2014, ഏപ്രിൽ 22, ചൊവ്വാഴ്ച


                                                               






                   ഒരു ഞെട്ടലോടെ ഞാൻ  കൈകൾ പിൻവലിച്ചു ..!, കാതുകളിൽ തിരമാലകളുടെ നേർത്ത ശബ്ദം ..!, പതുക്കെ .., പതുക്കെ .., യാഥാർത്ഥ്യം എന്നിലേക്ക് തിരിച്ചിറങ്ങി .., എങ്കിലും അതുമായി സമരസപ്പെടുവാൻ മനസ്സ്  മടിക്കുന്നത് പോലെ ..!, 

                     കാരണം ആ സ്വപ്നം അത്രമേൽ മനസ്സിനെ സ്വാധീനിച്ചിരുന്നു  ..!

                 മിഴികൾ തുറന്ന് അല്പസമയം അതിൽ അങ്ങിനെ ലയിച്ചു കിടന്നു ..!, ലാസ്യ മനോഹരമായ ആ അനുഭൂതിയിൽ നിന്നും മുക്തി നേടി പുറത്തുവരാൻ  സമയം പിന്നേയും  ഏറെയിടുത്തു  ..!

                    എന്നാൽ ആ മനോഹാരിതയ്ക്ക് മുന്നിൽ ഒരു രോദനമായി സീതയുടെ കരച്ചിൽ ..!, അതെന്റെ സിരകളെ വീണ്ടും ചൂടു പിടിപ്പിച്ചു .., സടകുടഞ്ഞു എഴുന്നേറ്റ ഞാൻ ആ വീപ്പയിൽ ഇരുന്നുകൊണ്ട് തന്നെ ചുറ്റുപാടും ഒന്ന്  കണ്ണോടിച്ചു ..!

                     തിരകൾ ഏതുമില്ലാതെ ..,കടൽ വളരെ ശാന്തമാണ് ....!

                     അങ്ങിനെ പരന്നു കിടക്കുന്ന ആ സാഗരം എന്നെ ...;എന്റെ നിളയെ ഓർമ്മിപ്പിച്ചു .., നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നു .., അത് വീപ്പയേയും .., എന്നേയും വഹിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു ..!

                   തലക്കുമുകളിൽ ചില ശബ്ദങ്ങൾ കേട്ടാണ് ഞാൻ എത്തിനോക്കിയത് .., കടൽ കാക്കകൾ ചിലച്ചു കൊണ്ട് ആകാശത്ത്‌ വട്ടമിട്ട് പറന്നു കൊണ്ടിരിക്കുന്നു ..!, ആ കാഴ്ച്ച എന്നിൽ ആഹളാദവും .., ആശ്വാസവും നിറച്ചു .., കാരണം ഇവിടെ എവിടെയോ ഒരു തീരമുണ്ട് .., അതാണ്‌ ഈ പക്ഷികളുടെ സാന്നിദ്ധ്യം ...!

                   തീരത്തോട് അടുക്കുമ്പോഴാണ് .., കൂട്ടമായുള്ള കടൽ കാക്കകളുടെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത് എന്ന് എനിക്കറിയാമായിരുന്നു ..!, ഈ അനന്തമായി പരന്നു കിടക്കുന്ന സമുദ്രത്തിൽ നിന്ന് ഇനിയൊരു രക്ഷ ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല ...!

                        സ്ഥലമറിയാതെ ..., ദിക്കറിയാതെ ...., ഭക്ഷണവും .., ശുദ്ധജലവും ഇല്ലാതെ .., ഈ വീപ്പക്കുള്ളിൽ ഒടുങ്ങുവാനായിരിക്കും ...;,എന്റെ വിധി എന്നാണ് ഞാൻ നിനച്ചിരുന്നത്‌ .., എന്നാൽ പൂർവ്വീകരുടെ അനുഗ്രഹം എന്നെ ആ വിപത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു ..!

                   കണ്ണുകൾക്ക് മീതെ കൈകൾ വെച്ച് .., ഞാൻ ചുറ്റുപാടും ഗഹനമായി നിരീക്ഷിച്ചു ..!, എന്റെ ഊഹം തെറ്റിയല്ല .., അങ്ങകലെ പൊട്ടുപോലെ എന്തോ ഒന്ന് ..!

                അതെ .., അതൊരു കരതന്നെയായിരിക്കണം .., ഞാൻ ഊർജ്ജസ്വലനായി .., തലേന്ന് രാത്രി പെയ്ത മഴയിൽ കുറച്ചു വെള്ളം .., ആ വീപ്പയുടെ ചില ഭാഗങ്ങളിൽ തങ്ങിനിന്നിരുന്നു .., ഞാനത് ശ്രദ്ധാപൂർവ്വം കൈക്കുമ്പിളിൽ കോരിയെടുത്തു കുടിച്ചു ..!, ആ തെളിനീർ ഒരു ഊർജ്ജസ്രോതസ്സായി എന്റെ ശരീരം മുഴുവനും വ്യാപിച്ചു ..!

                    കൈവന്ന ശക്തിയിൽ .., പങ്കായം പോലെയുള്ള ആ വസ്തുവെടുത്തു .., ഞാനാ ബിന്ദു ലക്ഷ്യമാക്കി ആഞ്ഞു  തുഴഞ്ഞു .., കാറ്റ് കടലിൽ  നിന്ന് കരയിലേക്ക് വീശിക്കൊണ്ടിരിക്കുന്നു  ..., ഇപ്പോൾ വേലിയേറ്റം ആണെന്ന് തോന്നുന്നു  ..!

                   ആ കൊച്ചു വീപ്പ എന്നെയും വഹിച്ചു കൊണ്ട് .., തിരമാലകളെ കീറിമുറിച്ച് കരയെ ലക്ഷ്യമാക്കി  പാഞ്ഞു കൊണ്ടിരുന്നു .., കരയടുക്കും തോറും തിരകൾക്ക് ചെറുതായി ശക്തി കൂടുന്നുണ്ട്  അത് പലപ്പോഴും ആ കൊച്ചു വീപ്പയെ അമ്മാനമാടുന്നു ..!

                 അങ്ങകലെ നിന്ന് ഒരു പൊട്ടു പോലെ കണ്ട  ആ തീരം ..; ഇപ്പോൾ എന്റെ കണ്ണുകൾക്ക് വിരുന്നായി  ..; ഒരു പച്ചപ്പു നിറഞ്ഞ ദ്വീപായി രൂപ പരിണാമം പ്രാപിച്ചിരിക്കുന്നു ..!, എത്രയും പെട്ടെന്ന് അങ്ങോട്ട്‌  എത്തിച്ചേരുവാനുള്ള ആവേശത്താൽ .., ഞാൻ കൈമെയ് മറന്ന് തുഴയുകയാണ് .., പലപ്പോഴും കൈകൾ കുഴഞ്ഞു പോകുന്നു വെങ്കിലും .., അല്പം പോലും വിശ്രമിക്കാതെ ഞാൻ  ആ അശ്രാന്ത പരിശ്രമം തുടർന്നു കൊണ്ടേയിരുന്നു ..!

                 അതികഠിനമായ വിശപ്പും .., ദാഹവും എന്നെ അവശനാക്കിത്തീർത്തു .., സൂര്യൻ മറയുവാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു .., രാവിലെ തുടങ്ങിയ എന്റെ പ്രയത്നം ..; അപ്പോഴും അനുസ്യുതം  തുടർന്നുകൊണ്ടേയിരുന്നു ..!, സൂര്യസ്തമയത്തിനു ശേഷം ..; ചിലപ്പോൾ ഒരു പക്ഷേ...,വേലിയിറക്കമായിരിക്കും ..., അങ്ങിനെ സംഭവിച്ചാൽ ...? അതൊരു പക്ഷേ ...തിരമാലകൾ  എന്നേയും .., ഈ വീപ്പയേയും .., ഈ കടലിന്റെ ദിശ അറിയാനാകാത്ത മറ്റേതെങ്കിലും  ദിക്കിലേക്ക്  വലിച്ചു കൊണ്ട് പോകും എന്ന് എനിക്കുറപ്പായിരുന്നു ...!

                   സകല ഈശ്വരൻമാരേയും മനസ്സിലോർത്ത് ഞാൻ ആഞ്ഞു തുഴഞ്ഞു കൊണ്ടിരുന്നു  ...!

അഭിപ്രായങ്ങളൊന്നുമില്ല: