2014, മാർച്ച് 23, ഞായറാഴ്‌ച

                                                 

    ഓളങ്ങളിൽ കിടന്ന് ചാഞ്ചാടുന്നത് പോലെയുള്ളൊരു അനുഭവം .., തല ഉയർത്താനായി ശ്രമിച്ചെങ്കിലും എനിക്കതിനു കഴിയുന്നില്ല ...,  ഏതോ വലിയൊരു ഭാരം കയറ്റിവെച്ചിരിക്കുന്നത് പോലെ ..! കഴുത്തൊന്ന് തിരിക്കുവാൻ സാധിക്കാത്തത്രയും കഠിനമായ വേദന ..!

                 അത്രയും ശക്തമായിരുന്നു എനിക്കേറ്റ ആ താഡനം ..!പതുക്കെ ഞാൻ കൈകൾ കുത്തി എഴുന്നെൽക്കുവൻ ശ്രമിച്ചു ..!, പക്ഷേ .., എന്റെ കൈകൾ രണ്ടും ചേർത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു..., ക്ഷണ നേരത്തിൽ മറ്റൊരു സത്യം കൂടി ഞാൻ തിരിച്ചറിഞ്ഞു .., എന്റെ കാലുകളും ബന്ധസ്ഥമാണെന്ന് ..!

               കൈകാലുകൾ പരസ്പരം ബന്ധിക്കപ്പെട്ട നിസ്സഹായാവസ്ഥയിൽ .., ഒന്ന് ഞരങ്ങുവാൻ പോലും ആകാതെ ഞാൻ കിടന്നു ..!

               എത്ര നേരം അങ്ങിനെ ...?, പക്ഷേ..., അത് തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല .. എന്തെങ്കിലുമൊരു രക്ഷാമാർഗ്ഗം തേടേണ്ടിയിരിക്കുന്നു ..!

                വേദന വകവെക്കാതെ .., കിടന്നുകൊണ്ട് തന്നെ ഞാൻ ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി ..!, ഇരുട്ട് കനം വെച്ചു കിടക്കുന്ന ഒരു കൊച്ചു മുറിയിലാണ് ഞാൻ ..!, പരസ്പര ബന്ധിതങ്ങളായ എന്റെ കാലുകൾ ..; നീളമേറിയ ഒരു ചങ്ങലയാൽ ..; ആ മുറിയുടെ മദ്ധ്യഭാഗത്തുള്ള ഒരു ഇരുമ്പു തൂണിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു ..!

                      ശരീരത്തിന്റെ ചാഞ്ചാട്ടത്തിൽ നിന്നും ..., ഞാൻ കപ്പലിന്റെ അടിത്തട്ടിലുള്ള ഏതോ ഒരു അറയിലാണ് എന്നെനിക്ക് മനസ്സിലായി ...!

                   എന്തിനായിരിക്കും അവർ എന്നെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് ...?, സഹായം അഭ്യർഥിച്ച എന്നെ .., എന്തുകൊണ്ട് അവർ ബന്ധനസ്ഥനാക്കിയിട്ടിരിക്കുന്നു ...?

              എന്തായിരിക്കും അവരുടെ ഉദ്ദേശ്യം ...?, രക്ഷപ്പെടാനായി ശ്രമിച്ചത് മറ്റൊരു ആപത്തിലെക്കായിരുന്നുവോ ..?  എങ്ങൊട്ടെക്കായിരിക്കും ഇവരുടെ യാത്ര ..?

                സംശയങ്ങൾ ഒരുപാടുണ്ട് ....., പക്ഷേ അത് നിവ്രത്തിക്കാനുള്ള മാർഗ്ഗങ്ങൾ ഒന്നുപോലുമില്ല ..!

              ദാഹവും .., വിശപ്പും കൊണ്ട് ഞാൻ തളർന്നു കഴിഞ്ഞിരിക്കുന്നു .., ഒരിറ്റു വെള്ളത്തിനായി എന്റെ ശരീരം കോച്ചിവലിക്കുന്നു ..! കൈകാലുകൾ ഒന്ന് ചലിപ്പിക്കുവാൻ പോലും ആകാത്ത എന്റെ നിസ്സഹായാവസ്ഥയെ ശപിച്ചുകൊണ്ട് ഞാൻ കിടന്നു .., എത്രയോ നേരം ....!

                   ഒരു കരകര ശബ്ദത്തോടെ ആ മുറിയുടെ ഇരുമ്പു വാതിലുകൾ തുറക്കുന്നത് അർദ്ധമയക്കത്തിൽ ഞാൻ അറിഞ്ഞു ...! ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ ചരിഞ്ഞുവീണ എന്റെ മുന്നിലേക്ക് കൈകളിൽ ഒരു പാത്രവുമായി ആജാനുബാഹുവായൊരു മനുഷ്യൻ പ്രവേശിച്ചു ..., കറുത്തിരുണ്ട നിറമുള്ള അയാൾ ഒരു നീഗ്രോ വംശജൻ ആയിരിക്കണം എന്ന് ഞാൻ ഊഹിച്ചു ...!

                   ആ പാത്രത്തിൽ വെള്ളവും ഭക്ഷണവും ആയിരുന്നു ...!എന്റെ മുന്നിലേക്ക് അതയാൾ നീക്കി വെച്ചു ....!

               ബന്ധസ്ഥമായ എന്റെ കൈകൾ ..., ദയനീയമായ ഭാവത്തിൽ ഞാൻ അയാളുടെ മുന്നിൽ ഉയർത്തിക്കാണിച്ചു ..., എന്നാൽ അയാൾ ആ പാത്രങ്ങൾ എന്റെ അടുക്കലേക്ക് ഒന്നുകൂടി നീക്കി വെക്കുകയാണ്  ചെയ്തത് ...!

                തോളിൽ കൈകൾ വെച്ച് നിസ്സഹായതയോടെ അയാൾ എന്റെ മുഖത്തേക്ക് നോക്കി .., ക്രൂരത തോന്നിപ്പിക്കുന്ന  ആ മുഖത്ത് അലിവിന്റെ ഒരു നേർത്ത കണിക ഞാൻ കണ്ടു ...!, ഒന്നും മിണ്ടാതെ അയാൾ  ആ മുറി വിട്ടിറങ്ങി .., അയാൾക്ക്‌ പിന്നിൽ ഒരു ഹുങ്കാരത്തോടെ ആ വാതിലുകൾ ചേർന്നടഞ്ഞു ..!

                  വിശപ്പും .., ദാഹവും .., താങ്ങാനാകാതെ .., ആർത്തി പൂണ്ട ഒരു നായയെപ്പോലെ ഞാനാ പാത്രങ്ങളിലേക്ക് തല പൂഴ്ത്തി ..,രുചി ഭേദം തിരിച്ചറിയാനാകാത്ത എന്തൊക്കെയോ വസ്തുക്കൾ .., വിശപ്പിനു മുന്നിൽ സ്വാദിന്റെ ഏറ്റക്കുറച്ചിലുകൾ ഒന്നുമല്ലാതാകുന്നത് ഞാൻ അറിഞ്ഞു ...

       മണിക്കൂറുകളോ ...?, ദിവസങ്ങളോ ...?, രാവാണോ .., പകലാണോ ..?ഞാൻ ഒന്നുമറിയുന്നില്ല.., എങ്ങും മൂകത കനം വെച്ചു കിടക്കുന്ന ഇരുട്ടു മാത്രം .., ഏകനായി ആ കാരാഗ്രഹത്തിൽ ഞാൻ  കഴിച്ചുകൂട്ടി ...!

                    ഞാൻ ബന്ധസ്ഥനാക്കപ്പെട്ട് ഒന്നോ .., രണ്ടോ ദിവസങ്ങൾ ആണെന്ന് തോന്നുന്നു .., കൃത്യമായി എനിക്കോർക്കാൻ  കഴിയുന്നില്ല ..!, രണ്ടു പേർ വന്ന് .., പരസ്പര ബന്ധിതങ്ങൾ ആയിരുന്ന എന്റെ   കൈകാലുകൾ മോചിതമാക്കി .., പക്ഷേ .., അപ്പോഴും ഒരു കാൽ ..; നീട്ടമുള്ള ഒരു ചങ്ങലകൊണ്ട് ആ  തൂണിൻ മേൽ ബന്ധിച്ചിരുന്നു ...! എങ്കിലും അതൊരു വലിയ ആശ്വാസമാണ് എനിക്ക് പ്രധാനം ചെയ്തത് ..!

                      പ്രാഥമിക ആവശ്യങ്ങൾ നിവ്രത്തിക്കുന്നതിനായി .., ആ മുറിയുടെ ഒരു കോണിൽ തനതായ ഒരു സ്ഥലം സജ്ജീകരിച്ചിരുന്നു ...!.., ചങ്ങലയുടെ നീട്ടം ആ മുറിയുടെ വിസ്തൃതിക്കനുസരണമായാണ് ക്രമീകരിച്ചിരിക്കുന്നത് ...!

                     ഭക്ഷണവും .., വെള്ളവും ദിവസത്തിൽ രണ്ടു നേരം എനിക്ക് ലഭ്യമായിരുന്നു .., പുഴുക്ക് പോലെയുള്ള എന്തോ ഒരു സാധനം ..., എങ്കിലും ഞാനത് വാരിവലിച്ചു തിന്നു ...!, കാരണം എനിക്ക് ജീവൻ നില നിറുത്തണം .., എനിക്കൊരു ലക്ഷ്യമുണ്ട് .., എന്റെ സീതയെ വീണ്ടെടുക്കണം .., എന്റെ പ്രതിജ്ഞ നിറവേറ്റണം ...!

                      എനിക്ക് ഭക്ഷണം കൊണ്ട് വരുന്നവരെല്ലാം തന്നെ ആജാനുബാഹുക്കളായ നീഗ്രോകൾ ആയിരുന്നു ...!എല്ലാ മുഖങ്ങളിലും ഒരേ തരത്തിലുള്ള നിസ്സംഗത നിഴലിച്ചിരുന്നു..! എന്റെ ആംഗ്യ  രൂപത്തിലുള്ള അപേക്ഷകൾക്കും .., ചോദ്യങ്ങൾക്കും .., യാതൊരു വിധ ഉത്തരങ്ങളും  .., എനിക്കവരിൽ നിന്നും ലഭിച്ചില്ല ..!

                 പലപ്പോഴും എന്റെ ചോദ്യങ്ങൾ ആ മുഖങ്ങളിൽ ഭയപ്പാട് ഉളവാക്കുന്നത് എനിക്ക് കാണാമായിരുന്നു  .., അവരെല്ലാവരും ആരെയോ ഭയപ്പെടുന്നു ...!

               അന്നൊരു ദിവസം .., സാധാരണ വരാറുള്ള നീഗ്രോകൾക്ക് പകരം അന്ന് വെള്ളക്കാരാണ് എത്തിയത് ..., ഈ കപ്പലിൽ എത്തിപ്പെട്ടതിനു ശേഷം .., അന്നാണ് ഞാൻ ആദ്യമായി വെള്ളക്കാരെ കാണുന്നത് ...!.., നീളമുള്ള കൂർത്ത തൊപ്പികൾ ധരിച്ച അവർ നാലുപേരും ആയുധധാരികൾ ആയിരുന്നു ..!

            എന്നെ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് അവർ കപ്പലിന്റെ മുകൾത്തട്ടിലേക്ക് കൊണ്ടുപോയി ...!

അഭിപ്രായങ്ങളൊന്നുമില്ല: