2014, ഏപ്രിൽ 16, ബുധനാഴ്‌ച

                                                         



        സൂര്യൻ ചക്രവാളസീമയിൽ മറഞ്ഞു കഴിഞ്ഞിരിക്കുന്നു .., അസ്തമയ സൂര്യൻ അവശേഷിപ്പിച്ചു പോയ പ്രഭയിൽ വാനമാകെ സ്വർണ്ണവർണ്ണം അണിഞ്ഞു നിൽക്കുന്നു ..., കൈയ്യും .., മെയ്യും കുഴഞ്ഞിട്ടും .., വീണ്ടും ശക്തിയായി തുഴയാൻ ആക്കമിട്ട ഞാൻ ..; ആ ആച്ചലിൽ വീപ്പയോടൊപ്പം തലകീഴായി മറയുകയും ..; കടലിലേക്ക് വീണുപോവുകയും ചെയ്തു ...!

                  പരാക്രമത്തോടെ വെള്ളത്തിൽ നിന്നും മുകളിലേക്ക് കുതിച്ചുയരുവാൻ ശ്രമിച്ച ഞാൻ അതിനുള്ള പരിശ്രമത്തിൽ പെട്ടെന്ന് അത്ഭുതപരതന്ത്രനായിപ്പോയി ..., കാരണം എന്റെ പാദങ്ങൾ ഭൂമിയിൽ സ്പർശിച്ചിരിക്കുന്നു .., ഏകദേശം എന്റെ നെഞ്ചൊപ്പം വെള്ളം മാത്രമേ  അവിടെ ഉണ്ടായിരുന്നുള്ളൂ ..!

                    തീരത്തിന്റെ ഇത്രയും അടുത്ത് ഞാനെത്തിയോ ..? എന്ന അത്ഭുതത്തോടെ ഞാൻ കരയിലേക്ക് നോക്കി ..!അത് അകലെ ഇരുട്ടിന്റെ കരിമ്പടം പുതച്ച ഭീമാകാരമായ ഒരു കോട്ട പോലെ  പരന്നു കിടക്കുന്നു .., ഇവിടെനിന്നും ഏകദേശം ഒന്നര മൈലുകൾ ദൂരം അവിടേക്ക് വരുമെന്ന് ഞാൻ കണക്കു കൂട്ടി ...!

                 ശരീരം ആകെ തളർന്നിരിക്കുന്നുവെങ്കിലും അത് വകവെക്കാതെ ..; കര അടുത്തു കണ്ട ആവേശത്തിൽ ഞാൻ ആ വീപ്പയും വലിച്ച് ആഞ്ഞു നടന്നു ..!, എത്രയും പെട്ടെന്ന് തന്നെ ജീവന്റെ ആ തുരുത്തിൽ എത്തിച്ചേരുവാനുള്ള ആസക്തിയിൽ ..; പലപ്പോഴും ഞാൻ ഓടാൻ ശ്രമിച്ചുവെങ്കിലും .., പാദങ്ങളെ നിലത്തുറപ്പിക്കുവാൻ സാധിക്കാത്ത രീതിയിൽ കുഴിഞ്ഞു പോകുന്ന മണൽത്തരികളും .., വെള്ളവും എന്നെ ആ ഉദ്യമത്തിൽ നിന്നും പിൻതിരിപ്പിച്ചു കൊണ്ടേയിരുന്നു ..,! എങ്കിലും അത് നടത്തത്തോട് കൂടിയുള്ള ഒരു ഓട്ടം തന്നെ ആയിരുന്നു ...!

                 തീരത്തോട് അടുക്കും തോറും വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നതിനാൽ എന്റെ നടത്തത്തിന് അല്ല ഓട്ടത്തിന് വേഗം കൂടിക്കൊണ്ടിരുന്നു ..!

               അവസാനം വിറയ്ക്കുന്ന കാലടികളോടെ ഞാനാ തീരഭൂമിയിലേക്ക് കുഴഞ്ഞു വീണു .. കമിഴ്ന്നു കിടന്നു കൊണ്ട് ഞാനാ മണൽത്തരികളെ ചുംബിച്ചു ..!, ആനന്ദാശ്രുക്കൾ എന്റെ കണ്ണുകളിൽ നിന്നും ധാരയായി പ്രവഹിച്ചു ...!

                  ഒരു പിടി മണൽ നെഞ്ചോടു ചേർത്ത് പിടിച്ച് .., ഈശ്വരൻമാരേയും .., പിതാക്കാൻമാരേയും .., സ്മരിച്ചുകൊണ്ട് ഞാൻ പിറുപിറുത്തു ...!

               '' നിങ്ങൾക്ക് .., നന്ദി .., ഇനിയൊരിക്കലും ഒരു തീരം തൊടുമെന്ന് .., ഞാൻ കരുതിയതല്ലാ ..!, ഈ സാഗരത്തിന്റെ അടിത്തട്ടിൽ അവസാനിക്കും എന്ന് കരുതിയിരുന്ന എന്റെ ജീവിതത്തെ ..; നിങ്ങളുടെ എല്ലാം അനുഗ്രഹത്തോടെ ..; ഇതാ .., ഈ .., ജീവന്റെ തീരത്ത്‌ എത്തി ചേർത്തിരിക്കുന്നു ..!, എന്റെ പ്രാണ പ്രിയയെ വീണ്ടെടുക്കുവാനുള്ള ഈ യാത്രയിൽ ..; ഇനിയും നിങ്ങളുടെ അനുഗ്രഹങ്ങൾ എനിക്ക് കരുത്തായിരിക്കട്ടെ ..!

                   കൈകൾ നിലത്തു കുത്തി ഞാൻ പതുക്കെ എഴുന്നേറ്റിരുന്നു ..!,ചന്ദ്ര പ്രഭ തീരത്ത്‌ നല്ലൊരു പ്രകാശവലയം തീർത്തിട്ടുണ്ടായിരുന്നു ...!, ഞാൻ ചുറ്റിലും ഒരു വിഹഗവീക്ഷണം നടത്തി  .., കടൽ തീരത്തോട് ചേർന്ന് ..; എങ്ങും നിരനിരയായി വളർന്നു നിൽക്കുന്ന മരങ്ങൾ .., ഒരു വശത്ത്‌  കടലിലേക്ക് ചാഞ്ഞു കിടക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങൾ ..!

                  ഞാൻ പ്രതീക്ഷയോടെ വീണ്ടും ചുറ്റിനും നോക്കി .., ഏതെങ്കിലും മുക്കുവ കുടിലുകളോ.., പ്രകാശമോ  കാണുന്നുണ്ടോയെന്ന് ...? , പക്ഷേ .., എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു .., ആ തരത്തിലുള്ള യാതൊന്നും  തന്നെ എനിക്കവിടെയെങ്ങും കാണുവാൻ കഴിഞ്ഞില്ല ..!

                  ഏതായാലും ഈ രാത്രിയിൽ ..; യാതൊരു പരിചയവും ഇല്ലാത്ത ഈ സ്ഥലത്ത്  ചുറ്റിത്തിരിയുന്നത് കൂടുതൽ അപകടമാണെന്ന് എനിക്കറിയാമായിരുന്നു ..!, ലോകത്തിന്റെ ഏത്  മൂലയിലാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നതെന്നോ ...? ഏതു തരത്തിലുള്ള ആളുകളാണ് ഇവിടെ ഉള്ളതെന്നോ  ..,?, അതല്ലാ ഇത് ആൾവാസമില്ലാത്ത ഏതെങ്കിലും ദ്വീപാണോ ..? കാട്ടുമൃഗങ്ങൾ  ഉണ്ടോ ..?, നരഭോജികൾ ഉണ്ടോ ..?എന്നൊന്നും അറിയാതെ ദ്വീപിനുള്ളിലേക്ക് കടക്കുന്നത്‌  ആപത്തിലേക്ക് തലവെച്ചുകൊടുക്കുന്നതിനു തുല്യമാണ് ..!, ആയതിനാൽ ഈ രാത്രി തീരത്തു തന്നെ ചിലവഴിക്കുന്നതായിരിക്കും ഉചിതം  എന്നെനിക്ക് തോന്നി ...!

                       എന്നെ വഹിച്ചുകൊണ്ടുവന്ന ആ വീപ്പയെ .., തീരത്തെ മണൽപ്പരപ്പിലേക്ക് കയറ്റിവെച്ച്  ..; കാല്പാദം കവിഞ്ഞു കിടക്കുന്ന വെള്ളത്തിലൂടെ ..; ഞാൻ അടുത്തുകണ്ട പാറക്കെട്ടിനെ  ലക്ഷ്യമാക്കി നടന്നു ...!

              കരയിലും വെള്ളത്തിലുമായി ചിതറിക്കിടക്കുന്ന ധാരാളം പാറക്കൂട്ടങ്ങൾ .., അല്പം വിസ്ത്രിതി  തോന്നിക്കുന്ന അതിലൊന്നിന്റെ മുകളിലേക്ക് ഞാൻ കയറി .., ഏകദേശം ഇരുപത്തിയഞ്ച്  .., മുപ്പത് അടിയിൽ പരന്നു കിടക്കുന്ന ഒന്നു് ...!.., ചുറ്റിലും കടൽ വെള്ളം .., കുറച്ചു സുരക്ഷിതമെന്ന്  തോന്നിയ ആ സ്ഥലത്ത് ഞാൻ നീണ്ടു നിവർന്നു കിടന്നു ..!

             വിശപ്പും .., ദാഹവുംമൂലം ക്ഷീണിതനായിരുന്ന ഞാൻ അതിവേഗം തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു ....!

അഭിപ്രായങ്ങളൊന്നുമില്ല: