ഷേ .. എന്റെ  ഈ പ്രാക്രത രൂപം .., എന്നേക്കുറിച്ച് ചില ധാരണകൾ ..; അവർക്ക് ലഭിക്കുവാൻ ഇടയാക്കിയിരിക്കണം ...!

                     അതിൽ രണ്ടു പേർ ചേർന്ന് എന്റെ ശരീരത്തിൽ സൂക്ഷ്മ പരിശോധന നടത്തുവാൻ തുടങ്ങികഴിഞ്ഞിരിക്കുന്നു ...., ഒരാൾ എന്റെ അരയിൽ .., തുകൽ വാറിൽ സൂക്ഷിച്ചിരിക്കുന്ന കഠാരയിൽ കൈവെച്ചതും  .., ഞാനാ കൈ ബലമായി പിടിച്ചെടുത്തതും ഒരേ നിമിഷത്തിലായിരുന്നു .., അതേ നിമിഷാർധത്തിൽതന്നെ മറ്റൊരുവന്റെ തോക്കിന്റെ പാത്തി ഒരു ശീൽക്കാരത്തോടെ  എന്റെ മുഖത്ത്  ആഞ്ഞു പതിച്ചത് മാത്രമേ എനിക്കോർമ്മയുള്ളൂ ...!

                   തലക്കു പിന്നിൽ കൈകൾകൊണ്ട് അമർത്തിപ്പിടിച്ച് .., ഒരു ആർത്തനാദത്തോടെ ഞാനാ പൂഴിയിലേക്ക്  മൂക്കുകുത്തി വീണു ...! 


2014, മാർച്ച് 23, ഞായറാഴ്‌ച

                                                 

    ഓളങ്ങളിൽ കിടന്ന് ചാഞ്ചാടുന്നത് പോലെയുള്ളൊരു അനുഭവം .., തല ഉയർത്താനായി ശ്രമിച്ചെങ്കിലും എനിക്കതിനു കഴിയുന്നില്ല ...,  ഏതോ വലിയൊരു ഭാരം കയറ്റിവെച്ചിരിക്കുന്നത് പോലെ ..! കഴുത്തൊന്ന് തിരിക്കുവാൻ സാധിക്കാത്തത്രയും കഠിനമായ വേദന ..!

                 അത്രയും ശക്തമായിരുന്നു എനിക്കേറ്റ ആ താഡനം ..!പതുക്കെ ഞാൻ കൈകൾ കുത്തി എഴുന്നെൽക്കുവൻ ശ്രമിച്ചു ..!, പക്ഷേ .., എന്റെ കൈകൾ രണ്ടും ചേർത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു..., ക്ഷണ നേരത്തിൽ മറ്റൊരു സത്യം കൂടി ഞാൻ തിരിച്ചറിഞ്ഞു .., എന്റെ കാലുകളും ബന്ധസ്ഥമാണെന്ന് ..!

               കൈകാലുകൾ പരസ്പരം ബന്ധിക്കപ്പെട്ട നിസ്സഹായാവസ്ഥയിൽ .., ഒന്ന് ഞരങ്ങുവാൻ പോലും ആകാതെ ഞാൻ കിടന്നു ..!

               എത്ര നേരം അങ്ങിനെ ...?, പക്ഷേ..., അത് തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല .. എന്തെങ്കിലുമൊരു രക്ഷാമാർഗ്ഗം തേടേണ്ടിയിരിക്കുന്നു ..!

                വേദന വകവെക്കാതെ .., കിടന്നുകൊണ്ട് തന്നെ ഞാൻ ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി ..!, ഇരുട്ട് കനം വെച്ചു കിടക്കുന്ന ഒരു കൊച്ചു മുറിയിലാണ് ഞാൻ ..!, പരസ്പര ബന്ധിതങ്ങളായ എന്റെ കാലുകൾ ..; നീളമേറിയ ഒരു ചങ്ങലയാൽ ..; ആ മുറിയുടെ മദ്ധ്യഭാഗത്തുള്ള ഒരു ഇരുമ്പു തൂണിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു ..!

                      ശരീരത്തിന്റെ ചാഞ്ചാട്ടത്തിൽ നിന്നും ..., ഞാൻ കപ്പലിന്റെ അടിത്തട്ടിലുള്ള ഏതോ ഒരു അറയിലാണ് എന്നെനിക്ക് മനസ്സിലായി ...!

                   എന്തിനായിരിക്കും അവർ എന്നെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് ...?, സഹായം അഭ്യർഥിച്ച എന്നെ .., എന്തുകൊണ്ട് അവർ ബന്ധനസ്ഥനാക്കിയിട്ടിരിക്കുന്നു ...?

              എന്തായിരിക്കും അവരുടെ ഉദ്ദേശ്യം ...?, രക്ഷപ്പെടാനായി ശ്രമിച്ചത് മറ്റൊരു ആപത്തിലെക്കായിരുന്നുവോ ..?  എങ്ങൊട്ടെക്കായിരിക്കും ഇവരുടെ യാത്ര ..?

                സംശയങ്ങൾ ഒരുപാടുണ്ട് ....., പക്ഷേ അത് നിവ്രത്തിക്കാനുള്ള മാർഗ്ഗങ്ങൾ ഒന്നുപോലുമില്ല ..!

              ദാഹവും .., വിശപ്പും കൊണ്ട് ഞാൻ തളർന്നു കഴിഞ്ഞിരിക്കുന്നു .., ഒരിറ്റു വെള്ളത്തിനായി എന്റെ ശരീരം കോച്ചിവലിക്കുന്നു ..! കൈകാലുകൾ ഒന്ന് ചലിപ്പിക്കുവാൻ പോലും ആകാത്ത എന്റെ നിസ്സഹായാവസ്ഥയെ ശപിച്ചുകൊണ്ട് ഞാൻ കിടന്നു .., എത്രയോ നേരം ....!

                   ഒരു കരകര ശബ്ദത്തോടെ ആ മുറിയുടെ ഇരുമ്പു വാതിലുകൾ തുറക്കുന്നത് അർദ്ധമയക്കത്തിൽ ഞാൻ അറിഞ്ഞു ...! ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ ചരിഞ്ഞുവീണ എന്റെ മുന്നിലേക്ക് കൈകളിൽ ഒരു പാത്രവുമായി ആജാനുബാഹുവായൊരു മനുഷ്യൻ പ്രവേശിച്ചു ..., കറുത്തിരുണ്ട നിറമുള്ള അയാൾ ഒരു നീഗ്രോ വംശജൻ ആയിരിക്കണം എന്ന് ഞാൻ ഊഹിച്ചു ...!

                   ആ പാത്രത്തിൽ വെള്ളവും ഭക്ഷണവും ആയിരുന്നു ...!എന്റെ മുന്നിലേക്ക് അതയാൾ നീക്കി വെച്ചു ....!

               ബന്ധസ്ഥമായ എന്റെ കൈകൾ ..., ദയനീയമായ ഭാവത്തിൽ ഞാൻ അയാളുടെ മുന്നിൽ ഉയർത്തിക്കാണിച്ചു ..., എന്നാൽ അയാൾ ആ പാത്രങ്ങൾ എന്റെ അടുക്കലേക്ക് ഒന്നുകൂടി നീക്കി വെക്കുകയാണ്  ചെയ്തത് ...!

                തോളിൽ കൈകൾ വെച്ച് നിസ്സഹായതയോടെ അയാൾ എന്റെ മുഖത്തേക്ക് നോക്കി .., ക്രൂരത തോന്നിപ്പിക്കുന്ന  ആ മുഖത്ത് അലിവിന്റെ ഒരു നേർത്ത കണിക ഞാൻ കണ്ടു ...!, ഒന്നും മിണ്ടാതെ അയാൾ  ആ മുറി വിട്ടിറങ്ങി .., അയാൾക്ക്‌ പിന്നിൽ ഒരു ഹുങ്കാരത്തോടെ ആ വാതിലുകൾ ചേർന്നടഞ്ഞു ..!

                  വിശപ്പും .., ദാഹവും .., താങ്ങാനാകാതെ .., ആർത്തി പൂണ്ട ഒരു നായയെപ്പോലെ ഞാനാ പാത്രങ്ങളിലേക്ക് തല പൂഴ്ത്തി ..,രുചി ഭേദം തിരിച്ചറിയാനാകാത്ത എന്തൊക്കെയോ വസ്തുക്കൾ .., വിശപ്പിനു മുന്നിൽ സ്വാദിന്റെ ഏറ്റക്കുറച്ചിലുകൾ ഒന്നുമല്ലാതാകുന്നത് ഞാൻ അറിഞ്ഞു ...

       മണിക്കൂറുകളോ ...?, ദിവസങ്ങളോ ...?, രാവാണോ .., പകലാണോ ..?ഞാൻ ഒന്നുമറിയുന്നില്ല.., എങ്ങും മൂകത കനം വെച്ചു കിടക്കുന്ന ഇരുട്ടു മാത്രം .., ഏകനായി ആ കാരാഗ്രഹത്തിൽ ഞാൻ  കഴിച്ചുകൂട്ടി ...!

                    ഞാൻ ബന്ധസ്ഥനാക്കപ്പെട്ട് ഒന്നോ .., രണ്ടോ ദിവസങ്ങൾ ആണെന്ന് തോന്നുന്നു .., കൃത്യമായി എനിക്കോർക്കാൻ  കഴിയുന്നില്ല ..!, രണ്ടു പേർ വന്ന് .., പരസ്പര ബന്ധിതങ്ങൾ ആയിരുന്ന എന്റെ   കൈകാലുകൾ മോചിതമാക്കി .., പക്ഷേ .., അപ്പോഴും ഒരു കാൽ ..; നീട്ടമുള്ള ഒരു ചങ്ങലകൊണ്ട് ആ  തൂണിൻ മേൽ ബന്ധിച്ചിരുന്നു ...! എങ്കിലും അതൊരു വലിയ ആശ്വാസമാണ് എനിക്ക് പ്രധാനം ചെയ്തത് ..!

                      പ്രാഥമിക ആവശ്യങ്ങൾ നിവ്രത്തിക്കുന്നതിനായി .., ആ മുറിയുടെ ഒരു കോണിൽ തനതായ ഒരു സ്ഥലം സജ്ജീകരിച്ചിരുന്നു ...!.., ചങ്ങലയുടെ നീട്ടം ആ മുറിയുടെ വിസ്തൃതിക്കനുസരണമായാണ് ക്രമീകരിച്ചിരിക്കുന്നത് ...!

                     ഭക്ഷണവും .., വെള്ളവും ദിവസത്തിൽ രണ്ടു നേരം എനിക്ക് ലഭ്യമായിരുന്നു .., പുഴുക്ക് പോലെയുള്ള എന്തോ ഒരു സാധനം ..., എങ്കിലും ഞാനത് വാരിവലിച്ചു തിന്നു ...!, കാരണം എനിക്ക് ജീവൻ നില നിറുത്തണം .., എനിക്കൊരു ലക്ഷ്യമുണ്ട് .., എന്റെ സീതയെ വീണ്ടെടുക്കണം .., എന്റെ പ്രതിജ്ഞ നിറവേറ്റണം ...!

                      എനിക്ക് ഭക്ഷണം കൊണ്ട് വരുന്നവരെല്ലാം തന്നെ ആജാനുബാഹുക്കളായ നീഗ്രോകൾ ആയിരുന്നു ...!എല്ലാ മുഖങ്ങളിലും ഒരേ തരത്തിലുള്ള നിസ്സംഗത നിഴലിച്ചിരുന്നു..! എന്റെ ആംഗ്യ  രൂപത്തിലുള്ള അപേക്ഷകൾക്കും .., ചോദ്യങ്ങൾക്കും .., യാതൊരു വിധ ഉത്തരങ്ങളും  .., എനിക്കവരിൽ നിന്നും ലഭിച്ചില്ല ..!

                 പലപ്പോഴും എന്റെ ചോദ്യങ്ങൾ ആ മുഖങ്ങളിൽ ഭയപ്പാട് ഉളവാക്കുന്നത് എനിക്ക് കാണാമായിരുന്നു  .., അവരെല്ലാവരും ആരെയോ ഭയപ്പെടുന്നു ...!

               അന്നൊരു ദിവസം .., സാധാരണ വരാറുള്ള നീഗ്രോകൾക്ക് പകരം അന്ന് വെള്ളക്കാരാണ് എത്തിയത് ..., ഈ കപ്പലിൽ എത്തിപ്പെട്ടതിനു ശേഷം .., അന്നാണ് ഞാൻ ആദ്യമായി വെള്ളക്കാരെ കാണുന്നത് ...!.., നീളമുള്ള കൂർത്ത തൊപ്പികൾ ധരിച്ച അവർ നാലുപേരും ആയുധധാരികൾ ആയിരുന്നു ..!

            എന്നെ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് അവർ കപ്പലിന്റെ മുകൾത്തട്ടിലേക്ക് കൊണ്ടുപോയി ...!

2014, മാർച്ച് 13, വ്യാഴാഴ്‌ച




   കടലിൽ നിന്നും വീശിയടിക്കുന്ന നല്ല കുളിർമ്മയുള്ള കാറ്റ് എന്നിൽ അല്പം ഉന്മേഷം നിറച്ചു .., ദിവസങ്ങൾക്കു ശേഷമാണ് ഞാൻ സൂര്യ പ്രകാശം കാണുന്നത് .., ശുദ്ധവായു ഞാൻ അഞ്ഞാഞ്ഞു ശ്വസിച്ചു ...!

                              ഉള്ളിൽ അകാരണമായൊരു ഭയം....., എന്നിൽ ഒരിക്കലും ഉണ്ടാകാത്തതാണ് .....!

   
      പക്ഷേ ..., ഇപ്പോൾ അതെന്നെ  വലയം ചെയ്തിരിക്കുന്നു .., !, എങ്ങോട്ടാണിവർ എന്നെ കൊണ്ട് പോകുന്നത് ...? എന്താണ് ഇവരുടെ ഉദ്ദേശ്യം ...?, ഈ വക ചോദ്യങ്ങൾ എല്ലാം എന്റെ ഉള്ളിൽ കിടന്നു വീർപ്പു മുട്ടുന്നു ..!

                     അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ കപ്പലിന്റെ മുകൾ ഭാഗത്തുള്ള .., വിശാലമായൊരു മുറിയുടെ മദ്ധ്യഭാഗത്ത് അവർ എന്നെ കൊണ്ട് ചെന്നു നിറുത്തി ...!, എനിക്കു മുന്നിലായി ആ മുറിയുടെ ഒരറ്റത്ത് സിംഹാസനത്തോട്‌ സമാനമായ ഒരു ഇരിപ്പടത്തിൽ ..; തിളങ്ങുന്ന .., നെടുങ്കൻ കുപ്പായം ധരിച്ച രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ .., ആജാനുബാഹുവായൊരു വെള്ളക്കാരൻ ഇരിക്കുന്നു .., അയാളുടെ ഇരുവശത്തുമായി ആയുധധാരികളായ രണ്ടു പേർ ..!

                         ആ കപ്പലിലെ വളരെ പ്രധാനപ്പെട്ട ഒരാൾ തന്നെയായിരിക്കും അതെന്ന് ഞാനൂഹിച്ചു ..!, ആ കണ്ണുകൾ എന്നെ ആപാദചൂഡം ഉഴിയുന്നു .., എന്തും നേരിടുവാനുള്ള ചങ്കൂറ്റത്തോടെ ഞാൻ അവർക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നു ...!

                         എനിക്കു ചുറ്റും ഭീമാകാരന്മാരായ ആ നാലുപേർ .., എന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം .., അവരിൽ ഒരാളുടെ കൈത്തണ്ടയിൽ ചുറ്റി വെച്ചിരിക്കുന്നു ..

                   അല്പ നിമിഷത്തെ നിശബ്ദതക്ക് ശേഷം .., ആ വെള്ളക്കാരൻ ഘനഗംഭീരസ്വരത്തിൽ തന്റെ അനുചരരോടായി എന്തോ  പറഞ്ഞു ...!

 അതെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിയുന്നില്ല .....! അയാളുടെ കണ്ണുകൾ .., ആപാദചൂടം എന്റെ ശരീരത്തിൽ ഒഴുകി നടക്കുന്നു ....!

               അയാൾ എന്റെ ശരീരത്തെ അളക്കുകയായിരിക്കണം ..!

              , Good health , good physique..!,  അത് മാത്രം എനിക്കു മനസ്സിലായി

          ;ഒന്ന് നിറുത്തി അയാൾ .., അവരുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ ചോദിച്ചു ...!

 ''am i correct...?'',  , ഒരു നിമിഷം അയാൾ അവരുടെ മറുപടിക്കായി കാത്തു ...!

      ''Yes your correct sir...."'!

                   പുച്ഛം കലർന്നൊരു ചിരി ആ മുഖത്ത് വിരിഞ്ഞു ...!

         ''Take him out....."!

                               അയാൾ പറഞ്ഞ് അവസാനിക്കുന്നതിനു മുൻപു തന്നെ .., ഭീമാകാരന്മാരായ ആ നാലുപേരും എന്നേയും കൂട്ടി തിരിച്ചു നടക്കാൻ ആരംഭിച്ചിരുന്നു ..!

            ആ യാത്ര അവസാനിച്ചത്‌ ; കപ്പലിന്റെ അടിത്തട്ടിലുള്ള ഒരു വലിയ കമാനത്തിനു മുന്നിലായിരുന്നു .., കൂട്ടത്തിലോരുവാൻ തന്റെ അരപ്പട്ടയിൽ നിന്നും കൂറ്റൻ ഒരു താക്കോൽ എടുത്ത് അത് തുറന്നു  ..!

                    ഒരു ഹുങ്കാരത്തോടെ എനിക്ക് മുന്നിൽ തുറക്കപ്പെട്ട ആ കമാനത്തിനുള്ളിലെ കാഴ്ച്ച എന്നെ  സ്തബ്ധനാക്കിക്കളഞ്ഞു ..!


                                                                   28


                      വിശാലമായ ആ മുറിക്കുള്ളിൽ ധാരാളം ആളുകളെ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നു.., വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ആ അറയിൽ അവർ തലങ്ങും വിലങ്ങും കിടക്കുന്നു .., പുതിയോരാളുടെ ആഗമനം ..; ആരുടേയും ശ്രദ്ധ ആകർഷിക്കുവാൻ പോന്നതായിരുന്നില്ല .., എന്നിരുന്നാലും ചില നിസ്സംഗതയാർന്ന നോട്ടങ്ങൾ എന്നിൽ പതിക്കുന്നത് ഞാൻ അറിഞ്ഞു.., എന്നെ കൂട്ടിക്കൊണ്ടു വന്നവരിലോരാൾ  ..; ചങ്ങലയുടെ ഒരറ്റം കപ്പലിന്റെ അടിത്തട്ടിൽ ഉറപ്പിച്ചിരിക്കുന്ന  ഇരുമ്പു വളയങ്ങളിൽ ഒന്നിൽ ബന്ധിച്ചു ...!

                അവിടെയുള്ള എല്ലാവരേയും അത്തരത്തിലുള്ള വളയങ്ങളിൽ തന്നെയാണ് ബന്ധിച്ചിരിക്കുന്നത്‌ ..!

                എന്നെ പൂട്ടിയ ആ ചങ്ങല അയാൾ ഒന്ന് വലിച്ചു നോക്കി ഉറപ്പ് ബോദ്ധ്യപ്പെട്ടതിനു ശേഷം  അവർ നാലുപേരും ആ മുറിയിൽ നിന്നും പിൻവാങ്ങി ...!, അവർക്ക് പിന്നിൽ ഒരു ഹുങ്കാരത്തോടെ ആ കമാനം ചേർന്നടഞ്ഞു ...!

                   കപ്പലിന്റെ പ്രകാശം നിറഞ്ഞ മുകൾത്തട്ടിൽ നിന്നും ...; താഴേത്തട്ടിലുള്ള ഈ ഹാളിലേക്ക് പെട്ടെന്ന് പ്രവേശിച്ചതിനാലായിരിക്കണം കടുത്ത അന്ധകാരമാണ് എനിക്കപ്പോൾ തോന്നിയത് എങ്കിലും .., ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു ..!

                  ഞാൻ ചുറ്റിലും ഒരു വിഹഗ വീക്ഷണം നടത്തി .., ഞാൻ ഉൾപ്പെടെ ഏകദേശം നാല്പത് പേരോളം ആ മുറിയിൽ ബന്ധിതരായിട്ടുണ്ട് ...!, എല്ലാവരും തന്നെ നല്ല ആരോഗ്യദ്രിഡഗാത്രരായ കറുത്ത വർഗ്ഗക്കാർ 18 നും 35 നും മദ്ധ്യേ  പ്രായമുള്ള യുവാക്കൾ ...!

                 കപ്പലിന്റെ വശങ്ങളിൽ കിളിവാതിലുകൾ പോലെയുള്ള നാല് ദ്വാരങ്ങൾ .., അതിൽ നിന്നും നേരിയ തോതിലുള്ള  പ്രകാശ കിരണങ്ങൾ അരിച്ചിറങ്ങുന്നു ..!.സന്ധ്യയായതിനാൽ ആയിരിക്കണം മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ ..!, പകൽ സമയങ്ങളിൽ ഇതിൽ നിന്നും കൂടുതൽ മാറ്റം പ്രതീക്ഷിക്കാം ..! കാറ്റിനും .., വെളിച്ചത്തിനും ആ കുഞ്ഞു കിളി വാതിലുകൾ മാത്രമാണ് ആശ്രയം ...!

                 ആരും ഒന്നും തന്നെ പരസ്പരം സംസാരിക്കുന്നില്ല .., എന്തിന് പരസ്പരം ഒന്ന് നോക്കുന്നു പോലുമില്ല  ..! എല്ലാവരും അവരവരുടേതായ ലോകത്ത് മുഴുകിയിരിക്കുന്നു .., അതിലൊരാളായി ഞാനും മാറിക്കഴിഞ്ഞു ...!

                  സീതയേക്കുറിച്ചുള്ള ഓർമ്മകളിലേക്ക് ചേക്കേറിക്കൊണ്ട് .., ഒരു തരം നിസ്സംഗതയോടെ ഞാൻ ആ കപ്പൽത്തട്ടിൽ ചാഞ്ഞിരുന്നു ..!

                    ഇതൊരു അടിമക്കപ്പലാണ് .., ഇവിടെ ബന്ധിതരായിരിക്കുന്ന എല്ലാവരും അടിമകൾ ..!, ഈ അടിമ വ്യാപാരത്തെക്കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ടായിരുന്നു ..!, യാതൊരു വിധ ദയാ ദാക്ഷ്യണ്യവും ഇല്ലാത്ത ക്രൂരമായ പെരുമാറ്റ ചട്ടങ്ങൾ ആയിരുന്നു അവർക്ക് വിധിച്ചിട്ടുണ്ടായിരുന്നത് ..!

                 ദരിദ്രരാജ്യങ്ങൾ ആയ ആഫ്രിക്കയിൽ നിന്നും മറ്റു അനുബന്ധ ദേശങ്ങളിൽ നിന്നും ആരോഗ്യദ്രിഡഗാത്രൻമാരായ യുവാക്കളെ ബലപ്രയോഗത്താൽ പിടിച്ചു കൊണ്ട് വന്ന് .., ഇംഗ്ലണ്ടിൽ കൊണ്ട് പോയി ലേലം ചെയ്ത് വിൽക്കുക ..!, കൂടുതൽ ആരോഗ്യമുള്ളവർക്ക് കൂടുതൽ തുക ലേലത്തിൽ ലഭ്യമാകും ...!

                     ജീവിത കാലം മുഴുവനും അടിമജീവിതം നയിക്കുവാനായിരിക്കും പിന്നെ അവരുടെ വിധി ..!, ശരിയായ ഭക്ഷണവും .., ജീവിത സൌകര്യങ്ങളും ഇല്ലാതെ ക്രൂര മർദ്ധനങ്ങൾ ഏറ്റ് കാലം കഴിക്കുന്നതിനിടയിൽ ..; ആരോഗ്യം ക്ഷയിച്ച് അവശരാകുന്നവരേയും ..., രോഗികളേയും.., കടലിൽ എറിഞ്ഞും ..., വെടിവെച്ചു കൊന്നും ക്രൂരമായതരത്തിൽ ഇല്ലായ്മ ചെയ്യുമായിരുന്നു ..!

                അടിമവ്യാപാരത്തിന്റെ ഏറ്റവും ക്രൂരമായ വശങ്ങളിൽ ഒന്നായിരുന്നൂവത് ..,!, ഈ അടിമക്കൂട്ടത്തിൽ ഒരാളായി ഞാനും മാറിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്ക് ബോദ്ധ്യമായി ...!

                 മറ്റൊരുവന്റെ അടിമയായി ജീവിതകാലം മുഴുവൻ കഴിയുന്നതിനേക്കാൾ നല്ലത് മരണം വരിക്കുകയാണ്  ...!

                   ആരും പരസ്പരം ഒന്നും തന്നെ ഉരിയാടാതെ ശൂന്യതയിലേക്ക് ദ്രിക്ഷിട്ടികൾ നട്ടിരിക്കുന്നു .., പ്രതികരണശേഷി തന്നെ എല്ലാവരിലും നഷ്ട്ടമായിക്കഴിഞ്ഞിരിക്കുന്നു .., ഒരു പക്ഷേ ...; പ്രതികരിച്ചാലും ഫലമില്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ..!

                   ഇറച്ചിക്ക് വേണ്ടി അറക്കാൻ കൊണ്ടുപോകുപ്പെടുന്ന മൃഗത്തിന്റെ ദൈന്യഭാവം എല്ലാ മുഖങ്ങളിലും ..!, കുറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന വിധിയെക്കുറിച്ച് അവർ ബോധവാൻമാരായിരിക്കണം ..!

                      ഭാര്യയേയും ..., മക്കളേയും ..., അച്ഛനേയും .., അമ്മയേയും ..., ഉറ്റവരേയും .., ഉടയവരേയും .., പിരിഞ്ഞ് , അല്ലെങ്കിൽ മറ്റുള്ളവരാൽ ബലമായി പിരിക്കപ്പെട്ടു മൈലുകൾ അപ്പുറമുള്ള വേറൊരു ദേശത്തേക്ക് ഒരു പറിച്ചു നടൽ .., ഇനിയൊരിക്കലും അവർക്ക് തമ്മിൽ പരസ്പരം കാണുവാൻ സാധിക്കുകയില്ല .., പിറന്നു വീണ മണ്ണിലേക്ക് ഇനിയൊരിക്കലും ഒരു തിരിച്ചു വരവ് സാദ്ധ്യമല്ല ...! അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ വലിയൊരു അശിനിപാതം വീണിരിക്കുന്നു ..!, സ്നേഹിക്കുന്ന മുഖങ്ങളെ ഇനിയൊരിക്കലും കാണാനാകില്ലെന്ന തിരിച്ചറിവ് എത്ര വലിയ നിരാശയാണ് ഉള്ളിൽ നിറക്കുക ...? എത്ര വലിയൊരു മുറിവാണ് അത് ഹൃദയത്തിനുണ്ടാക്കുക  ...?

                   ആ ഒരു വിങ്ങലാണ് താനും അനുഭവിക്കുന്നത് .., അതിന്റെ പ്രതിഫലനങ്ങളിൽ ഒന്നാണ്  നിസ്സംഗതയും .., ശൂന്യതയിലേക്ക് നോക്കിയുള്ള ഈ ഇരിപ്പും ..,തങ്ങൾക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., ഇനി എന്ത് സംഭവിച്ചാൽ തന്നെ എന്താണ് ....?

              മണിക്കൂറുകളും .., ദിവസങ്ങളും കടന്നു പോകുന്നത് ഞങ്ങൾ അറിയുന്നില്ല .., ആ കിളിവാതിലിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിന്റെ തോത് അനുസരിച്ച് രാവും .., പകലും മാത്രം തിരിച്ചരിയാനാകുന്നുണ്ട് ..!

2014, മാർച്ച് 12, ബുധനാഴ്‌ച

                                                                 


  ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലയിൽ നിന്നും മോചനം ഇല്ലാതെ ..., ഇരുന്നും കിടന്നും .., നിന്നും .., ഓരോരുത്തരും അവരവുരുടെതായ ലോകത്ത് കഴിച്ചു കൂട്ടി ..!, ഭക്ഷണവും ., വെള്ളവും എല്ലാം തന്നെ സമയാസമയങ്ങളിൽ ലഭ്യമായിരുന്നു ..!, കാരണം നല്ല ലേല തുക ലഭിക്കണമെങ്കിൽ അടിമകൾ എല്ലാവരും നല്ല ആരോഗ്യത്തോടു കൂടി ഇരിക്കേണ്ടത് അവരുടെ ആവശ്യമാണ്‌ ...!

                    എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗത്തിനായി എന്റെ മനസ്സ് ഉഴലുകയായിരുന്നു ...! എന്നാൽ സമുദ്രമദ്ധ്യത്തിലുള്ള കപ്പലിനുള്ളിലെ  അടച്ചു പൂട്ടിയ ഈ അറയിൽ  നിന്നും ഒരു രക്ഷപ്പെടൽ അസാദ്ധ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു ..!, നല്ലൊരു മാര്ഗ്ഗം തുറന്നു കിട്ടാതെ അതിനു ശ്രമിക്കുകയെന്നത് അതിസാഹസീകവും വിഡ്ഢിത്തരവും ആയിരിക്കും ...!


                                                               29




                            വിനാഴികകളും .., ദിവസങ്ങളും കടന്നു പോയിക്കൊണ്ടിരുന്നു ...!, പരസ്പരം ഒരു തരത്തിലുമുള്ള സമ്പർക്കങ്ങളും ഇല്ലാതെ ഒരു കൂട്ടം മനുഷ്യർ .., അല്ല അടിമകൾ .., അനിവാര്യമായ അവരുടെ വിധിയെകാത്ത് ..., ആ കപ്പലിന്റെ അടിത്തട്ടിൽ കഴിച്ചു കൂട്ടുന്നു ..!

                       ആരുമായും ഒരുതരത്തിലുമുള്ള ആശയവിനിമയങ്ങളും സാദ്ധ്യമായിരുന്നില്ല .., കാരണം ഒന്നാമതു എല്ലാവരും അവരവരുടേതായ ലോകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു ..!, രണ്ടാമത് ഒരിക്കലും ഇവിടെ നിന്ന് രക്ഷപ്പെടാനാകില്ല എന്ന തിരിച്ചറിവ് .., നിരാശയുടെ ഒരു പടുകുഴിയിലേക്ക് ഏവരെയും  വീഴ്ത്തിയിരിക്കുന്നു ..!

             പ്രതീക്ഷ നഷ്ട്ടപ്പെടുമ്പോൾ ഉള്ള ഇരുട്ടാണത് ...!എങ്ങിനെയെങ്കിലും അങ്ങിനെ പോകട്ടെ എന്നുള്ള ഒരു ചേതനയറ്റ ചിന്ത ..!,ഉറ്റവരെയും .., ഉടയവരേയും  വിട്ട് .., സ്വാതന്ത്ര്യവും ... സന്തോഷവും ഹനിക്കപ്പെട്ട് .., ഇനിയുള്ള കാലം മുഴുവനും ഒരു അടിമയായി ജീവിച്ചു മരിക്കുക .., എന്നതിലേക്കുള്ള യാത്രയാണിത് .....!

          ഇതിൽ നിന്നും ഒരു രക്ഷപ്പെടൽ ഇല്ല എന്നറിയുമ്പോൾ .., എല്ലാം ശൂന്യമാകുന്നു ....! അവിടെ തന്നിലേക്ക് മാത്രം ഒതുങ്ങുന്നു ...! ശരീരം മാത്രമേ പാതി ജീവനോടെ ഉള്ളൂ ..., മനസ്സ് ചത്തിരിക്കുന്നു എന്നതിനു തുല്യമാണത് ..!

പിന്നെ  പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്ത ഭാഷയും ..!

                   ആശയവിനിമയത്തിന് ഭാഷ ഒരു മുഖ്യ ഘടകമാണെങ്കിലും .., , രക്ഷപ്പെടാനുറച്ച് ..., ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഒരു കൂട്ടം ആളുകൾക്ക് .., ആശയവിനിമയം നടത്താൻ ഭാഷയുടെ അതിർവരമ്പുകൾ ഒരു പ്രധാന ഘടകവുമല്ല ..!, ആംഗ്യങ്ങളും .. , ചേഷ്ടകളും .., മാനസീകപൊരുത്തങ്ങളും .., ആശയവിനിമയത്തിന് അവിടെ ഭാഷയുടെ സ്ഥാനം ഏറ്റെടുക്കുന്നു...!

                  പക്ഷേ .., ഇവിടെ അവസ്ഥ നേരെ തിരിച്ചാണ് .., നിരാശരായിരിക്കുന്ന ഒരു കൂട്ടത്തെ ഉത്തേജിപ്പിക്കണമെങ്കിൽ .., ആംഗ്യങ്ങൾക്കും .., ചേഷ്ട്ടകൾക്കും .., മീതേ അവരുടെ ഭാഷയിലുള്ള പ്രാവീണ്യവും കൂടി  ആവശ്യമാണ്‌ . മൂർച്ചയേറിയ വാക്കുകൾക്കെ ..., മനസ്സിൽ ആഴത്തിൽ സ്പർശിക്കാനാകൂ .., നിരാശയെ പിഴുതെറിഞ്ഞ് .., ആത്മവിശ്വാസത്തിന്റെ ശക്തി നിറക്കാനാകൂ ..!,   തളർന്നു കിടക്കുന്ന മനസ്സിനേയും .., ശരീരത്തിനേയും ഉത്തെജിപ്പിക്കാനാകൂ ...!

           അതിന് ആയുധങ്ങളെക്കാൾ മൂർച്ചയുള്ള വാക്കുകൾ വേണം  ....!
അത് അവരുടെ മനസ്സിനുള്ളിലേക്ക് ചാട്ടുളി കണക്കെ ആഞ്ഞിറങ്ങണം ...! അപ്പോഴേ അവരെ നിരാശയുടെ തോട് പൊട്ടിച്ച് പുറത്തു കൊണ്ടുവരാനാകൂ ...!
               എന്നാൽ ഇവിടെ ആ രീതിയിൽ ഞാൻ നിസ്സഹായനാകുന്നൂ ...!

                          അടിമജീവിതം എത്ര ഭയാനകമാണ് ..!ഒരു ജീവിതകാലം മുഴുവൻ ഉറ്റവരേയും .., ഉടയവരേയും പിരിഞ്ഞ് ...മറ്റൊരുവന്റെ കീഴിൽ .., എല്ല്ലാവിധ സ്വാതന്ത്ര്യവും അടിയറവ് വെച്ചുകൊണ്ടുള്ള  ഒരു ജീവിതം .., എത്ര ക്രൂരമാണത് ...?, ഓർക്കുമ്പോൾ തന്നെ എന്റെ രക്തം തിളക്കുന്നു ...!

                    ഒരു ദേശത്തിന്റെ പടനായകനായ എന്നെ തളച്ചിടാൻ ഈ ചങ്ങലകൾ പര്യാപ്തമല്ലെങ്കിലും  ..., എതിരാളികളുടെ എണ്ണത്തേയും .., അവരുടെ ആയുധ വ്യാപ്തിയേയും കുറിച്ച് യാതൊരു വിധ ധാരണയും  ഇല്ലാതെ എതിരിടുകയെന്നത് ആതമഹത്യാപരമായ  ഒന്നാണ് ...!, മാത്രമല്ല സമുദ്രത്തിലുള്ള ..; ഈ കപ്പലിന്റെ സ്ഥാനത്തെക്കുറിച്ച് ...?,ഒന്നും തന്നെ അറിയില്ല ..!

                         ഈ കപ്പൽ എങ്ങോട്ടേക്ക് പോകുന്നു ...?, ഇപ്പോൾ എവിടെയാണ് ..?, എന്നിവയെക്കുറിച്ചൊന്നും ..; വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെയുള്ള ഒരു എടുത്തു ചാട്ടം മടയത്തരം ...., മാത്രമല്ല ..., ആത്മഹത്യാപരവും .., വരാനുള്ള അവസരത്തെ നഷ്ട്ടപ്പെടുത്തുകയും കൂടി  ആയിരിക്കും ,

അതിനാൽ .., ഇപ്പോൾ.....  പറ്റിയ ഒരു  അവസരം വരുന്ന വരേക്കും  കാത്തിരിക്കുക ...!

            അതേ ..., അതുവരെ കാത്തിരിക്കുക .., ഒരവസരം വരാതിരിക്കില്ല ...!, ശുഭ പ്രതീക്ഷയോടെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ..!

               മിഴികൾക്കു മുന്നിൽ ഒരു തേൻ നിലാവായി സീത ...! അത് ഒരു തൂവൽസ്പർശമായി എന്നെ തലോടുന്നു ....!


                                                      30

                         ശിരസ്സ് എവിടെയോ ശക്തിയായി ചെന്നിടിച്ച ആഘാതത്തിലാണ് ഞാൻ  ഞെട്ടിയെഴുന്നേറ്റത്...!  വലിയ ഓളങ്ങളിൽ അകപ്പെട്ടത് പോലെ കപ്പൽ ആടിയുലയുന്നു .., ആ ചാഞ്ചാട്ടത്തിലാണ് തല എവിടെയോ  ശക്തിയായി ചെന്നിടിച്ചിരിക്കുന്നത് ..!, എന്താണ് സംഭവിക്കുന്നതെന്ന് ഒന്നും തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല  ..!, ഇപ്പോൾ കപ്പൽ നിശ്ചലമായിരിക്കുന്നത്  പോലെ തോന്നി ..!

                പെട്ടെന്ന് വെടിയൊച്ചകളും  ..,  ആക്രോശങ്ങളും ..,അടക്കം  എന്തൊക്കെയോ ശബ്ദകോലാഹലങ്ങൾ  കപ്പലിൽ നിന്നും ഉയരുന്നു ..!, ആർത്തനാദങ്ങൾ .., ഉച്ചത്തിലുള്ള ഓരിയിടലുകൾ  .., കപ്പലിനുള്ളിൽ ഒരു യുദ്ധം നടക്കുകയാണോ എന്നെനിക്ക് സംശയം തോന്നി ..!

                     എല്ലാ മുഖങ്ങളിലും പരിഭ്രാന്തി നിഴലിച്ചിരിക്കുന്നു ...!, അടുത്ത നിമിഷം ..; അടഞ്ഞു കിടക്കുന്ന ആ കമാനത്തിൻ മേൽ   ..; ഉഗ്ര ശബ്ദത്തോടെ വെടിയുണ്ടകൾ പതിക്കുന്ന ശബ്ദം കേട്ട് ഞാൻ നടുങ്ങിപ്പോയി ...!

                        ഒരു ഹുങ്കാരത്തോടെ തകർന്നുവീണ ആ കമാനങ്ങൾക്കപ്പുറത്ത്  ..., നീട്ടിപ്പിടിച്ച തോക്കുകളുമായി ..; പ്രാക്രതരായ ഒരു കൂട്ടം മനുഷ്യർ ...!,

                      ആർത്തട്ടഹസിച്ചുകൊണ്ട്‌ അവർ മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി ...! കാണുന്നവരെയെല്ലാം  .., യാതൊരു ദാക്ഷ്ണ്യവും കൂടാതെ  തലങ്ങും വിലങ്ങും പ്രഹരിക്കുന്നു ..!

                അവസാനം ഞങ്ങളെയെല്ലാം ബന്ധനവിമുക്തരാക്കിയതിനു ശേഷം .., വരിവരിയായി നിറുത്തി കപ്പലിന്റെ മുകൾത്തട്ടിലേക്ക് കൊണ്ടുപോയി ...!, പോകുന്ന വഴിയിൽ .., പലയിടത്തായി വെടിയേറ്റു വീണുകിടക്കുന്ന  കപ്പൽജോലിക്കാരുടെ നിശ്ചലശരീരങ്ങൾ ...!

                 ആരാണിവർ ..? എന്തിനാണ് ഇവർ എല്ലാവരേയും കൊല്ലുന്നത് ...?.., എനിക്കൊന്നും മനസ്സിലായില്ല ...!

                   ഒരു പക്ഷേ .., കടൽകൊള്ളക്കാർ ആയിരിക്കും ഇവരെന്ന്  ഞാൻ ഊഹിച്ചു ...!

           കപ്പലിന്റെ വിശാലമായ ഡെക്കിൽ ..; കൈകൾ പിന്നിലേക്ക് പിണയിച്ച് .., മുട്ടുകുത്തിച്ച് അവർ ഞങ്ങളെ നിറുത്തി ...!കപ്പൽ ജീവനക്കാരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിരിക്കുമെന്ന് ഞാൻ കരുതി ...!, കാരണം ഞങ്ങളെ കൂടാതെ കപ്പലിന്റെ കപ്പിത്താൻ അടക്കം ഏകദേശം അഞ്ചു പേർ മാത്രമേ അവിടെയുള്ളൂ ...!

                 തോക്കുകൾ ചൂണ്ടി നിൽക്കുന്ന .., ആ കടൽകൊള്ളക്കാരുടെ മുന്നിൽ ..; ഏതു നിമിഷവും കടന്നു വരാവുന്ന  മരണത്തെ വരിക്കാൻ .., എല്ലാവരും ഭയപ്പാടോടെ നില്ക്കുകയാണ് ...!

                 അവർ ഏകദേശം പതിനഞ്ചോളം പേരുണ്ട് ...!, എണ്ണത്തിൽ അവരെക്കാൾ ഞങ്ങൾ അധികമാണ് എങ്കിലും ..; ആയുധധാരികളായ അവരുടെ മുന്നിൽ അത് നിസ്സാരമായ ഒരു സംഖ്യ മാത്രമാണ് ..!

                     അവരുടെ തലവനെന്ന് തോന്നിക്കുന്ന ഒരാൾ .., ഞങ്ങളുടെ മുന്നിൽക്കൂടി തലങ്ങും വിലങ്ങും നടക്കുന്നു  ...!എല്ലാവരും തന്നെ എന്തോ ചവച്ചു കൊണ്ടിരിക്കുന്നു .., ഏതോ ലഹരിയായിരിക്കാം ...!

                മുട്ടുകുത്തി നിൽക്കുന്നവരെയെല്ലാം ..., അവർ പുറംകാലു കൊണ്ട് തൊഴിക്കുകയും .., തോക്കിന്റെ പാത്തി കൊണ്ട് മർദ്ധിക്കുകയും ചെയ്യുന്നു ...! കരയുന്നവരുടെ മുഖത്തേക്ക് ലഹരി നിറഞ്ഞ ഉച്ചിഷ്ടം ചവച്ചു തുപ്പുന്നു ..!

                 എങ്ങും നിലവിളികളും .., ആർത്തനാദങ്ങളും .., മനുഷ്യരുടെ ദയനീയമായ കരച്ചിൽ അവരെ കൂടുതൽ മത്തു പിടിപ്പിക്കുന്നു ...!

                     മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത നരാധമന്മാർ കണക്കെ .., അവർ ആക്രോശിച്ചു  കൊണ്ടും .., വെറുതെ ആകാശത്തേക്ക് വെടിയുതിർത്തു കൊണ്ടും .., ആ ഭീകാരാന്തരീക്ഷത്തെ ഒന്നുകൂടി ഭീകരമാക്കിത്തീർത്തു ...!

               കൊള്ളക്കാരുടെ തലവനെന്ന് തോന്നിക്കുന്നയാളും .., കൂടെ മറ്റൊരുവനും ചേർന്ന് കപ്പിത്താനെതിരെ ക്രൂരമർദ്ധനങ്ങൾ അഴിച്ചുവിട്ടു ..!, ഏതാനും നിമിഷങ്ങൾക്കൊടുവിൽ പഞ്ഞിക്കെട്ടുപോലെയായ ആ ശരീരം .., അവർ കപ്പലിന്റെ പായ്മരത്തിൽ കെട്ടിവെച്ചു ..!

             ജീവനുള്ള ഒരു മാംസപിണ്ഡം കണക്കെയതെനിക്ക് തോന്നിച്ചു ...!.., അടുത്തനിമിഷം അതിലൊരുവൻ ആർത്തട്ടഹസിച്ചു  കൊണ്ട് .., ഞങ്ങളുടെ നേരെ തിരിഞ്ഞു ...!, അതേ നിമിഷത്തിൽ തന്നെ അയാളുടെ കയ്യിലുണ്ടായിരുന്ന തോക്ക് തീ തുപ്പി .., ആർത്തനാദങ്ങൾ കടലിന്റെ  മർമ്മരത്തെ ഭേദിച്ച് ആകാശത്തേക്കുയർന്നു ...!

                      ഞെട്ടിത്തരിച്ചു പോയ ഞാൻ കണ്ടത് .., അടിമകളുടെ ഒരാളുടെ നിശ്ചലമായ ആ ശരീരം  അവർ അട്ടഹാസത്തോടെ കടലിലേക്ക് എറിയുന്നതാണ് ...!

                  അടുത്തത്‌ മറ്റൊരുവന്റെ ഊഴമായിരുന്നു .., .., അട്ടഹസിച്ചുകൊണ്ട് അവന്റെ വിരലും കാഞ്ചിയിൽ അമർന്നു ...!, കൊലപാതകം ഉന്മാധമായി കൊണ്ടാടുന്ന നരഭോജികളെക്കാൾ .., പൈശാചികമാണ് ഇവരുടെ ചെയ്തികൾ ...!

                   പിടഞ്ഞു വീഴുന്ന ശരീരങ്ങൾ അവർ ആഘോഷപൂർവ്വമാണ്‌ കടലിലേക്ക് എടുത്തെറിയുന്നത് ...!, ഓരോ അടിമയും തന്റെ ഊഴം കാത്ത് ഒന്നുറക്കെ കരയുവാൻ പോലും കരുത്തില്ലാതെ ഭയന്നു വിറച്ച് അങ്ങിനെ  നിൽക്കുകുകയാണ് ..!

                     മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിൽ ഏതു ധീരനും ഒന്നു പതറും ...!
പക്ഷേ .., !, ഞാനൊരു പടത്തലവനാണ് .., എന്നും മരണത്തെ മുഖാമുഖം നേരിട്ട് വിജയം വരിക്കുന്നവൻ ...! അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളെ സമചിത്തതയോടെ മറികടക്കേണ്ടവൻ വെറുമൊരു ശരാശരി മനുഷ്യന്റെ മാനസീക നിലവാരത്തിലേക്ക് ഒരിക്കലും

 തരം താണുകൂടാ

                  എന്നാൽ  .., തുടർച്ചയായ പ്രധിസന്ധികളും തടസ്സങ്ങളും ഏതൊരു ധീരനേയും കടുത്ത മാനസീക സമ്മർദ്ധത്തിനു  അടിമപ്പെടുത്തും ..!

                 പക്ഷേ ....ഇവിടെ എനിക്ക് ഈ പ്രതിസന്ധിയെ അതിജീവിച്ചേ മതിയാകൂ ..,,എന്റെ ലക്ഷ്യ  പൂർത്തീകരണത്തിനായി എനിക്കിവിടെ തോറ്റു കൊടുക്കാനാകില്ല ..!, ഈ കടൽ കൊള്ളക്കാരുടെ വെടിയേറ്റു മരിക്കാനല്ല ..; പൂർവ്വീകരുടെ അനുഗ്രഹത്താൽ ഇത്രയധികം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഞാനിവിടെ എത്തിചേർന്നിരിക്കുന്നത് ...!എനിക്കൊരു നിമിത്തമുണ്ട്‌ ഞാനത് പൂർത്തീകരിക്കണം ...!

                  ഇവിടെ ഞാൻ തളരരുത് .., ഒന്നും പ്രതികരിക്കാതെ കടൽകൊള്ളക്കാരുടെ വെടിയേറ്റ് വീണു മരിക്കുന്നതിനേക്കാൾ നല്ലത് ..; ഒരു യോദ്ധാവിനെപ്പോലെ എതിരിട്ട് അതിൽ വീരമരണം വരിക്കുകയാണ്

                       വെടിവെച്ചു കൊല്ലുന്ന അടിമകളെയെല്ലാം അവർ ഒന്നൊന്നായി കടലിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്നു ..!, ഇരുപതിൽ താഴെയായി ഞങ്ങളുടെ അംഗസംഖ്യ കുറഞ്ഞപ്പോൾ .., മരണത്തിന്റെ തണുപ്പ് എന്റെ നെറ്റിയിൽ മുട്ടിയത്‌ ഞാനറിഞ്ഞു ...!

                    ഒരു യോദ്ധാവിന്റെ രക്തം എന്നിൽ തിളച്ചു മറിഞ്ഞു .., പടനായകന്റെ കരുത്ത് എന്നിലേക്ക് ആവാഹിച്ചു കയറി ...!മനസ്സിൽ പ്രിയപ്പെട്ടവളുടെ മുഖം തെളിഞ്ഞു ...!

2014, മാർച്ച് 11, ചൊവ്വാഴ്ച

                                                                   
   പടയാളികളുടെ അലർച്ചകൾ കാതുകളിൽ മുഴങ്ങുന്നു ....!

''അങ്ങാണ് പടക്കുറുപ്പ് ..., അങ്ങാണ് പടത്തലവൻ ...''!, ആ അലർച്ചകൾ എന്റെ ശരീരത്തെ പ്രകമ്പനം കൊള്ളിക്കുന്നു ...!

                 പഠിച്ചെടുത്ത അടവുകൾ ക്ഷണനേരത്തിൽ ശരീരത്തെ സജ്ജമാക്കി ..!, ആറാം ഇന്ദ്രീയം ഉണർന്നു ....!കണ്ണുകൾ സൂക്ഷ്മങ്ങളായി ....!, കാതുകൾ ജാഗരൂഗങ്ങൾ ആയിത്തീർന്നു..! ചുറ്റുപാടും ഞാനൊന്നുകൂടി കണ്ണോടിച്ചു ...!, നരഹത്യ കോമാളിത്തരമാക്കി മൂന്നുപേർ എന്റെ മുന്നിൽ നിൽക്കുന്നു .., അതിലൊരുവന്റെ തോക്കിൻ കുഴൽ എന്റെ നെറ്റിയോട്‌ ചേർന്നും ...!

                 കൊള്ളക്കാരുടെ തലവനടക്കം മറ്റു രണ്ടുപേർ കപ്പലിന്റെ ഒരു വശത്ത്‌ കടലിലേക്ക് നോക്കി നിൽക്കുന്നു ...!,  രണ്ടു പേർ കപ്പലിന്റെ മുൻഭാഗത്തും .., രണ്ടു പേർ പിൻഭാഗത്തുമായി നിൽക്കുന്നുണ്ട് ..! ബാക്കിയുള്ളവർ കപ്പലിന്റെ ഉൾഭാഗത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു ...!

                  അടുത്ത നിമിഷം ഒരു അട്ടഹാസത്തോടെ അയാൾ എന്റെ മുഖത്തേക്ക് ആഞ്ഞു തുപ്പി .., ചവച്ചു തുപ്പിയ ആ ലഹരി എന്റെ മുഖത്തു പതിച്ചു .., അതാണ്‌ വെടിയുതിർക്കുന്നതിനു മുൻപുള്ള അടയാളം ..!

                   ക്രൂരമൃഗങ്ങളുടെ കണ്ണുകളിൽ പോലും കാണാൻ സാധിക്കാത്ത അത്രയും കുടില ഭാവം ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തു ...!

                       നിമിഷങ്ങൾ മാത്രം ..., ആ വിരലുകൾ തോക്കിൻ കാഞ്ചിയിൽ അമരുന്നതിനു മുന്നോടിയായുള്ള ..; ആ ഒരേ .., ഒരു നിമിഷം .., ഞാനൊരു സിംഹത്തെപ്പോലെ ഗർജ്ജിച്ചു .., അതേ സമയത്തിൽ തന്നെ എന്റെ ഇടതുകൈ .., ആ തോക്കിൻ കുഴലിന്റെ ഗതി മാറ്റുകയും .., വലതുകൈ ഒരു സീൽക്കാരത്തോടെ അതിശക്തമായി അയാളുടെ മൂന്നാം മർമ്മത്തിൽ പതിച്ചതും ഒരേ നിമിഷാർദ്ധത്തിൽ തന്നെയായിരുന്നു ..!

                 ഒന്ന് അലറിക്കരയുവാൻ പോലും സമയം കിട്ടുന്നതിനു മുൻപ് ...., വായ്‌ തുറന്നുപോയ അയാളുടെ ഉള്ളിൽ നിന്നും കട്ട രക്തം പുറത്തേക്ക് തള്ളിയിറങ്ങി .., വിറച്ചു കൊണ്ട് കുനിഞ്ഞു പോയ അയാൾ അങ്ങിനെ തന്നെ താഴേക്കു വീണു ...! ഞെട്ടിത്തരിച്ചു പോയ മറ്റു രണ്ടുപേർക്കും ഒന്ന് ചിന്തിക്കാൻ പോലും അവസരം ലഭിക്കുന്നതിനു മുൻപേ ...; അന്തരീക്ഷത്തിലേക്ക് കുതിച്ചുയർന്ന എന്റെ കൈയ്യിൽ .., ചത്തുവീണവന്റെ അരപ്പട്ടയിൽ നിന്നും ഊരിയെടുത്ത വാളുമുണ്ടായിരുന്നു ...!

                     ഒരു സീൽക്കാരത്തോടെ അന്തരീക്ഷത്തിൽ അതൊന്നു പുളഞ്ഞു ..!, ഞെട്ടറ്റ ശിരസ്സുകളിൽ നിന്നും രക്തം പൂക്കുല പോലെ ചിതറി ...., അടുത്ത നിമിഷത്തിൽ അവരുടെ ശരീരങ്ങളിൽ നിന്നും ഊരിയെടുത്ത കഠാരകൾ അന്തരീക്ഷത്തിൽ ഒരു മൂളൽ ഉതിർത്തു ചീറിപ്പാഞ്ഞു ...!, കപ്പലിന്റെ വാൽഭാഗത്തുണ്ടായിരുന്ന രണ്ടുപേർ .., ഒരു ആർത്തനാദത്തോടെ കടലിലേക്ക് നിപതിക്കുന്നത് ഞാൻ കണ്ടു ..!

                     എന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പരിഭ്രാന്തരായ കടൽ കൊള്ളക്കാരുടെ തലവനും .., മറ്റൊരുവനും തോക്ക് ചൂണ്ടിക്കൊണ്ട് എന്റെ നേരെ പാഞ്ഞടുത്തു ...!, പക്ഷേ .., അതിനകം തന്നെ  എന്റെ പ്രത്യാക്രമണത്തിൽ ഉത്തേജനം ലഭിച്ച അടിമകൾ അവരെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു .., ഒന്ന് പ്രതികരിക്കാൻ സാധിക്കുന്നതിനു മുൻപുതന്നെ ആ ഏഴുപേരും വീണു  കഴിഞ്ഞിരുന്നു ..!

                         ഇതിനിടയിൽ ഞാൻ കപ്പലിന്റെ ക്യാപ്റ്റനെ ബന്ധന വിമുക്തനാക്കി .., നന്ദി സൂചകമായി ആ  കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു ...!, ഒന്ന് വീണുപോയ ആ കപ്പിത്താൻ വേച്ചു കൊണ്ട് എഴുന്നേറ്റപ്പോൾ  ..; കൊള്ളക്കാരിലോരുവന്റെ കൈയ്യിൽ നിന്നും വീണുപോയ ഒരു തോക്കുമുണ്ടായിരുന്നു  ...!അതൊന്നു തീ തുപ്പി .., ഉച്ചത്തിലുള്ള ആ വെടി ശബ്ദത്തിൽ ഞാനടക്കം എല്ലാവരും വിറച്ചു പോയി ...!

                      അടിമകൾ എല്ലാം ഭയ വിഹ്വല്ലരായി ഒരു മൂലയിലേക്ക് പതുങ്ങി ...!, ഒരു ഞരക്കത്തിനോടുവിൽ കൊള്ളക്കാരുടെ തലവനെന്ന് തോന്നിക്കുന്നവന്റെ ശരീരം നിശ്ചലമായി .., കൃത്യം  ശിരസ്സിലേറ്റ ആ വെടിയുണ്ട  അയാളുടെ തല തകർത്തു കളഞ്ഞിരിക്കുന്നു  ..!

                        വെടി ശബ്ദങ്ങളും ആർത്തനാദങ്ങളും അവരുടെ കൂട്ടാളികളെ കൂടി മുകളിലേക്ക് എത്തിച്ചു വെങ്കിലും  .., ചത്തു കിടക്കുന്ന തലവനേയും .., മറ്റുള്ളവരേയും കണ്ടപ്പോൾ ..; ഒരു എതിർപ്പിനു പോലും നിൽക്കാതെ .., അവരെല്ലാം കടലിലേക്ക് എടുത്തു ചാടി ...

                ഞാൻ ശരിക്കും അവശനായിക്കഴിഞ്ഞിരിക്കുന്നു ..., ശരിയായ രീതിയിലുള്ള ഭക്ഷണത്തിന്റെ അഭാവവും  .., നീണ്ട കടൽ വാസവും .., അപ്രതീക്ഷിത പ്രതിസന്ധികളും ..., എല്ലാം കൂടി ചേർന്ന് ..; എന്റെ ആരോഗ്യത്തെ വളരെയധികം ചോർത്തിക്കളഞ്ഞിരിക്കുന്നു ..!

                തളർന്നു കഴിഞ്ഞ ഞാൻ കപ്പലിലേക്ക് നിരങ്ങി വീണു .., !, അടഞ്ഞു പോകുന്ന കണ്‍പോളകൾക്കിടയിലൂടെ .., അവ്യക്തമായ രൂപങ്ങൾക്കിടയിൽ ..; എന്റെ നേർക്ക് നടന്നു വരുന്ന തോക്ക്ധാരിയായ കപ്പിത്താനെ ഒരു മൂടൽ മഞ്ഞു കണക്കെ ഞാൻ കണ്ടു ..!



                                                               
                                                                            31

                  ഒരട്ടഹാസത്തോടെ എന്നെ പിടിച്ച് എഴുന്നെല്പ്പിച്ച് ആശ്ലേഷിച്ചുകൊണ്ട് ..; ആ ക്യാപ്റ്റൻ അലറിപ്പറഞ്ഞു ..!

                  ''Your a brave man....! Your a brave man...!
You saved  my life....! You saved  my life..., Your my Brother....!''

                 എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ആ നാവീകൻ കരയുകയാണ് ....!

                  രാജകീയമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്റെ വാസം ..!, ആ സംഭവത്തോട് കൂടി  ക്യാപ്റ്റന്റെ ഏറ്റവും പ്രിയപ്പെട്ടവനായി  ഞാൻ മാറിക്കഴിഞ്ഞിരിക്കുന്നു ...!അവരുടെ ജീവനും .., കപ്പലും .., സ്വത്ത് വകകളും സംരക്ഷിച്ച ..., ഞാൻ അവരുടെ ഇടയിൽ ഒരു നായകനായി മാറിക്കഴിഞ്ഞിരിക്കുന്നു ..!

                  എല്ലാ മുഖങ്ങളിലും ആരാധന ഭാവം .., ബഹുമാനപുരസ്സരമുള്ള പെരുമാറ്റം ..!

                   ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു ..!, ഓരോ ദിവസവും കഴിയും തോറും ഞങ്ങളുടെ സുഹ്രദ്ബന്ധം കൂടുതൽ കൂടുതൽ ദ്രിഡമായി വളർന്നു ...! ആ കപ്പലിൽ ക്യാപ്റ്റനോട്‌ സമാനമായ  രീതിയിലുള്ള  എല്ലാവിധ സൌകര്യങ്ങളും എനിക്ക് ലഭ്യമായിരുന്നു ..!, വിശാലമായ മുറി .., സുഭിക്ഷമായ  ഭക്ഷണം  .., അങ്ങിനെ എല്ലാം തന്നെ ..!, പരസ്പരമുള്ള ആശയവിനിമയം ഒന്ന് മാത്രമായിരുന്നു  ഞങ്ങൾ നേരിട്ട ഏക വൈഷമ്യം ...!

               ആദ്യമൊക്കെ ആംഗ്യ ഭാഷയിൽ കൂടിയാണ് ഞങ്ങൾ ആശയവിനിമയം നടത്തിയിരുന്നത് ..; അതിന്റെ കൂടെ ഹെന്റിയിൽ നിന്നും  പഠിച്ചെടുത്തിരുന്ന  ചില മുറിവാക്കുകളും ഞാൻ ഉപയോഗിച്ചു....!

         എങ്കിലും .., ക്യാപ്റ്റന്റേയും .., എന്റേയും കഠിന പരിശ്രമം കൊണ്ട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ  തന്നെ ഞാൻ  അല്പാല്പം ആംഗലേയ ഭാഷാ  പരിജ്ഞാനം സ്വായത്തമാക്കാൻ തുടങ്ങിയിരുന്നു...!

                ഞാനീ കപ്പലിൽ എത്തിച്ചേർന്നിട്ട് ഏകദേശം നാല്പതു നാളുകളിൽ അധികമായിരിക്കുന്നു..! സീതയെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ ഹൃദയത്തെ കുത്തി നോവിച്ചുകൊണ്ടിരിക്കുകയാണ് ..!, വിഷാദപൂർണ്ണമായ നിമിഷങ്ങളിൽ ..., എന്നും ഞാൻ കടലിന്റെ നീലിമയിലെക്ക് നോക്കിക്കൊണ്ടിരിക്കും  ...!

                 ഞങ്ങൾ ഒരിമിച്ചുള്ള  നാളുകൾ മനസ്സിനുള്ളിൽ തികട്ടിവരുംതോറും ഞാൻ കൂടുതൽ കൂടുതൽ ദുഖാർത്തനായി മാറുന്നു ...!, എവിടെചെന്നാണ് അവളെ കണ്ടുപിടിക്കാനാകുക ...?, വിശാലമായ ഈ ലോകത്തിന്റെ ഏതു കോണിലാണ് ഞാൻ  അവളെ തിരയുക ..?.. എന്തായിരിക്കും എന്റെ പ്രിയപ്പെട്ടവളുടെ ഇപ്പോഴത്തെ അവസ്ഥ ...? അസ്വസ്ഥമാകുന്ന മനസ്സ് നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നു ...?

2014, മാർച്ച് 9, ഞായറാഴ്‌ച

                                                 




                       അങ്ങിനെയിരിക്കെ .., ഒരു സായം സന്ധ്യയിൽ ., ഏകാന്തതയിൽ കപ്പലിന്റെ അമരത്തിരുന്നുകൊണ്ട് ..., വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ ..!

                    ബലിഷ്ഠമായ രണ്ടു കരങ്ങൾ എന്റെ തോളിൽ അമർന്നപ്പൊഴാണ് ഞാൻ ഞെട്ടിത്തിരിഞ്ഞത് ..!

              ക്യാപ്റ്റനായിരുന്നൂവത് ...!

           തിരിഞ്ഞു നിന്ന എന്റെ ചുമലുകൾ പിടിച്ചു കുലിക്കിക്കൊണ്ട് ..; ആർദ്രമായ സ്വരത്തിൽ അദ്ദേഹം എന്നോട് ചോദിച്ചു ...!

            ''ഞാൻ പലപ്പോഴും ശ്രദ്ധിക്കുന്നു ..., എന്തുകൊണ്ടാണ് താങ്കൾ എല്ലായിപ്പോഴും ദുഖാ:കുലനായിരിക്കുന്നത് ..? ഈ സൌകര്യങ്ങളിൽ താങ്കൾ ത്രിപ്തനല്ലേ ...? എന്താണ് താങ്കൾക്ക് വേണ്ടത് ..?ഈ ലോകത്ത് എനിക്ക് പ്രിയപ്പെട്ടവരായവരിൽ ഏറ്റവും മുകളിലാണ് താങ്കളുടെ സ്ഥാനം ..!, എന്റെ ജീവിതം തന്നെ  ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു ..!, അത്രത്തോളം ഞാൻ താങ്കളെ സ്നേഹിക്കുന്നുമുണ്ട്  ....!''

               ഒന്ന് നിറുത്തി ..; അദ്ദേഹം എന്നോട് തുടർന്ന് ചോദിച്ചു ...!

         ''സത്യത്തിൽ താങ്കൾ ആരാണ് ...? , എന്താണ് താങ്കളെ അലട്ടുന്ന പ്രശനം ...?, ആരുമില്ലാത്ത ഒരു ദ്വീപിൽ നിന്നാണ് ഞാൻ താങ്കളെ കണ്ടെത്തിയത് ..!, താങ്കൾ എങ്ങിനെയവിടെ എത്തപ്പെട്ടു ...?, ദയവായി എല്ലാം എന്നോട് തുറന്നു പറയൂ ..."!

                ഞാനൊരു നിമിഷം ....കണ്ണുകളടച്ച്‌ നിശബ്ദനായി നിന്നു ..., എന്നിട്ടാ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു ...!

                 ''ഞാനൊരു നായകനാണ് ...!, ഒരു ദേശത്തിന്റെ പടത്തലവൻ..., എന്റെ പത്നിയെത്തേടിയാണ് ഞാനീ മഹാസമുദ്രം തരണം ചെയ്യാൻ ശ്രമിക്കുന്നത് ..!, ആ യാത്രയിലാണ് താങ്കൾ എന്നെ ആ ദ്വീപിൽ നിന്നും കണ്ടെത്തിയത് ...!''

                   ആ മുഖം അത്ഭുതപരതന്ത്രമാകുന്നത് ഞാൻ കണ്ടു ...., പതുക്കെ .., പതുക്കെ .., എന്റെ ഓർമ്മചെപ്പിൽ നിന്നും ഞാനെന്റെ അനുഭവങ്ങൾ ഓർത്തെടുത്തു ..!

               നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറിക്കൊടുത്തു ...!, കടൽ ശാന്തമാണ് ..ഇളം കാറ്റ് കപ്പലിന്റെ പായ്മരത്തെ താഴുകുമ്പോഴുള്ള .., ചെറിയ ശീൽക്കാരം മാത്രം ഉയർന്നു കൊണ്ടിരിക്കുന്നു...!

                     സന്ധ്യമയങ്ങിയിരിക്കുന്നു .., അസ്തമയ സൂര്യന്റെ ചുവപ്പു രാശി  .., കടലിന് സ്വർണ്ണ  വർണ്ണം നൽകിയിരിക്കുന്നു ...!

                    ഒരു നെടുവീർപ്പോടുകൂടി ഞാൻ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ..; വിശ്വസിക്കാൻ പോലും ആകാതെ ആ കപ്പിത്താൻ തരിച്ചിരിക്കുകയായിരുന്നു ...!, ഏതാനും നിമിഷം ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്നതിനു ശേഷം .., അദ്ധേഹം എന്റെ അടുക്കലേക്ക് വന്നു .., എന്റെ കരം  ഗ്രഹിച്ച് .., ആ നെഞ്ചോട്‌ ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു ....!

              ''രാമാ താങ്കൾ ഒരു മഹാനാണ് .., എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ .., താങ്കളെപ്പോലെ ധീരനും .., വിശ്വസ്തനും .., സ്നേഹസമ്പന്നന്നും ആയ ഒരാളെ ..; ഞാൻ കണ്ടിട്ടില്ല .., താങ്കൾക്കു മുന്നിൽ എന്റെ സ്നേഹാദരങ്ങൾ ഞാനിതാ സമർപ്പിക്കുന്നു ..!

                  ഒന്ന് നിറുത്തിയതിന് ശേഷം അദ്ദേഹം വീണ്ടും തുടർന്നു ...''

            ''താങ്കളുടെ ഈ യാത്രയിൽ ..; ഇനി ഞാനുമുണ്ട് കൂടെ ..: അതിനായി എന്റെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടിവന്നാൽ തന്നെയും ..!, ഈ കപ്പൽ ഇംഗ്ലണ്ടിന്റെ തീരത്ത് നങ്കൂരമിടുകയേ വേണ്ടൂ .., എന്റെ സ്വാധീനവും , .., പണവും .., ഉപയോഗിച്ച് ..., , താങ്കളുടെ പത്നി എവിടെയായിരുന്നാലും .., കണ്ടുപിടിക്കുന്നതിനായി എന്റെ മുഴുവൻ കഴിവും വിനിയോഗിച്ചു കൊള്ളുമെന്ന് ..; ഞാനിതാ ..; എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് വാഗ്ദാനം ചെയ്യുകയാണ്..!,, അത് കൂടാതെ ..; മറ്റൊരു പ്രതിജ്ഞ കൂടി ഞാനീ സന്ദർഭത്തിൽ എടുക്കുകയാണ് ...''!

             ''ഇനിമേൽ അടിമവ്യാപാരമെന്ന ഏറ്റവും നിഷ്ഠൂരമായ  ഈ പ്രവർത്തിയും ..; ഞാനിതാ ഇവിടെ അവസാനം കുറിക്കുകയാണ്  ..; അതെനിക്ക് ഏറ്റവും ലാഭകരമായ ഒന്നാണെങ്കിൽതന്നെ കൂടിയും ..; അതും എന്റെ ഈ പ്രിയപ്പെട്ട സുഹൃത്തിനു വേണ്ടി തന്നെ ...''!

                  വികാരം തിളച്ചു മറിഞ്ഞ ആ നിമിഷത്തിൽ ..; ഞാൻ അദ്ദേഹത്തെ ആലിംഗനം ചെയ്തു കൊണ്ട് എന്റെ നന്ദി രേഖപ്പെടുത്തി ...!

                 മനസ്സ് ഉന്മേഷഭരിതമായി മാറിക്കഴിഞ്ഞിരിക്കുന്നു ...!, ആത്മവിശ്വാസം അതിന്റെ പരകോടിയിൽ എത്തിച്ചേർന്നിരിക്കുന്നതായി എനിക്ക് തോന്നി ...!, ഒരു പക്ഷേ ...., ലക്ഷ്യരഹിതമായിത്തീരുമോയെന്ന് ..; ഞാനൊരു വേള ഭയന്നു പോയ ..; ഈ യാത്രക്ക് .., ഇപ്പോൾ ഒരു ലക്ഷ്യവേഗം കൈവന്നിരിക്കുന്നു ...!, സഹായിക്കുവാൻ ശക്തമായ കരങ്ങളുടെ പിന്തുണയുണ്ടായിരിക്കുന്നു  ...!

                      രണ്ടു കരങ്ങളും .., ആകാശത്തെക്കുയർത്തിക്കൊണ്ട് ഞാനെന്റെ പൂർവ്വീകരോട് നന്ദി പറഞ്ഞു ..!

                ഈ സമയം വിണ്ണിൽ പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾക്ക് .., തിളക്കം ഒന്നുകൂടി വർദ്ധിച്ചുവെന്ന്  എനിക്ക് തോന്നി ...!

2014, മാർച്ച് 6, വ്യാഴാഴ്‌ച

                                                         

                                                                         32
               
        ഒരു മാസം നീണ്ട ആ കടൽയാത്രക്കൊടുവിൽ .., ഇംഗ്ലണ്ടിലെ വിഖ്യാത തുറമുഖത്ത് കപ്പലടുക്കുമ്പോൾ .., നേരം നന്നേ പുലർന്നു കഴിഞ്ഞിരുന്നു ..!

         നീണ്ട നാളുകളുക്ക് ശേഷം ..,പാദങ്ങൾ ഭൂമിയെ സ്പർശിച്ചപ്പോൾ എന്റെ ശരീരമാസകലം വിറകൊണ്ടു ...!

            എന്നെ ചേർത്തു പിടിച്ചുകൊണ്ട് .., അലക്സാണ്ടർ ഫ്രാങ്കളിൻ എന്ന ആ കപ്പിത്താൻ പറഞ്ഞു ...!

         ''അപരിചിതമായ മണ്ണെന്നു കരുതരുത് ......, ക്യാപ്റ്റന്റെ സ്വന്തം നാടായിത്തന്നെ കരുതാം ...!..കൂടെ എന്തിനും .., ഏതിനും .., ഞാനും എന്റെ ഈ ലോകവുമുണ്ട് ...!''

                തിരക്കു പിടിച്ച നാഴികകൾ ആയിരുന്നൂവത്   ....!, കപ്പലിനെതിരെ സംഭവിച്ച ആക്രമണത്തെക്കുറിച്ച് അധികാരികളെ അറിയിക്കലും മറ്റുമായി.., വളരെയധികം നേരം ഞങ്ങൾ ചിലവഴിച്ചു ..!

             എല്ലാവരുടേയും മുന്നിൽ എന്നെ ഒരു വീരനായകനായി ..; അലക്സ്സാണ്ടർ ഉയർത്തി കാട്ടിക്കൊണ്ടിരുന്നു ...!

              സുദീർഘമായ ആ നടപടി ക്രമങ്ങൾക്കു ശേഷം .., മറ്റൊരു നല്ല കാര്യം കൂടി അദ്ദേഹം ചെയ്തു ...!

              കപ്പലിൽ അവശേഷിച്ചിരുന്ന അടിമകളെ മുഴുവനും സ്വതന്ത്രരാക്കുകയും .., ഏവരെയും അവരവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു ...!, അതിനോട് അനുബന്ധമായിത്തന്നെ ...., ഇനി താനോ .., തന്റെ കപ്പലുകളോ ... ഒരിക്കലും അടിമവ്യാപാരത്തിൽ ഏർപ്പെടുകയോ .., അത്തരം പ്രവർത്തികൾക്കായി സമുദ്രാന്തർയാത്രകൾ നടത്തുകയോ .., ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയും അദ്ദേഹം എടുത്തു ..!

                  ഇംഗ്ലണ്ടിലെ അപ്രധാനമല്ലാത്ത ഒരു പ്രഭു കുടുംബത്തിലെ അംഗമാണ് അലക്സ്സാണ്ടർ. സ്വന്തമായി പത്തോളം കപ്പലുകൾ അദ്ദേഹത്തിന്റെതായുണ്ട്..!

                അടിമവ്യാപാരം കൂടാതെ തന്നെ .., മറ്റു വ്യാപാരാവശ്യങ്ങൾക്കായി.., അദ്ദേഹത്തിന്റെ കപ്പലുകൾ പേർഷ്യയിലേക്കും .., മദ്ധ്യപൂർവ്വേഷ്യയിലേക്കും.., യുറോപ്പ് മുഴുവനും ചുറ്റി സഞ്ചരിക്കാറുണ്ട്‌ ..!

               വളരെ ബ്രഹത്തായ ഒരു വ്യാപാരശ്രിംഗലക്ക് ഉടമയായിരുന്നുവെങ്കിലും .., അടിമകളെ കൊണ്ടു വരുന്ന കപ്പലുകളിൽ മാത്രമേ അദ്ദേഹം  കപ്പിത്താനായി യാത്ര ചെയ്തിരുന്നുള്ളൂ .., അതിലെന്തോ ..,   ഗൂഡമായ ഒരു ആനന്ദം അദ്ദേഹം  അനുഭവിച്ചിരുന്നിരിക്കണം എന്ന് തോന്നുന്നു ..!, അതിനാണിപ്പോൾ  തിരശ്ശീല വീണിരിക്കുന്നത് ...!

              എല്ലാ തിരക്കുകൾക്കുമൊടുവിൽ ..., രാജകീയമായി അലങ്കരിച്ച കുതിരവണ്ടിയിൽ  .., ഞങ്ങൾ അലക്സാണ്ടറുടെ വസതിയിലേക്ക് യാത്ര തിരിക്കുമ്പോൾ ..; നേരം ഏതാണ്ട് മദ്ധ്യാഹ്നത്തോട് അടുത്തിരുന്നു ....!

                  തുറമുഖത്തുനിന്നും ഏതാണ്ട് നൂറു മൈലുകളോളം ദൂരമുണ്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് ... ദീർഘമായ ഒരു  യാത്ര

                 എന്റെ ദുഖാർദ്രമായ മൌനം കണ്ട് ..; ആശ്വസിപ്പിക്കാനായി അദ്ദേഹം പറഞ്ഞു  ....!

                        ''എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ...., താങ്കളുടെ മനോവിഷമം എനിക്ക് ഊഹിക്കാൻ കഴിയാവുന്നതിലും അപ്പുറമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു .., എന്നിരുന്നാലും ഒരു നീണ്ടയാത്രയുടെ അവസാനം നമുക്ക് രണ്ടു പേർക്കും അൽപം വിശ്രമം അനിവാര്യംതന്നെയാണ് ...!, അതിനു ശേഷം ഒരു പുതു  ഊർജ്ജത്തോടെ നമ്മൾ നമ്മുടെ ജോലി തുടരുന്നതാണ് ...!''

              '' എനിക്ക് ഉറപ്പുണ്ട് ..., എന്റെ ഇവിടത്തെ സ്വാധീനത്താൽ നമുക്കവരെ കണ്ടെത്താൻ കഴിയുമെന്ന് ..., അതിലേക്ക് നമുക്ക് ആദ്യമായി ആ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ തേടേണ്ടതായുണ്ട് ...!

           യൂറോപ്പിലുള്ള മുഴുവൻ കപ്പലുകളുടെയും കൂട്ടായ്മയായുള്ള ഒരു സ്ഥാപനമുണ്ട് ..!''ദി ഷിപ്പിങ്ങ് കമ്പനി ഓഫ്  യൂറോപ്പ് ''!, എന്നാണത് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ....!, അവിടെ അന്വേഷിച്ചാൽ നമുക്ക് ആ കപ്പലിനെക്കുറിച്ചും .., അതിലെ നാവികരേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും .., കാരണം യൂറോപ്പിലുള്ള മുഴുവൻ കപ്പലുകളും  .., അതിന്റെ പൂർണ്ണ വിവരങ്ങളും .., ഈ സ്ഥാപനത്തിൽ റെജിസ്റ്റർ ചെയ്തിരിക്കണം  എന്നുള്ള നിയമമുണ്ട് ...''!

            '' അതനുസരിച്ച് .., ആരുടേതാണീ കപ്പൽ ...?ആരാണ് അതിന്റെ കപ്പിത്താൻ ...?, അത് എങ്ങോട്ടേക്ക് പോകുന്നു .., എന്തിന് പോകുന്നു ..?, എന്ന് തിരിച്ചു വന്നു ..?, ഇപ്പോൾ എവിടെയുണ്ട് .., എന്നീ വിവരങ്ങൾ എല്ലാം തന്നെ കൃത്യമായി  രേഖപ്പെടുത്തപ്പെട്ടിരിക്കും  ...!

                 ഇനി ഒരു പക്ഷേ .., ആ കപ്പൽ സ്പെയിനിൽ ആയിരുന്നാൽ തന്നേയും .., നമുക്ക് ഉടൻ തന്നെ അങ്ങോട്ട്‌ പോകുവാനുള്ള ഏർപ്പാടുകൾ ചെയ്യാൻ കഴിയാവുന്നതാണ് ...!, ആയതുകൊണ്ട് .., എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ....  ; താങ്കൾ ദു:ഖിതനായിരിക്കാതെ ..; സന്തോഷവാനായിരിക്കൂ ..!

             താങ്കളുടെ ദു:ഖം .., എന്റെ മനസ്സിനെയും സങ്കടകുലമാക്കിത്തീർക്കുന്നു..!''

               കറ കളഞ്ഞ ആ സ്നേഹത്തിനു മുന്നിൽ ഞാൻ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി ...!

                       നാഴികമണി മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നു ...1
        നീണ്ടു കിടക്കുന്ന ആ ഒറ്റയടിപ്പാതയിലൂടെ .., ഞങ്ങളേയും വഹിച്ചു കൊണ്ട് ആ കുതിര വണ്ടി  പായുകയാണ് ...!

              നല്ല കുളിർമ്മയുള്ള കാറ്റ് മുഖത്തേക്ക് അടിച്ചുകൊണ്ടിരിക്കുന്നു .., അതിന്  പേരറിയാത്ത ഏതോ പുഷ്പങ്ങളുടെ സുഗന്ധം ...!, വഴിത്താരയുടെ ഒരു വശത്ത്‌  ഉയർന്നു നിൽക്കുന്ന ഗിരിശ്രിംഗങ്ങൾ ...!മറുവശത്ത്‌ നിരനിരയായി വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ ..; അതിനു പുറകിലായി വയലു കണക്കെ പരന്നു കിടക്കുന്ന  മഞ്ഞ നിറമുള്ള പുഷ്പങ്ങൾ ...., അതങ്ങനെ ഒരു  മഞ്ഞക്കടൽ കണക്കെ പരന്നു കിടക്കുന്നു ....!

     എല്ലാം കൂടിച്ചേർന്ന് അസാധാരണമായൊരു ദ്രിശ്യ ഭംഗി ആ പ്രദേശത്തിനു നൽകുന്നു ...!

             ക്ഷീണാധിക്യത്താൽ അലക്സാണ്ടർ  ..; എപ്പോഴോ നിദ്രയിൽ ആണ്ടു കഴിഞ്ഞിരുന്നു ..!

             ആ മുഖത്തെ ശാന്ത ഭാവം ... , കപ്പലിൽ വെച്ചു കണ്ടതിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു ...!

                 ഒരു പക്ഷേ..., പൂർവ്വീകരുടെ കാരുണ്യമായിരിക്കാം ഇദ്ദേഹത്തെ കണ്ടു  മുട്ടുവാൻ ഇടയാക്കിയത് ...!

               ഞാൻ വീണ്ടും .., പ്രക്രതിയുടെ ആ മനോഹര ദ്രിശ്യങ്ങളിലേക്ക് കണ്ണുകളോടിച്ചു ..!

               വല്ലപ്പോഴും മാത്രം .., ചിനച്ചു കൊണ്ട് കുതിരകളെ പൂട്ടിയ രഥങ്ങൾ എതിർവശത്തു കൂടെ ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു ...!

              ഏകാന്തതയുടെ ആ നിമിഷങ്ങളിൽ .., മനസ്സ് വീണ്ടും സീതയുടെ സാമീപ്യത്തിലേക്ക് ചേക്കേറിക്കഴിഞ്ഞിരിക്കുന്നു ....!

               അവളിപ്പോൾ എവിടെയായിരിക്കും ...?, എന്തായിരിക്കും അവസ്ഥ ..? ആ ചിന്തകൾ  എന്റെ ഹൃദയത്തെ ഞെരിച്ചു കളയുന്നു ...!

             എന്നാൽ താൻ സീതയുടെ വളരെയടുത്ത് എത്തിയിരിക്കുന്നതായി മനസ്സിലിരുന്നാരോ  പറയുന്നു .., ആ സാമീപ്യത്തിന്റെ  അദ്രശ്യമായൊരു അനുഭവം തന്നെ തലോടുന്നു ..!

             മനസ്സും .., മനസ്സും .., പരസ്പരം തൊടുന്നത് പോലെ ...!.., വിവരിക്കാനാകാത്ത ഒരു  വികാരം .., അതിനെ ഊഷ്മളത തനിക്ക് അനുഭവഭേദ്യമാകുന്നുണ്ട് ....!, പക്ഷേ ...,തന്റെ  നയനങ്ങൾക്ക് അവ കാണാനാകുന്നില്ല...,!,തന്റെ  കൈകൾക്ക് സ്പർശിക്കാനാകുന്നില്ല ..!, പക്ഷേ .., തന്റെ മനസ്സിന് അത്  തൊട്ടറിയാനാകുന്നുണ്ട് ...!

           കാരണം ഹൃദയം .., ഹൃദയത്തോട് അടുക്കുമ്പോൾ ഉണ്ടാകുന്ന അദൃശ്യമായൊരു വിങ്ങൽ  ....!

             എവിടെയാണവൾ ...?, ഏത് കാരാഗ്രഹത്തിലാണ് തന്റെ പ്രിയ പത്നി തളക്കപ്പെട്ടിരിക്കുന്നത് ...?, ആ ഹൃദയം തന്നെയോർത്ത് പൊട്ടിത്തകർന്നു കാണും ...?, തന്നെ രക്ഷിക്കാൻ എന്തേ ..തന്റെ കുറുപ്പ് വന്നില്ല ..? എന്നവൾ കണ്ണീരോടെ പരിതപിച്ചിരിക്കും ...!

            ഒരു പക്ഷേ .., ഇനിയൊരിക്കലും വരില്ല ..!, ഏഴു കടലുകളും .., മലകളും താണ്ടി  .., തന്നെ രക്ഷിക്കാൻ തന്റെ കുറുപ്പ് ആശക്തനായിരിക്കാം .., എന്നുകരുതി .., തനിക്കു വന്നു ചേർന്ന ദുരവസ്ഥയോട് അവൾ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുമോ ..?

             ''ഇല്ല .., പ്രിയേ .., ഏഴല്ല .., എഴുപത് കടലുകൾ  താണ്ടിയാലും.., ഈ രാമക്കുറുപ്പ്  നിന്നെ കണ്ടെത്തുകതന്നെ ചെയ്യും ..! അതിനുള്ള ചങ്കൂറ്റവും .., ത്രാണിയും നിന്റെ  ഈ പ്രാണപ്രിയനുണ്ട് ..!, ഞാനിതാ നിന്റെ അടുക്കലേക്ക് പറന്നുകൊണ്ടിരിക്കുകയാണ് ...!

               നിന്റെ നിശ്വാസത്തിന്റെ ചൂട് എന്റെ നെഞ്ചിൽ തട്ടുന്നു ..!, നിന്റെ ദുഖത്തിന്റെ  തേങ്ങലുകൾ എന്റെ കാതുകളിൽ അലയടിക്കുന്നു ..!, ഞാനിതാ നിന്റെ അടുത്തു തന്നെയുണ്ട്‌  പ്രിയേ ...!''

              ഒരു പക്ഷേ .., അവൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ...?, അതായിരിക്കുമോ .., എന്റെ നിനവുകൾ ഇങ്ങനെ രൂപം മാറുന്നത് ..?

             അതേപ്പറ്റി കൂടുതൽ ചിന്തിക്കുവാൻ കരുത്തില്ലാതെ ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു ...!

2014, മാർച്ച് 5, ബുധനാഴ്‌ച

                                                                             



    ആ ആശ്വങ്ങൾ ഞങ്ങളേയും വഹിച്ചുകൊണ്ട് .., ഏറെക്കുറെ വിജനമായ വീഥിയിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു ...!

                  ഉച്ചത്തിലുള്ള വിളിയാണ് എന്നെ വിളിച്ചുണർത്തിയത് .., എപ്പോഴോ ക്ഷീണാധിക്യത്താൽ ഞാനൊന്ന് മയങ്ങിപ്പോയിരുന്നു ...!

                മുന്നിൽ ചിരിച്ചുകൊണ്ട് അലക്സാണ്ടർ...!

           ''പ്രശസ്ഥനായ മലബാറിന്റെ വീരനായകന് ...,  എന്റെ എളിയ  ഈ ഭവനത്തിലേക്ക് സാദരം .., സ്വാഗതമോതുന്നു''..!


              കണ്ണുകൾക്ക് മുന്നിൽ ഒരു കൊട്ടാരത്തെക്കാൾ പ്രൌഡിയോടെ .., അലക്സ്സാണ്ടരുടെ ഭവനം തലയുയർത്തി നിൽക്കുന്നു ...!

                 കണ്ണെത്താദൂരത്തോളം .., വിശാലമായി പരന്നുകിടക്കുന്ന ഒരു സമതല പ്രദേശത്താണ് ..; ആ ഭവനം സ്ഥിതിചെയ്യുന്നത് ..!

                കൊട്ടാരം മുഴുവനും ദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു ...!, മരണത്തിൽ നിന്നുമുള്ള അലക്സാണ്ടാറുടെ തിരിച്ചു വരവ് .., ഇതിനകം തന്നെ അവിടെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു ...!

             കുടുംബാംഗങ്ങൾ മുഴുവൻ തന്നേയും ..,. ഞങ്ങളെ സ്വീകരിക്കുവാനായി.., വിശാലമായ ആ മട്ടുപ്പാവിൽ കാത്തു നിൽക്കുന്നു ...!

                       പ്രഭുവിന്റെ ജീവനും .., സമ്പത്തും സംരക്ഷിച്ച എനിക്ക് .., രാജകീയമായ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത് ..!

                  വീഞ്ഞും .., പാട്ടും ..., ആട്ടവും .., വിഭവ സമ്രദ്ധമായ സദ്യയും എല്ലാം ചേർന്ന ആഡംബരമായ സൽക്കാരങ്ങൾക്കൊടുവിൽ .., , ശയനോൻമുഖനായി ചായുമ്പോൾ നേരം ഏറെ വൈകിയിരുന്നു ...!

                  നിശയിൽ ..., പരസ്പരം വിടചൊല്ലുന്നതിനു മുൻപായി ..., ഒരിക്കൽക്കൂടി ..; അലക്സാണ്ടറുടെ ഉറപ്പ് എനിക്ക് ലഭിച്ചു ...!

              ''വിഷമിക്കാതെ ക്യാപ്റ്റൻ ..; താങ്കൾ സുഖമായി ഉറങ്ങൂ ...!., നാളെ മുതൽ .., താങ്കളുടെ പ്രിയപ്പെട്ട പത്നിയെ തേടിയുള്ള അന്വേക്ഷണം നമ്മൾ ആരംഭിക്കുകയാണ് ...''!

                  പതുപതുത്ത മെത്തയിൽ  അമർന്നപ്പോഴേക്കും ..,നിദ്ര എന്റെ കണ്‍പോളകളെ തഴുകിക്കഴിഞ്ഞിരുന്നു ...!

                 


                                                                 34


                   നേരം നന്നേ പുലർന്നു കഴിഞ്ഞ് .., അലക്സാണ്ടറുമൊത്ത് .., ആ രാജകീയരഥത്തിൽ തുറമുഖത്തേക്ക്.., പുറപ്പെടുമ്പോൾ മനസ്സുമുഴുവൻ ഉൽക്കണ്ട കനം തൂങ്ങി നിൽക്കുന്നു ...!

                എല്ലായിടത്തും ബഹുമാനപൂർവ്വമായ സ്വീകരണം ലഭിക്കുമാറ് .., വളരെയേറെ  പ്രധാനപ്പെട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു അലക്സാണ്ടർ.

               ഏറേ നേരത്തെ വൈഷമ്യകരമായ തിരച്ചിലിനൊടുവിൽ ..; ആ കപ്പലിന്റെ വിശദാംശങ്ങൾ ഞങ്ങൾ കണ്ടു പിടിക്കുക തന്നെ ചെയ്തു ...!
1664 ൽ  ..,ലിസ്ബണിൽ ആണ് ആ കപ്പൽ കമ്മീഷൻ ചെയ്തിരിക്കുന്നത് ...!

         പേര്   , സെന്റ്‌ :മരിറ്റ,
 
          കപ്പിത്താൻ ..., വില്യം ഹെന്റി .

          വയസ്സ്         , നാല്പത്തിയാറ് ,  സ്വദേശം   : , ലിസ്ബൺ  ., കപ്പലിന്റെ ഉടമസ്ഥനും അയാൾ തന്നെയാണ് ...!

             കമ്മീഷൻ ചെയ്തതിനു ശേഷമുള്ള കപ്പലിന്റെ ആറാമത്തെ യാത്രയായിരുന്നൂവത് ...!, ലിസ്ബണിൽ നിന്നും ചരക്കുകളുമായി കാപ്പാട്ടെക്ക്.., നാല്പതു നാൾ  നങ്കൂരത്തിനു ശേഷം .., അവിടെ നിന്നും സുഗന്ധദ്രവ്യങ്ങളുമായി തിരിച്ച് ലിസ്ബണിലേക്ക് ...!

                ഏപ്രിൽ മാസം പതിനാലാം തീയ്യതി ..; കപ്പൽ സുരക്ഷിതമായി ലിസ്ബണിൽ എത്തി ചരക്കിറക്കിയിരിക്കുന്നു ...!

               ഇപ്പോൾ അറ്റ കുറ്റ പണികൾക്കായി ലിസ്ബൺ  തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നു ..!

               ആ കപ്പലിനെക്കുറിച്ചും .., അതിന്റെ ഉടമസ്ഥനും .., കപ്പിത്താനുമായ ഹെന്റിയെക്കുറിച്ചും ഉള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതിനു ശേഷം .., ഞങ്ങൾ  തുറമുഖത്ത് തന്നെ സ്ഥിതി ചെയ്യുന്ന .., അലക്സാണ്ടറുടെ  ഉടമസ്ഥതയിലുള്ള  സത്രത്തിലേക്കു പോയി ..!

                      രാജകീയമായ ഒരു മുറി അവിടെ എപ്പോഴും അദ്ദേഹത്തിനായി സജ്ജീകരിക്കപ്പെട്ടിരുന്നു ....!